ഷീല സണ്ണി: വ്യാജ ലഹരിമരുന്നു കേസിൽ നീണ്ട ജയിൽവാസവും കണ്ണീരും മറികടന്ന് ജീവിതത്തിലേക്ക്
Mail This Article
ഷീ സ്റ്റൈൽ’. തന്റെ ബ്യൂട്ടി പാർലറിന്റെ പേരു പോലെ അവർ സ്റ്റൈലായിത്തന്നെ തിരിച്ചെത്തി. വ്യാജ ലഹരിമരുന്നുകേസിൽ കുടുക്കിയതിന്റെ പേരിൽ ചാലക്കുടിയിലെ ഷീലാ സണ്ണി എന്ന ബ്യൂട്ടി പാർലർ ഉടമയ്ക്ക് ജയിലിൽ നഷ്ടപ്പെടുത്തേണ്ടി വന്നത് 72 ദിവസം. സാമ്പത്തിക പ്രതിസന്ധിയും കടബാധ്യതകളും മറികടക്കാൻ ഇറ്റലിയിലേക്കു പോകാനിരിക്കെയാണു ഷീലയ്ക്കു ജയിലിലേക്കു പോകേണ്ടി വരുന്നത്. സങ്കടനാളുകൾ മറികടന്നു ജീവിതത്തിലേക്കും ജോലിയിലേക്കും തിരികെ വന്നുകൊണ്ടിരിക്കുന്ന അവർ തന്റെ പ്രതിസന്ധിഘട്ടങ്ങളും അതിജീവന നാളുകളും ഓർത്തെടുക്കുന്നു.
പാർലറിൽ നിന്ന് ജയിലിലേക്ക്
ബ്യൂട്ടിപാർലർ നടത്തി ജീവിച്ചുകൊണ്ടിരുന്ന എനിക്ക് ആ സാഹചര്യം ഊഹിക്കാവുന്നതിനും അപ്പുറമായിരുന്നു. രഹസ്യവിവരം കിട്ടി പാർലറിൽ അന്വേഷണത്തിന് വന്നതാണെന്നു പറഞ്ഞ് എക്സൈസ് എത്തിയപ്പോഴും ഞാൻ കൂൾ ആയിരുന്നു. ഒന്നും ചെയ്തിട്ടില്ല എന്ന ഉറപ്പ് എനിക്കുണ്ടായിരുന്നു. അവരെന്റെ ബാഗ് പരിശോധിച്ച് കടലാസു കഷണം പോലൊരു സാധനം കണ്ടെടുത്തപ്പോഴും അതെന്താണെന്ന് എനിക്കു മനസ്സിലായില്ല. എന്താണ് ഒരു വികാരവുമില്ലാതെ നിൽക്കുന്നതെന്നു പൊലീസുകാർ ചോദിച്ചപ്പോഴും എനിക്കാ സംഭവത്തിന്റെ തീവ്രത അറിയില്ലായിരുന്നു.
പാർലറിന്റെ പേരു കളയാൻ ആരോ എന്തോ ചെയ്തു എന്നാണു ജയിലിലെത്തുംവരെ കരുതിയിരുന്നത്. ജയിലിലെത്തിയ ശേഷം മറ്റുള്ളവർ പറഞ്ഞപ്പോഴാണു കാര്യങ്ങൾ എത്രയോ സീരിയസ് ആണെന്നു മനസ്സിലായത്. മരവിച്ച അവസ്ഥയിലായിരുന്നു ജയിലിലെത്തിയ ദിവസം. പിറ്റേന്നു രാവിലെ സെല്ലിന്റെ മുൻപിൽ ഒരു സ്ത്രീ കുഞ്ഞിനെ ഉറക്കുന്നതു കണ്ടപ്പോൾ മകളെയും കുഞ്ഞിനെയും ഓർത്തു. എന്റെ മകൾ അപ്പോൾ 5 മാസം ഗർഭിണിയാണ്. അവളെയും ഒന്നര മാസം പ്രായമുള്ള മൂത്ത കുട്ടിയെയും നോക്കാൻ ഞാൻ മാത്രമാണ് ഉണ്ടായിരുന്നത്. അതോർത്തപ്പോൾ ഞാൻ കുറെനേരം പൊട്ടിക്കരഞ്ഞു.
