ADVERTISEMENT

ജപ്പാൻ യാത്രയിൽ ക്യോട്ടോ എന്ന പട്ടണത്തിൽ നിന്നു ന്യാര എന്ന ക്ഷേത്രം കാണാൻ പോയി. ക്യോട്ടോ എന്നത് ടോക്കിയോ തിരിച്ചെഴുതിയിരിക്കുന്നതാണ്. ജപ്പാന്റെ ആദ്യ തലസ്ഥാനം ക്യോട്ടോ ആയിരുന്നു. ഗംഭീര കെട്ടിടങ്ങളും കൊട്ടാരങ്ങളും ക്ഷേത്രങ്ങളുമെല്ലാമുള്ള പുരാതനനഗരം അതേപോലെ സംരക്ഷിച്ചിരിക്കുകയാണ് ക്യോട്ടോയിൽ. ന്യാര ക്ഷേത്രം തടി കൊണ്ടുള്ള ലോകത്തിലെതന്നെ ഏറ്റവും വലിയ ക്ഷേത്രമാണ്.

എട്ടുനിലക്കെട്ടിടത്തിന്റെ ഉയരമുണ്ട് ക്ഷേത്രത്തിന്. എട്ടു നില ഉയരമുള്ള മരത്തിൽ അങ്ങനെ തന്നെ തൂണുകൾ നിർമിച്ചു വച്ചിരിക്കുകയാണ്. ഈ ഭീമൻ മരം എങ്ങനെ അവിടെ നാട്ടി നിർത്തി എന്നത് അദ്ഭുതമാണ്. ഈ വൻ തൂണിലൊക്കെ പൊത്തുകളുണ്ട്. ഈ പൊത്തിനകത്തേക്കു നൂഴ്ന്നിറങ്ങുന്നത് പുണ്യ പ്രവൃത്തിയായിട്ടാണ് അന്നാട്ടുകാർ കാണുന്നത്. കൃത്യ സമയത്ത് എത്താനും ചിരിത്ര സ്ഥലങ്ങൾ വിട്ടുപോകാതിരിക്കാനും

ഹ്രസ്വ യാത്രകൾക്ക് ടൂർ പാക്കേജിനെ ആശ്രയിക്കുന്നതാണ് നല്ലത്. ഒരു മിനി ബസിലാണ് അവിടേക്ക് കൊണ്ടുപോകുന്നത്. ഏതാണ്ട് അറുപതു വയസ്സുള്ള ഒരു രസികൻ ഗൈഡുമുണ്ടായിരുന്നു. ഒരു അധ്യാപകൻ കൂടിയായിരുന്ന അദ്ദേഹം യാത്രാവേളയിൽ നേരംപോക്കിന് കഥകൾ പറയും. ആചാരങ്ങളെക്കുറിച്ചും സുജനമര്യാദകളെക്കുറിച്ചും പറ​ഞ്ഞു. കുറച്ചു ജാപ്പനീസ് ഭാഷയും പഠിപ്പിച്ചു. എന്നെ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടതുകൊണ്ടാണെന്നു തോന്നുന്നു ഗൈഡിന്റെ സീറ്റിനരികെ മുൻപിൽ തന്നെയിരുത്തി.

അതിന്റെ കാര്യം പിന്നീട് അദ്ദേഹം പറഞ്ഞു. ഗൈഡിന് മാത്രമായുള്ള സീറ്റിൽ എന്നെക്കൂടി പിടിച്ചിരുത്തിയതിന്റെ കാരണവും അദ്ദേഹം പറഞ്ഞു. ‘നിങ്ങൾ ഇന്ത്യക്കാരനായതിനാലാണ്. ക്രിസ്തു മത വിശ്വാസികൾക്ക് യേശു ജനിച്ച നാടായ ഇസ്രയേലിനോടുള്ള സ്നേഹം പോലെയാണ് ബുദ്ധൻ ജനിച്ച നാടായ ഇന്ത്യയോടു ഞങ്ങൾ ജപ്പാൻകാർക്ക്. ഞങ്ങൾ ബുദ്ധിസ്റ്റുകളുടെയെല്ലാം ആത്മീയ കേന്ദ്രമാണ് ഇന്ത്യ. നിങ്ങൾക്കതു മനസ്സിലായിട്ടില്ല. പക്ഷേ, ഞങ്ങൾ അങ്ങനെയാണ് ഇന്ത്യയെക്കാണുന്നത്”. അപ്പോഴാണ് ഞാനും ചിന്തിച്ചത്. ഈ രീതിയിൽ ഇസ്രയേൽ നടത്തുന്ന ടൂറിസം ഇന്ത്യയ്ക്കും സാധിക്കും. ജപ്പാൻ മുതൽ ഇങ്ങുവരെയുള്ള സകലരുടെയും ആത്മീയ കേന്ദ്രമായി ഇന്ത്യയ്ക്കു മാറാം. പക്ഷേ നമ്മൾ എന്തോ ഭയന്ന് ഇതു നിരുൽസാഹപ്പെടുത്തുകയാണ്.

