പൂനൂർ ജീവിതവും ഉപ്പയുടെ ഹജ്ജും
Mail This Article
ഉപ്പ 1950ൽ ആണ് മരണപ്പെടുന്നത്. എന്റെ പതിനൊന്നാം വയസ്സിൽ. കുറച്ചുദിവസം അസുഖബാധിതനായി കിടന്നിരുന്നു. തന്റെ കാലശേഷം മക്കളെ എങ്ങനെ വളർത്തും എന്ന ആശങ്ക ആ സമയങ്ങളിൽ ഉപ്പയെ വലിയതോതിൽ അലട്ടിയിരുന്നതായി ഉമ്മയ്ക്കു തോന്നിയിട്ടുണ്ട്. അവസാനദിവസങ്ങളിലൊന്നിൽ ഉപ്പ നേരിട്ടുതന്നെ ഉമ്മയോട് ഇതു ചോദിക്കുകയും ചെയ്തു: ‘കുട്ടികളെ നീ എങ്ങനെ പോറ്റും?’. ‘ഞാനവരെ കിതാബോതാനയച്ചു മൊയ്‌ല്യാരാക്കി വളർത്തിക്കോളും’ (മതപഠനത്തിനയച്ച് പണ്ഡിതരാക്കി വളർത്തും) എന്നു പറഞ്ഞാണത്രെ ഉപ്പയെ ഉമ്മ ആശ്വസിപ്പിച്ചത്.
-
Also Read
വേദനയായി ഭൂമിയിലെ അവകാശങ്ങൾ
ഉപ്പയുടെ ആശങ്കയ്ക്ക് ഒരു പ്രധാന കാരണം ഉണ്ടായിരുന്നു. ഞങ്ങൾ താമസിക്കുന്ന പുരയിടവും ചുറ്റുമുള്ള രണ്ടേക്കർ സ്ഥലവും ഉപ്പ വർഷങ്ങൾക്കുമുൻപു ജന്മിയിൽനിന്നു വിലകൊടുത്തു വാങ്ങിയതാണ്. പക്ഷേ, നാട്ടുനടപ്പ് അനുസരിക്കണമെന്ന നിബന്ധനകാരണം അതിൽനിന്നുള്ള ആദായം എടുക്കാൻ അനുമതി നൽകിയിരുന്നില്ല. ഞാനൊക്കെ ജനിക്കുന്നതിനു വളരെ മുൻപായിരുന്നു ആ കച്ചവടം.
ഹജ്ജിനുപോകാൻ അതിയായ ആഗ്രഹം ഉണ്ടായിരുന്ന ഉപ്പ മങ്ങാട്ട് സ്വന്തമായി ഉണ്ടായിരുന്ന വീടും സ്ഥലവും 800 രൂപയ്ക്കു വിറ്റു. ഇപ്പോഴത്തെ കൊയിലാണ്ടി താലൂക്കിന്റെ ഭാഗമായ പഴയ കുറുമ്പ്രനാട് താലൂക്കിലെ ശിവപുരം അംശം മങ്ങാട് ദേശത്തെ രാമച്ചംപറമ്പത്തെ ജന്മിയുടെ കാര്യസ്ഥൻ ആയിരുന്നു ഉപ്പ മൗത്താരിയിൽ അഹമ്മദ്. ഉപ്പ കല്യാണം കഴിച്ചതും മങ്ങാട്ടുനിന്നുതന്നെ. ഖുർആൻ അധ്യാപകനായ കുട്ടൂസമൊല്ലയുടെ മകൾ കെ.എം. പറമ്പിൽ കുഞ്ഞീമയെ.
