ADVERTISEMENT

അധ്യാപകനായി ജോലി ചെയ്തുവരികയായിരുന്നു ഒ.വി.വിജയൻ അക്കാലത്ത്. 1955ൽ കോഴിക്കോട്ടെ മലബാർ ക്രിസ്ത്യൻ കോളജിലെ അവസാനമാസങ്ങൾ. മലബാർ ജില്ലാ ബോർഡ് അധ്യക്ഷൻ പി.ടി.ഭാസ്കരപ്പണിക്കരും ഒ.വി.വിജയനും കോഴിക്കോടിനു വെളിയിലുള്ള പെരുവയൽ എന്ന സ്ഥലത്ത് ഒരധ്യാപകയോഗത്തിൽ പ്രസംഗിച്ച് കോഴിക്കോട് നഗരത്തിലേക്കു മടങ്ങുകയാണ്. ആയിടയ്ക്കാണ് വിജയന്റെ നീണ്ടകഥ ‘ഒരു യുദ്ധത്തിന്റെ ആരംഭം’ മാതൃഭൂമി വാരികയിൽ അച്ചടിച്ചുവന്നത്. പെരുവയലിൽനിന്നുള്ള മടക്കയാത്രയിൽ ഭാസ്കരപ്പണിക്കർ ആ കഥ പരാമർശിച്ചു; ‘വിജയന്റെ കഥ നന്നായിട്ടുണ്ട്. പക്ഷേ, ഇത്തിരീംകൂടി ഇങ്കുലാബുള്ള എന്തെങ്കിലുമൊന്ന് ഇനി എഴുതൂ.’ വിജയന്റെ മറുപടി ; ‘എഴുതാം’.

ഒരു യുദ്ധത്തിന്റെ ആരംഭം കർഷകസംഘട്ടനത്തിന്റെ കഥയായിരുന്നു. വിജയൻ പറയുന്നു; കമ്യൂണിസ്റ്റുകാരനായിരുന്ന എനിക്ക് എന്റെ പ്രസ്ഥാനത്തോടുള്ള കൂറു കാണിക്കാനാണു ഞാനാ കഥ എഴുതിയതെങ്കിലും, കഥയ്ക്ക് സംഘട്ടനത്തിന്റെ അടിനൂൽക്കെട്ട് ഉണ്ടായിരുന്നെങ്കിലും, എഴുതിവന്നപ്പോൾ വരച്ച വരയ്ക്കകത്തു നിൽക്കാതെ വിചിത്രപാത്രങ്ങളും പ്രകൃതിയും കാൽപനികതയും കാടുകയറി. അങ്ങനെ കാടുകയറാതെ ഒരു കഥയെഴുതാനാണ് പി.ടി.ഭാസ്കരപ്പണിക്കർ വിജയനെ ഉപദേശിച്ചത്. അവിടെനിന്നാണു വിജയൻ പുതിയ കഥ എഴുതിത്തുടങ്ങുന്നതും. ഖസാക്കിലേക്കുള്ള ആ ചവിട്ടടിപ്പാതയെക്കുറിച്ചു വിജയൻ പറഞ്ഞതിങ്ങനെ; ‘ഒരു യുദ്ധത്തിന്റെ ആരംഭത്തിന്റെ അമിതസൗന്ദര്യത്തിൽ കുറ്റബോധംപൂണ്ട ഞാനും ഭാസ്കരപ്പണിക്കർ ഉപദേശിച്ചതുപോലുള്ള ഒരു വിപ്ലവകഥയെഴുതാൻ കൊതിച്ചു. പാലക്കാടൻ കർഷകരംഗം അടുത്തു കാണാൻ കഴിഞ്ഞ എനിക്ക് കഥാപാത്രങ്ങൾക്കും സ്ഥലങ്ങൾക്കും ക്ഷാമമുണ്ടായിരുന്നില്ല. ഒന്നുരണ്ടു പ്രദേശങ്ങൾ ഞാൻ മനസ്സിൽ ഗണിച്ചു കുറിച്ചുവച്ചു’.

ഈ സമയത്താണു വിജയന്റെ സഹോദരി ശാന്ത അധ്യാപക ട്രെയിനിങ് കോളജിൽ പ്രവേശനം തേടുന്നത്. ഏതെങ്കിലും സ്കൂളിൽ സേവനമനുഷ്ഠിച്ചവർക്കാണു പ്രവേശനത്തിൽ മുൻഗണന. അങ്ങനെയാണ് അന്നു മലബാർ ജില്ലാ ബോർഡിന്റെ അധ്യക്ഷനായ പി.ടി.ഭാസ്കരപ്പണിക്കരെ സമീപിച്ചതും അദ്ദേഹം വിജയന്റെ സഹോദരിക്ക് അധ്യാപകജോലി അനുവദിച്ചതും. ഖസാക്കിലെ ഏകാധ്യാപകവിദ്യാലയത്തിലായിരുന്നു ജോലി. പാലക്കാടിനടുത്ത ഗ്രാമമാണത്. നാലഞ്ചുമാസം അവിടെ ജോലി ചെയ്തുകഴിയുമ്പോഴേക്കും അധ്യാപക കോളജിൽ പ്രവേശനത്തിനു സമയവുമാകും. അച്ഛനും അമ്മയും ശാന്തയുടെ കൂടെ ഗ്രാമത്തിലേക്കു താമസം മാറ്റി. ആ അധ്യാപനവർഷത്തിൽ മലബാർ‍ ക്രിസ്ത്യൻ കോളജിൽനിന്നു പുറത്തുപോയ വിജയനും ശാന്തയുടെ കൂടെ ചെന്നു താമസിച്ചു.