പിന്നീട് കരച്ചിലിന്റെ നാളുകളായിരുന്നു. ആദ്യത്തെ ഒരാഴ്ച ശരിക്കും ഡിപ്രഷൻ സ്റ്റേജിലായിരുന്നു. ജയിലിൽ നിന്നു പുറത്തുവരാൻ പറ്റില്ലെന്ന ചിന്തയിൽ ജീവനൊടുക്കാൻ വരെ തോന്നി. പിന്നീട്, ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല എന്ന ബോധ്യവും പ്രാർഥനയും എന്നെ കൂടുതൽ ബോൾഡാക്കി. എന്തും വരട്ടെ എന്ന നിലപാടിലാണു പിന്നീടുള്ള ദിവസങ്ങൾ കഴിച്ചുകൂട്ടിയത്. സഹതടവുകാരെല്ലാം നല്ല രീതിയിലാണു പെരുമാറിയത്. കുറെപ്പേർ എന്നെ ആശ്വസിപ്പിക്കുമായിരുന്നു. അവിടെ രണ്ടുമൂന്നു കുഞ്ഞുങ്ങളുണ്ടായിരുന്നു. അവരെ കാണുമ്പോൾ എന്റെ മകളുടെ കുഞ്ഞിനെ ഓർമ വരും. കുട്ടികളെ കളിപ്പിക്കുകയും ഉറക്കുകയും ഒക്കെ ചെയ്യുന്നതിലൂടെ ആശ്വാസം കണ്ടെത്തിയിരുന്നു.
എന്തിന്
അറസ്റ്റ് നടക്കുമ്പോൾ മകന്റെ കല്യാണം കഴിഞ്ഞ് ഒന്നര വർഷമേ ആയിട്ടുണ്ടായിരുന്നുള്ളൂ. ആ സമയം വരെ ഒരു കുടുംബ പ്രശ്നങ്ങളും ഉണ്ടായിട്ടില്ല. പിന്നെ എന്തിനാണ് എന്നോട് ഇതു ചെയ്തതെന്ന് ഇപ്പോഴും എനിക്കറിയില്ല. എന്റെ ബന്ധുവായ ആളാണ് പ്രതിസ്ഥാനത്തെന്നറിഞ്ഞപ്പോഴും പിന്നീട് കേസിന്റെ ഓരോ പുരോഗതികൾ അറിയുമ്പോഴും അത്ഭുതമാണ് തോന്നുന്നത്. ഞാൻ ആരോടും വഴക്കിനു പോകാത്ത വ്യക്തിയാണ്.
ഒന്നുകിൽ വീട്ടിൽനിന്ന് അകറ്റാനോ അല്ലെങ്കിൽ ഇറ്റലിയിലേക്കു പോകുന്നത് തടയാനോ ആയിരിക്കാം ഇങ്ങനെ ചെയ്തതെന്നു തോന്നുന്നു. അതിനും ഉറപ്പൊന്നുമില്ല. എന്റെ പേരിൽ സ്വത്തോ മറ്റോ ഉണ്ടായിരുന്നെങ്കിൽ അതിനാണെന്നെങ്കിലും കരുതാമായിരുന്നു. ഇപ്പോൾ, കേസുമായി ബന്ധപ്പെട്ടു മാധ്യമങ്ങളിൽ ഒരാളുടെകൂടി പേരു കാണുന്നു. ആ പേരു പോലും ഞാനിതുവരെ കേട്ടിട്ടില്ല. ഇങ്ങനെ ഓരോ വാർത്തകൾ വരുന്നു എന്നല്ലാതെ എനിക്ക് ഒന്നും മനസ്സിലാകുന്നില്ല.