-
Also Read
ഭൂപരിഷ്കരണവും വിമോചന സമരവും
1920കളുടെ അവസാനം ഏറനാട്ടിൽനിന്നു ധാരാളം ആളുകൾ പൂനൂർ ഭാഗങ്ങളിലേക്ക് കുടിയേറിയിരുന്നു. ബ്രിട്ടിഷുകാർക്കെതിരെ അക്കാലത്തു ശക്തമായ പോരാട്ടങ്ങൾ നടന്ന പ്രദേശങ്ങളായിരുന്നു കൊടുവള്ളിയോടു ചേർന്ന പുത്തൂർ, മലയമ്മ, കരീറ്റിപ്പറമ്പ്, കട്ടാങ്ങൽ തുടങ്ങിയവ. ഏറനാടിന്റെ അതിർത്തിയോടു ചേർന്നുനിൽക്കുന്ന പ്രദേശങ്ങൾ എന്ന നിലയിലും ബ്രിട്ടിഷുകാരെ സംബന്ധിച്ച് തന്ത്രപ്രധാനമായ സ്ഥലമായിരന്നു ഇത്. അതുകൊണ്ടുതന്നെ പട്ടാളത്തിന്റെ സാന്നിധ്യവും നിരീക്ഷണവും ശക്തമായിരുന്നു.
ഏറനാട്ടിലെ പരാജയങ്ങൾക്കു പകരംവീട്ടാൻ വലിയ തോതിലുള്ള അതിക്രമങ്ങളാണു ബ്രിട്ടിഷുകാർ ഇവിടെ അഴിച്ചുവിട്ടത്. വീടുകൾ വ്യാപകമായി തീയിട്ടുനശിപ്പിച്ചു. ബ്രിട്ടിഷുകാർക്ക് വലിയ തലവേദന ഉണ്ടാക്കിയ പോരാട്ടങ്ങൾക്കു കാരണക്കാരൻ എന്നുപറഞ്ഞു പാലാക്കാംതൊടിക അബൂബക്കർ മുസല്യാരെ പിടിച്ചുകൊണ്ടുപോയി വെല്ലൂർ സെൻട്രൽ ജയിലിൽ അടച്ചു. ഇതൊക്കെ ഏകോപിപ്പിക്കാൻ കൊടുവള്ളിയിൽ അക്കാലത്ത് ബ്രിട്ടിഷ് സൈന്യത്തിന്റെയും അധികാരികളുടെയും വലിയൊരു ഓഫിസ് തന്നെ പ്രവർത്തിച്ചിരുന്നു.
-
Also Read
സൗദി മലയാളികളും ഊഷ്മള വരവേൽപും
പൂനൂരിലെ കുറച്ചുകൂടി മെച്ചപ്പെട്ടതും സമാധാനപൂർണവുമായ സാമൂഹികാന്തരീക്ഷം ആയിരിക്കണം ഇങ്ങോട്ടേക്ക് ആളുകളെ ധാരാളം ആകർഷിച്ചത്. പൂനൂർ എസ്റ്റേറ്റിലെ ജോലിസാധ്യതകൾ ആയിരുന്നു മറ്റൊരു ഘടകം. എഫ്.ജെ. ഫെർഗ്യൂസൻ എന്നുപേരുള്ള ഒരു സായ്പിന്റെ ഉടമസ്ഥതയിൽ ഒരു ജർമൻ കമ്പനിയുടേതായിരുന്നു പൂനൂർ എസ്റ്റേറ്റ്. സാമൂതിരിയുടെ താൽപര്യപ്രകാരം നായർ തറവാട്ടുകാർ ജർമൻകാർക്കു പാട്ടത്തിനു നൽകിയതാണ്. ഫെർഗ്യൂസൻ സായിപ്പിനു കോഴിക്കോട്ടും വയനാട്ടിലും നീലഗിരിയിലുമെല്ലാം പ്ലാന്റേഷൻ ഉണ്ടായിരുന്നു.
