ബാലിദ്വീപ് പാഠം
Mail This Article
ബാലിദ്വീപുകളെക്കുറിച്ച് ആദ്യം കേൾക്കുന്നത് എസ്.കെ.പൊറ്റെക്കാടിന്റെ യാത്രാവിവരണത്തിലാണ്. കുറെയെല്ലാം കാൽപനികമാണ് അതിലെ വർണനകളെന്ന് അവിടെ പോയപ്പോൾ മനസ്സിലായി. അദ്ദേഹത്തിലെ കഥാകാരനാണു പലതും എഴുതിയിരിക്കുന്നത്. എവിടെ കഥ തീരും എവിടെ യാഥാർഥ്യം തുടങ്ങും എന്നു തിരിച്ചറിയാൻ കഴിയാത്തവിധം വളരെ ഭംഗിയായാണ് എഴുത്ത്. അതിലെ ചില കഥാപാത്രങ്ങൾ യഥാർഥത്തിൽ ജീവിച്ചിരുന്ന സ്ഥലങ്ങളൊക്കെ അവിടെയുണ്ട്. ഏതോ പുരാതന നൂറ്റാണ്ടിലാണ് ഇവർ ജീവിക്കുന്നതെന്ന് അവിടം കാണുമ്പോൾ തോന്നും. അവിടെ ഗ്രാമത്തിൽ വീടു പണിതിരിക്കുന്ന രീതി കാണുമ്പോൾ അതറിയാം. കോൺക്രീറ്റ് ഇപ്പോഴും അങ്ങോട്ട് അടുപ്പിച്ചിട്ടില്ല. അത്ര പൗരാണികമായ രീതിയിലാണ് അവിടത്തെ ജീവിതം. ഓല മേഞ്ഞ ക്ഷേത്രങ്ങൾ ഇപ്പോഴുമുണ്ട്. അവയുടെ നിർമാണം കൊത്തു പണികളുള്ള കല്ലു കൊണ്ടാണ്. മിക്കവാറും എല്ലാ വീടിനും അവിടെ കുടുംബക്ഷേത്രങ്ങളുണ്ട്. മുറ്റമെല്ലാം കുരുത്തോല കൊണ്ടു ഭംഗിയായി അലങ്കരിച്ചിട്ടുണ്ട്. ക്ഷേത്രത്തിന്റെ നിർമാണ ശൈലിയിലെ വ്യത്യാസമില്ലായിരുന്നെങ്കിൽ കേരളത്തിലാണോ എന്നു തോന്നിപ്പോകും. വസ്ത്രധാരണത്തിലും വ്യത്യാസമുണ്ട്. എങ്കിലും തെങ്ങോലയും വാഴയും കൊണ്ടുള്ള അലങ്കാരമെല്ലാം കേരളത്തിലേതു പോലെ തന്നെ. വിശ്വാസങ്ങൾ, ഭാരതീയ ചിന്തകൾ, തത്വശാസ്ത്രം എല്ലാം കേരളവുമായി ചേർന്നു പോകും. ഒരിടത്തു ചെന്നപ്പോൾ വിവാഹാഘോഷം കഴിഞ്ഞ് ആളുകൾ പിരിഞ്ഞു പോവുകയാണ്. സ്ത്രീകളെല്ലാം പരമ്പരാഗത വസ്ത്രം ധരിച്ചാണു പോകുന്നത്. ചിലരുടെ കയ്യിൽ താലമുണ്ട്. ചിലരുടെ കയ്യിൽ ഒരു വള്ളിക്കൊട്ടയാണ് ഉള്ളത്. വീട്ടിൽ ഉള്ളവർക്ക് ഭക്ഷണം കൊണ്ടുപോകാനാണ് ഇത്. എല്ലാവരും കാൺകെ സന്തോഷത്തോടെയാണ് അവരിതു കൊണ്ടുപോകുന്നത്. മറ്റൊരിടത്ത് ചെന്നപ്പോൾ കല്യാണം നടക്കാൻ പോകുന്നതേയുള്ളൂ. ഒരു മണ്ഡപമുണ്ട്. അവിടെ ഒരു പ്രായംചെന്നയാൾ തലക്കെട്ടു ധരിച്ചു കിടക്കുകയാണ്. ഊണു കഴിച്ചിട്ടുള്ള വിശ്രമത്തിലാണ്. വരന്റെ അമ്മാവനാണ്. അദ്ദേഹത്തിന്റെ അനുവാദം വാങ്ങി എല്ലായിടവും ചിത്രീകരിക്കാൻ തുടങ്ങി. പന്തൽ ഉൾപ്പെടെ എല്ലാം അലങ്കരിക്കുകയാണ്. സ്ത്രീകൾ വട്ടമിട്ടിരുന്ന് അടുത്ത ദിവസത്തെ സദ്യയ്ക്കുള്ള ഒരുക്കത്തിലാണ്. അവസാനം വരനെയും പരിചയപ്പെട്ടു. അക്ഷരാർഥത്തിൽ നമ്മുടെ 1970ലെ ഒരു ഗ്രാമം അവിടെ കാണാം.