വീട്ടുകാരുടെ പിന്തുണ
കുടുംബത്തിന്റെ പിന്തുണ ഇല്ലായിരുന്നെങ്കിൽ ഞാൻ ഇന്നിവിടെ നിൽക്കില്ലായിരുന്നു. ആദ്യം മുതൽ അവരെന്റെ കൂടെത്തന്നെയുണ്ടായിരുന്നു. മിക്ക ദിവസങ്ങളിലും ഭർത്താവും മരുമകനും എന്നെ കാണാൻ വന്നിരുന്നു. അവരെന്നെ സമാധാനിപ്പിക്കും. അവർ തന്ന ധൈര്യമാണ് എന്നെ മറ്റു ചിന്തകളിൽ നിന്നകറ്റി ജീവിക്കാൻ പ്രേരിപ്പിച്ചത്. നാട്ടുകാരിൽ, എന്നെ അറിയാവുന്ന ആളുകളാരും ഈ നിമിഷം വരെ കുറ്റപ്പെടുത്തിയിട്ടില്ല. ടെസ്റ്റിന്റെ റിസൽട്ട് വന്നപ്പോഴും, അങ്ങനെതന്നെ ആകും എന്നറിയാമായിരുന്നെന്നു പറഞ്ഞ ധാരാളം പേരുണ്ട്. ഞങ്ങൾ കാശു കൊടുത്തു കേസ് അട്ടിമറിച്ചതാണെന്നു പറയുന്ന ചിലരൊക്കെയുണ്ട്. കേസ് നടത്താൻ പോലും കാശില്ലാതെ എങ്ങനെ അട്ടിമറി നടത്താനാണ്?. കേസ് നടത്തിയതു തന്നെ പാർലറിലുണ്ടായിരുന്ന സാധനങ്ങൾ വിറ്റിട്ടാണ്.
വീണ്ടും ജീവിതത്തിലേക്ക്
72–ാം ദിവസം ജാമ്യം കിട്ടിയപ്പോൾ മകളുടെ പ്രസവം അടുത്തിരുന്നു. മകളെയും കുഞ്ഞിനെയും നോക്കുന്നതു കൊണ്ടു തന്നെ പ്രയാസങ്ങളിൽ നിന്ന് ഒരു പരിധി വരെ വിട്ടുനിൽക്കാനായി. ഇതിനിടയ്ക്കാണ് ലഹരി പരിശോധനാഫലം നെഗറ്റീവ് ആയതും കുറ്റവിമുക്തയാക്കപ്പെട്ടതും. പിന്നീട് എല്ലാറ്റിനും ഊർജം ലഭിച്ചു. എന്റെ അവസ്ഥ മാധ്യമങ്ങളിലൂടെ അറിഞ്ഞ് മലപ്പുറം കൽപകഞ്ചേരിയിലുള്ള ‘തണൽ’ എന്ന സംഘടനയാണു പാർലർ പുനരാരംഭിക്കാനുള്ള സാമ്പത്തിക സഹായം നൽകിയത്. ആദ്യ പാർലർ നടത്തിയിരുന്ന അതേ കെട്ടിടത്തിൽ തന്നെയാണ് ഇപ്പോഴും പ്രവർത്തിക്കുന്നത്. ബിസിനസ് പഴയ അത്രയും തന്നെ ഇല്ലെങ്കിലും പിന്തുണ ലഭിക്കുന്നുണ്ട്. അത് ദിവസം പ്രതി കൂടി വരുന്നുണ്ടെന്നുള്ളതും സന്തോഷം തരുന്നു. പാർലറിൽ നിന്നു കിട്ടുന്ന പണം ചെലവിനു മാത്രം തികയൂ. ജയിലിൽ പോകുന്നതിനു മുൻപു മുതലുള്ള ബാധ്യതകൾ തീർക്കാനുണ്ട്. അവയൊക്കെ തീർക്കണമെങ്കിൽ ഇറ്റലിയിൽ പോയേ പറ്റൂ. അതിനും വേണം 7 ലക്ഷത്തോളം രൂപ.