കേരളത്തിലെ തന്നെ ആദ്യത്തെ റബർ എസ്റ്റേറ്റുകളിലൊന്നാണു പൂനൂരിലേത്. അന്നു വലിയ ഡിമാൻഡ് ഉണ്ടായിരുന്ന ഇനം റബർ ഇതായിരുന്നുവെന്നാണു പറയപ്പെടുന്നത്. ഇന്ത്യയിലെ റബർ പ്ലാന്റേഷൻ വ്യാപനത്തിന്റെ പ്രധാന നാഴികക്കല്ലുകളിൽ ഒന്നായി 1886ൽ തുടങ്ങിയ പൂനൂർ എസ്റ്റേറ്റിനെ കണക്കാക്കാറുണ്ട്. രണ്ടാം ലോകയുദ്ധം വരെ ഈ നിലതുടർന്നു. യുദ്ധത്തിൽ ജർമനി പരാജയപ്പെട്ടതോടെ കമ്പനി ആലപ്പുഴയിലെ എ.വി.ടി. ഏറ്റെടുത്തു. 1990ൽ തൊഴിലാളികൾക്ക് സ്ഥലം ഭാഗിച്ചുകൊടുത്താണ് എ.വി.ടി. പ്രവർത്തനം അവസാനിപ്പിച്ചത്. ഞങ്ങളുടെ അയൽവാസികളിലും കുടുംബങ്ങളിലുംപെട്ട ധാരാളം പേർ എസ്റ്റേറ്റ് തൊഴിലാളികൾ ആയിരുന്നു. അവിടെനിന്നു പുലർച്ചെ അഞ്ചരയ്ക്കു മുഴങ്ങുന്ന അലാം നീണ്ടകാലം പൂനൂർക്കാരുടെ നിത്യജീവിതത്തിന്റെ ഭാഗമായിരുന്നു.
-
Also Read
ജയിൽവാസവും വാർത്തകളും
ഞങ്ങളുടെ പ്രദേശത്തുനിന്ന് ആദ്യമായി ഹജ്ജിനുപോയ ഒരാളാണ് ഉപ്പ. ഉറ്റ സുഹൃത്തും പണ്ഡിതനുമായ രാമനാട്ടുകര ഐക്കരപ്പടി സ്വദേശി കുഞ്ഞമ്മുട്ടി എന്ന കുഞ്ഞഹമ്മദ് മുസല്യാരെയും ഒപ്പം കൂട്ടി. യാത്ര പുറപ്പെടാനൊരുങ്ങുന്നതിനിടെയാണ് നാട്ടുകാരനായ പണിക്കരക്കണ്ടി അഹമ്മദ്ക്ക തന്നെയും കൂട്ടാമോ എന്നു ചോദിച്ചുവരുന്നത്. ഉപ്പ സമ്മതിച്ചു. അവർ മൂന്നുപേരും ചേർന്നായിരുന്നു യാത്ര. ആദ്യം ബോംബെയിലേക്കും അവിടുന്ന് ജിദ്ദയിലേക്കു കപ്പലിലും. ആറുമാസം കഴിഞ്ഞാണ് അവർ തിരിച്ചുവന്നതെന്ന് ഉമ്മ പറഞ്ഞുകേട്ടിട്ടുണ്ട്. തിരിച്ചുവരും എന്നൊരുറപ്പുമില്ലാത്ത യാത്ര. മൂന്നുപേരുടെയും യാത്രയ്ക്കു മൊത്തം ചെലവായത് 400 രൂപ.