ബാലി യാത്രയിൽ ഉബൂദ് ഉൾപ്പെടെയുള്ള സാംസ്കാരിക പട്ടണങ്ങളിലും പോയി. പഴയ രാജകൊട്ടാരങ്ങളെല്ലാം അതേ പോലെ നിലനിർത്തിയിരിക്കുകയാണ്. പുല്ല് മേഞ്ഞതാണെങ്കിൽ അങ്ങനെതന്നെ സൂക്ഷിച്ചിട്ടുണ്ട്. അതിലെ പുല്ലു മേഞ്ഞിരിക്കുന്നതു പോലും വളരെ ഭംഗിയായിട്ടാണ്. കുട്ടികളുടെ മുടി മഷ്റൂം കട്ട് ചെയ്തിരിക്കുന്നതു പോലെ തൂണുകളിൽ സ്വർണം കൊണ്ട് അലങ്കാരപ്പണികൾ ചെയ്തിരിക്കുന്നു. നമ്മുടെ നാട്ടിലാണെങ്കിൽ മ്യൂസിയം പണിതാലും മൃഗാശുപത്രി പോലെയാണിരിക്കുക. സൗന്ദര്യബോധം ഒട്ടുമില്ലാതെ ഒറ്റ രീതിയിലുള്ള പണിയാണല്ലോ എല്ലാം.
ഒരിടത്ത് വഴിയിരികിൽ മുഴുവൻ ശിൽപങ്ങൾ കണ്ടു. ബുദ്ധമതത്തിലെയും ഹിന്ദുമതത്തിലെയും ആചാര്യമാരുടെയും ദേവന്മാരുടെയും ശിലാശിൽപങ്ങൾ. ബുദ്ധൻ, ശ്രീരാമൻ, ലക്ഷ്മണൻ, രാവണൻ തുടങ്ങി ധാരാളം ശിൽപങ്ങൾ. എത്ര പെർഫെക്ഷനോടെയാണ് എല്ലാം ചെയ്തിരിക്കുന്നതെന്ന് അതിശയിച്ചു പോയി.
ഒരിക്കൽ ബേക്കലിലെ താജ് ഹോട്ടലിൽ പോയപ്പോൾ ഇതു പോലെ നല്ല ശിൽപങ്ങൾ കണ്ടു. അതു മുഴുവൻ ബാലിയിൽ നിന്നു കൊണ്ടു വന്നതാണെന്ന് ഹോട്ടൽ അധികൃതർ പറഞ്ഞു.
മറ്റൊരു തെരുവിൽ പോയപ്പോൾ നിറയെ പെയിന്റുങ്ങുകളാണ് കണ്ടത്. ഒരു കടയിൽത്തന്നെ ആയിരക്കണക്കിന് പെയിന്റുങ്ങുകളുണ്ട്. പാടത്തിന്റെ, കൊയ്ത്തിന്റെ, ഗ്രാമത്തിന്റെ എല്ലാം പെയിന്റിങ്ങുകൾ. ഒരിടത്ത് തൽസമയ പെയിന്റിങ്ങും നടക്കുന്നത് കണ്ടു. കോടിക്കണക്കിന് രൂപയുടെ ശിൽപങ്ങളും പെയിന്റിങ്ങുകളുമാണ് ഇങ്ങനെ വിറ്റുപോകുന്നത്. ടൂറിസത്തിലൂടെ അവർ വെറുതെ കാഴ്ചകൾ കാണിക്കുകയല്ല. ഈ പണമെല്ലാം അവിടുത്തെ കലാകാരന്മാരുടെ പോക്കറ്റിലേക്കാണ് പോകുന്നത്.
താജ് ഗ്രൂപ്പ് പോലും കോടിക്കണക്കിനു രൂപയുടെ ശിൽപങ്ങളും അവിടന്നു വാങ്ങുന്നു. ഇതു മൂലം ബാലിക്കാർ ഭാവി തലമുറയെയും ഇവ പഠിപ്പിക്കും.
സ്കൂളുകളിൽ ഇവ പഠിപ്പിച്ച് അടുത്ത തലമുറയെ സജ്ജമാക്കും. ഒരിടത്തു ചെന്നപ്പോൾ അവിടെ പരമ്പരാഗത വീടുകൾ പണിത് വച്ചിരിക്കുന്നതാണു കണ്ടത്. റെഡിമെയ്ഡായി നിർമിച്ച് വച്ചിരിക്കുകയാണ്. നമുക്ക് വേണ്ട വീട് തിരഞ്ഞെടുക്കാം. ഇത് നാട്ടിലേക്ക് അതേ പോലെ അഴിച്ച് പലഭാഗങ്ങളാക്കി അയച്ചു തരും. എങ്ങനെ കൂട്ടിയോജിപ്പിക്കണമെന്ന മാർഗനിർദേശവും കാണും. അതനുസരിച്ച് കൂട്ടിയോജിപ്പിക്കാം.
ടൂറിസം എന്നാൽ അവർക്കു വെറുതേ തണുപ്പും കാറ്റും കൊള്ളിച്ച് വിടാനുള്ള കാര്യമല്ല. കോടിക്കണക്കിനു രൂപയുടെ ഉൽപന്നങ്ങളും വിൽക്കാനുള്ള അവസരമാണ്. കലാകാരന്മാർക്കു പണം ലഭ്യമാക്കാനുള്ള അവസരമാണ്.
നമ്മുടെ നാട്ടിലും കലാകാരന്മാർക്കു പഞ്ഞമില്ല. വരുമാനം കിട്ടാനുള്ള വഴിയില്ലാത്തതിനാൽ അവരുടെ കുട്ടികൾ പോലും കലയുടെ പാരമ്പര്യം തുടരുന്നില്ല. നല്ല വരുമാനം ലഭിക്കുമായിരുന്നെങ്കിൽ കുട്ടികളെ പ്രോത്സാഹിപ്പിച്ചേനെ. കലാകാരന്മാർക്കെല്ലാം വരുമാനം കിട്ടാനുള്ള സംവിധാനം ബാലിയെ മാതൃകയാക്കാൻ ഒരു തടസ്സവും കാണുന്നില്ല.