 ചെറിയ ചെറിയ പട്ടണങ്ങൾ പിന്നിട്ടാണ് ന്യാരയിലേക്കു യാത്ര. നെൽവയലിന്റെ നടുക്കാണു പട്ടണം. അവിടത്തെ അവസാന കെട്ടിടത്തിന്റെ ഭിത്തി നിൽക്കുന്നത് വയലിലാണ്. ഒരു റോഡ് പോലുമില്ല. തറ കഴിയുന്നത് നെൽവയലിന്റെ വെള്ളത്തിലാണ്. നെൽവയലുകളുടെ ഒരു പരവതാനിയിലൂടെയാണ് നമ്മുടെ യാത്രയെന്നു തോന്നും. അതിനുള്ളിൽ നാട്ടിവച്ചതു പോലെയാണ് പട്ടണങ്ങൾ. നമ്മുടെ നാട്ടിലാകട്ടെ നെൽക്കർഷകർക്ക് വിറ്റ നെല്ലിന്റെ കാശു പോലും കിട്ടുന്നില്ല.

പല വിലയുള്ള നെല്ലിനങ്ങളുണ്ട്. കിൻമെമെയ് പ്രീമിയം എന്നൊരു നെല്ലുണ്ട്. ഒരു കിലോയ്ക്കു നാലായിരത്തോളം രൂപയാണ്. നമ്മൾ ഇപ്പോഴും 32 രൂപയുടെ നെല്ലാണ് കൃഷി ചെയ്യുന്നത്. നമ്മളോട് ആരെങ്കിലും പറഞ്ഞോ ഈ രൂപയ്ക്കുള്ളതേ കൃഷി ചെയ്യാവൂ എന്ന്?. ലോക വിപണിയിലെ ആവശ്യം അനുസരിച്ച് കൃഷി ചെയ്യാമല്ലോ. നമ്മുടെ നെല്ല് ഗവേഷണ കേന്ദ്രങ്ങളും ഗവേഷകരും ഒക്കെ ഇങ്ങനെ ചിന്തിക്കണ്ടേ?. കാരണം കിഴക്കനേഷ്യൻ രാജ്യങ്ങൾ മുഴുവൻ അരി ഉപയോഗിക്കുന്നവരാണ്. യൂറോപ്പിലും നൂഡിൽസായും മറ്റും പല അരി ഇനങ്ങളും ഉപയോഗിക്കുന്നു.

കേരളത്തിൽ കിലോയ്ക്ക് ആയിരം രൂപയെങ്കിലും കിട്ടുന്ന അരി ഉൽപാദിപ്പിക്കാമല്ലോ. ജപ്പാനിൽ നമ്മുടേതിനു തുല്യമാണു കൃഷി രീതി. കാലാവസ്ഥയ്ക്കു ചിലപ്പോൾ മാറ്റം ഉണ്ടാകും. പക്ഷേ നമുക്ക് എന്തു കൊണ്ട് ലോക വിപണിയിൽ വേണ്ട നെല്ല് ഉൽപാദിപ്പിച്ചു കൂടാ?. നമ്മുടെ കർഷകരുടെ അധ്വാനത്തിനു ഫലം കൊടുത്തു കൂടാ?. അങ്ങനെയായാൽ അടുത്ത തലമുറയും കൃഷിയിലേക്കു വരും. പല സർക്കാർ ഉദ്യോഗസ്ഥരും ജോലി രാജിവച്ചു പോലും ഇതിലേക്കു വന്നെന്നുമിരിക്കും! 

English Summary:

Sunday special about Santhosh George Kulangara's journey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com