ഉപ്പയായിരുന്നു എല്ലാ ചെലവും വഹിച്ചത്. 1926ലെ ആ യാത്രയിൽ കുഞ്ഞമ്മുട്ടി മുസല്യാരുടെയും ഉപ്പയുടെയും പരിശ്രമത്തിൽ മക്കയിലെ മലയാളികളുടെ ഒരു യോഗം വിളിച്ചുചേർത്തു. കുഞ്ഞമ്മുട്ടി മുസല്യാരായിരുന്നു യോഗാധ്യക്ഷൻ. മലബാർ സമരകാലത്ത് മക്കയിലേക്കുപോയി അവിടെ സ്ഥിരതാമസമാക്കിയ ധാരാളം ആളുകളുണ്ടായിരുന്നു. മലബാറിൽനിന്നുള്ള മുതഅല്ലിമീങ്ങൾക്കും (മതവിദ്യാർഥികൾ) ഹജ്ജിനു വരുന്നവർക്കും താമസിക്കാൻ അനുയോജ്യമായ കെട്ടിടങ്ങളോ മറ്റു സൗകര്യങ്ങളോ ഇല്ലാത്തതു കാരണം അനുഭവിക്കേണ്ടിവരുന്ന പ്രയാസങ്ങളെക്കുറിച്ചു ചർച്ച ചെയ്യാനും പരിഹാരം കാണുന്നതിനും വേണ്ടിയായിരുന്നു ആ യോഗം.
ലോകത്തെ വിവിധ ഭാഗങ്ങളിൽനിന്നെത്തുന്നവർക്ക് അവരുടെ നാടിന്റെ പേരിൽ അറിയപ്പെടുന്ന മുസാഫർഖാനകൾ (സത്രങ്ങൾ) മക്കയിലുണ്ട്. അത്തരത്തിലൊന്ന് മലബാറിന്റെ പേരിലും സ്ഥാപിക്കുകയും മലയാളി ഹാജിമാർക്ക് ഹജ്ജിന്റെ അമലുകൾ (കർമങ്ങൾ) പഠിക്കാനുള്ള സൗകര്യം ഏർപ്പെടുത്തുകയുമായിരുന്നു യോഗത്തിന്റെ അജൻഡ. ആ യോഗത്തിൽവച്ചുതന്നെ കുഞ്ഞമ്മുട്ടി മുസല്യാർ റഈസുൽ മജ്‌ലിസ് (പ്രസിഡന്റ്) ആയി ജംഇയ്യത്തുൽ മലബാരിയ്യയും അദ്ദേഹം തന്നെ നാസിറുൽ മജ്‌ലിസ് (മാനേജർ) ആയി മദ്റസത്തുൽ മലബാരിയ്യയും സ്ഥാപിച്ചു. ഹറമിനു സമീപം ഹജ്ജിന്റെ അനുഷ്ഠാനങ്ങൾ പഠിപ്പിക്കുന്ന ഒരു ദർസും (മതപാഠശാല) മുസഫർഖാനയും ഉൾക്കൊള്ളുന്നതായിരുന്നു മദ്റസത്തുൽ മലബാരിയ്യ.
-
Also Read
ജയിലും പിന്നെ ജാമ്യവും
തുടക്കകാലത്തുതന്നെ പെൺകുട്ടികൾക്കുവേണ്ടിയുള്ള ഒരു മദ്രസയും ജംഇയ്യത്തുൽ മലബാരിയ്യ ആരംഭിച്ചതായി കേട്ടിട്ടുണ്ട്. ഹജ്ജിന്റെ ചുമതല സൗദി ഹറംകാര്യവകുപ്പ് ഏറ്റെടുത്തതോടെ ഈവക സ്ഥാപനങ്ങളെല്ലാം അപ്രസക്തമായി. എന്നിരുന്നാലും ഒരു നൂറ്റാണ്ടോളം മുൻപ് ഇങ്ങനെയൊരു സ്ഥാപനം തുടങ്ങാൻ സന്നദ്ധത കാണിച്ച കുഞ്ഞമ്മുട്ടി മുസല്യാരുടെയും ഉപ്പയുടെയും ദീർഘവീക്ഷണവും സേവനസന്നദ്ധതയും അപാരംതന്നെ. തിരിച്ചുവന്നശേഷം ഈ സ്ഥാപനങ്ങളുടെ നടത്തിപ്പിന് നാട്ടിൽ ഒരു കമ്മിറ്റി രൂപീകരിക്കുകയും മക്കയിലേക്കു സഹായങ്ങൾ എത്തിച്ചുകൊടുക്കുകയും ചെയ്തുകൊണ്ടിരുന്നു. ഈ ആവശ്യം വിശദീകരിച്ച് നാട്ടിൽ ധാരാളം നോട്ടിസുകൾ അച്ചടിച്ചു വിതരണം നടത്തുകയും ചെയ്തു.
നാട്ടിൽനിന്നെത്തുന്ന സമ്പന്നരായ ഹാജിമാരും ഈ സംരംഭത്തെ വലിയതോതിൽ സഹായിച്ചു. ആദ്യകാലത്തെ പല ഹജ് യാത്രാവിവരണങ്ങളിലും ഹജ്ജിനു പോയിവരുന്നവർ പറയുന്ന അനുഭവകഥകളിലും മദ്റസത്തുൽ മലബാരിയ്യയെക്കുറിച്ച് വായിക്കുകയും കേൾക്കുകയും ചെയ്തിട്ടുണ്ട്. സ്വന്തമായി താമസച്ചെലവുകൾ താങ്ങാൻ കഴിയാത്തവർക്ക് ജംഇയ്യത്തുൽ മലബാരിയ്യയുടെ മുസാഫർഖാനകളായിരുന്നു ഒരുകാലത്തെ അഭയം. തിരിച്ചുവന്നപ്പോൾ ബാക്കിയുണ്ടായിരുന്ന 200 രൂപയും മറ്റും കൂട്ടിച്ചേർത്താണ് കാന്തപുരത്തെ സ്ഥലം വാങ്ങുന്നത്. 1927ലായിരുന്നു അതെന്നാണ് അയൽവാസിയും ഉപ്പയുടെ കൂട്ടുകാരനുമായിരുന്ന തറുവൈക്ക പറഞ്ഞുതന്നത്. 800 രൂപയ്ക്ക് അഞ്ചും ആറും ഏക്കർ കിട്ടുന്ന കാലമാണ്. കാന്തപുരത്തെ രണ്ടേക്കറിനു പക്ഷേ, 800 രൂപയാണ് ജന്മി വില നിശ്ചയിച്ചത്.
-
Also Read
സൈനബ എന്ന കരുത്ത്
ധാരാളം തെങ്ങും കമുകും മാവുമുള്ള, വളക്കൂറുള്ള സ്ഥലമായിരുന്നു കാന്തപുരത്തേത്. അതുകൂടി കണക്കാക്കിയുള്ള വലിയ വില ഈടാക്കിയാണ് ജന്മി സ്ഥലം വിറ്റത്. അവിടെ കളിമണ്ണ് ഉരുട്ടി ഉണക്കിയെടുത്ത് ഉണ്ടാക്കുന്ന കട്ട ഉപയോഗിച്ചു നിർമിച്ച രണ്ടു മുറികളുള്ള ഓലവീടായിരുന്നു ഞങ്ങളുടേത്. അക്കാലത്ത് സമൃദ്ധമായി കിട്ടിയിരുന്ന മുളയും കമുകിൻതടിയും ഉപയോഗിച്ചായിരുന്നു നിലം ഒരുക്കിയിരുന്നത്. ഉറപ്പുള്ള മണ്ണായതുകൊണ്ട് അതു മതിയായിരുന്നു. ചെറിയൊരു ഉമ്മറപ്പടിയും ചായ്ച്ചുകെട്ടിയ ഒരു അടുക്കളയും. ഏറ്റവും മൂത്ത ജ്യേഷ്ഠനും ജ്യേഷ്ഠത്തിയും ഒഴികെ ബാക്കി മൂന്നു കുട്ടികളും ജനിച്ചത് ഈ വീട്ടിലായിരുന്നു. മൂത്ത ജ്യേഷ്ഠൻ എന്റെയൊക്കെ ജനനത്തിനു വർഷങ്ങൾക്കുമുൻപേ മരിച്ചു. ഗർഭത്തിലായിരിക്കെ രണ്ടാമത്തെ സഹോദരിയും പോയി. മൂന്നാമത്തേത് ജ്യേഷ്ഠൻ മുഹമ്മദ്, പിന്നെ ഞാൻ. ഏറ്റവും ഇളയവൾ ഖദീജയും.
കഠിനാധ്വാനി ആയിരുന്നു ഉപ്പ. കാര്യസ്ഥൻ പണിക്കുപുറമേ പാട്ടം വ്യവസ്ഥയിൽ കൃഷിയിറക്കും. കൃഷിസ്ഥലത്ത് ജോലിക്കാരോടൊപ്പം പണിയെടുക്കും. ഒഴിവുദിവസങ്ങളിൽ ചിലപ്പോൾ പുറംപണിക്കും പോകും. ഇത്രയൊക്കെ ചെയ്താലും ഞെങ്ങി ഞെരുങ്ങിയുള്ള ജീവിതം. തേങ്ങയരച്ചുള്ള കറി വച്ച ദിവസങ്ങളാണ് വീട്ടിലെ വലിയ സന്തോഷങ്ങളിലൊന്ന്. വീട്ടിനരികിൽ നിറയെ കുലച്ച തെങ്ങുകളുണ്ട്. അതിലെ പണികളെല്ലാം ഉപ്പ തന്നെയാണ് നടത്തുന്നത്. പറഞ്ഞിട്ടെന്തുകാര്യം, വിളവെടുക്കാൻ നേരം ജന്മിയുടെ പണിക്കാർവന്ന് അതെല്ലാം പറിച്ചു കളപ്പുരയിലേക്കു കടത്തും.
ഉപ്പ കടയിൽപോയി വാങ്ങിക്കൊണ്ടുവരുന്ന തേങ്ങയാണ് വീട്ടിൽ ഉപയോഗിക്കുക. അനുവദനീയമല്ലാത്ത ഒന്നും കുടുംബത്തെ ഭക്ഷിപ്പിക്കില്ല എന്നത് ഉപ്പയുടെ നിർബന്ധമായിരുന്നു. ഈ പെടാപ്പാടുകൾ കണ്ട്, ‘നിങ്ങളെന്തിനാണ് കഷ്ടപ്പെടുന്നത്, റൊക്കം കാശുകൊടുത്ത പറമ്പല്ലേ. നിങ്ങൾക്കു തേങ്ങയും അടയ്ക്കയും പറിച്ചു വിൽക്കരുതോ’ എന്ന് ഉമ്മയുടെ കൂട്ടുകാരി നാരായണിയമ്മ രോഷം കൊള്ളുമായിരുന്നുവത്രെ. അവകാശപ്പെട്ടതിന്റെ കാര്യത്തിൽപോലും ഉപ്പ തർക്കിക്കാൻ നിൽക്കില്ല. തോട്ടത്തിലെ ആദായം എടുക്കുന്നതിൽ മതപരമായ ഒരു തെറ്റും ഇല്ലെന്ന്് അന്നത്തെ പൂനൂർ ഖാസി കൊടിയത്തൂർ അബ്ദുൽ അസീസ് മൗലവി തന്നെ ഉപ്പയോടു പലതവണ പറഞ്ഞിരുന്നുവെന്നും കേട്ടു. ഒരാളുടെ തൃപ്തി ഇല്ലാത്തത് വേണ്ടെന്നും ഉള്ളതുകൊണ്ടു തൃപ്തിപ്പെട്ടാൽ അല്ലാഹു ബറകത് (അനുഗ്രഹം) ചൊരിയും എന്നുമായിരുന്നു ഉപ്പയുടെ നിലപാട്.
(തുടരും)