അതു ഖസാക്കിന്റെ ഇതിഹാസത്തിനു നൽകിയ സഹായം ചെറുതല്ല. അതുസംബന്ധിച്ച് ഇതിഹാസകാരൻ പറയുന്നു; ‘അപ്പോഴാണ് ഖസാക്കിലെ വേനലവധി. ഖസാക്ക്, ആ നരകപടത്തെപ്പോലെ, എനിക്കുവേണ്ടി കാത്തിരിക്കുകയായിരുന്നു. ഖസാക്കിലെ മനുഷ്യരുടെ പുറകിൽ തെന്നിയ നിഴലുകളെ ഞാൻ എന്റെ ചെംപടയിൽ പേരു ചേർത്തി. ഖസാക്കിൽ വിപ്ലവം ആസന്നമായിരിക്കുന്നു! ആ വിപ്ലവത്തിന്റെ വെടിക്കെട്ടിനു തീ കൊളുത്താൻ നഗരത്തിന്റെ നിഷ്കാസിത സന്തതിയായ രവി എത്തിയിരിക്കുന്നു. പള്ളിയിൽ പ്രാർഥിച്ച, ചതുപ്പിൽ പതുങ്ങിനടന്ന, കാവിൽ ഉറഞ്ഞ ഓരോ കഥാപാത്രവും വിപ്ലവത്തിൽ തനിക്കുള്ള പങ്കു വഹിച്ചേ പറ്റൂ. ചരിത്രത്തിന്റെ ഈ ഭാരിച്ച കടമയിൽനിന്ന് അപ്പുക്കിളിയെപ്പോലും ഞാൻ ഒഴിവാക്കിയില്ല.’

എന്നാൽ പെരുവയലിൽനിന്നു കോഴിക്കോട് നഗത്തിലേക്കുള്ള മടക്കയാത്രയിൽ തോന്നിയ കുറ്റബോധത്തിൽനിന്നുണ്ടായ തീരുമാനപ്രകാരമല്ല ഖസാക്കിന്റെ ഇതിഹാസം നീങ്ങിയത്. തുടർന്നുസംഭവിച്ച വഴിത്തെറ്റുകളെക്കുറിച്ച് അദ്ദേഹംതന്നെ പറഞ്ഞതിങ്ങനെ; ‘അങ്ങനെ എഴുതിത്തുടങ്ങി. എഴുതിയെഴുതി വന്നപ്പോൾ ഒരു യുദ്ധത്തിന്റെ ആരംഭത്തെക്കാൾ‍ അപകടം പിടിച്ച വഴിത്തെറ്റുകൾ. അക്ഷരം പഠിക്കാൻ ബാധ്യസ്ഥനല്ലായിരുന്ന അപ്പുക്കിളി വിപ്ലവത്തിന്റെ പാഠങ്ങൾ നുകരുന്ന യുവവിദ്യാർഥികളെ പുറകിലാക്കി. വിപ്ലവകഥയിൽനിന്ന് തെന്നിമാറുന്ന ഒരുപാടു കുറുക്കുവഴികൾ ഇതിഹാസം പിന്നിട്ടു. എങ്കിലും കഥയുടെ ലക്ഷ്യത്തെ സംരക്ഷിക്കാമെന്ന ശുഭവിശ്വാസത്തിൽ ഞാൻ വെട്ടും തിരുത്തും തുടർന്നു. 1958 ആകുമ്പോഴേക്കു കഥ മിക്കവാറും എഴുതിത്തീർത്തു. ആ ഒക്ടോബറിൽ ഞാൻ ദില്ലിക്ക് പുറപ്പെടുകയായിരുന്നു.’

അധ്യാപകവൃത്തിയിൽനിന്ന് പത്രപ്രവർത്തനത്തിലേക്കുള്ള ചുവടുമാറ്റത്തിന്റെ കാലംകൂടിയായിരുന്നു അത്. അതു ഖസാക്കിന്റെ ഇതിഹാസം പൂർത്തിയാക്കുന്നതിൽ തടസ്സം സൃഷ്ടിക്കുകയായിരുന്നു. പത്രപ്രവർത്തകനായതോടെ കലാലയസേവനത്തിന്റെ നീണ്ട ഒഴിവുസമയങ്ങൾ അദ്ദേഹത്തിന് എന്നന്നേക്കുമായി നഷ്ടപ്പെട്ടു. ഖസാക്കിലെ ചില്ലറ വിടവുകൾ നികത്താനുള്ള സമയംപോലും കിട്ടാതെ നോവൽ പൂർത്തിയാക്കൽ നീണ്ടുനീണ്ടുപോയി.

എന്നാൽ അതും ഖസാക്കിന്റെ കാര്യത്തിൽ അനുഗ്രഹമായെന്നാണ് ഒ.വി.വിജയന്റെ പക്ഷം; ‘തിരിഞ്ഞുനോക്കുമ്പോൾ വിധിയുടെ കാരുണ്യങ്ങളിലൊന്നായി ഇതിനെയും ഞാൻ കാണുന്നു. ഒരു വിപ്ലവകഥയായി തുടങ്ങിയ ഖസാക്ക്, ഞാൻ ദില്ലിക്കു പുറപ്പെടുമ്പോഴേക്കും ഒരു ഇഡിയോ സിൻക്രാറ്റിക് കഥാമാലയായി രൂപംകൊണ്ടുകഴിഞ്ഞിരുന്നു. കഥയുടെ അന്തർമാനങ്ങളെ മൂടിക്കൊണ്ട് അതിന്റെ ഫലിതരസം പന്തലിച്ചുനിന്നു. ഈ ഫലിതം വാസ്തവത്തിൽ വിപ്ലവഫോർമലിസത്തോടുള്ള അബോധപൂർ‍വമായ വെല്ലുവിളിയായിരുന്നുവെന്ന് ഇപ്പോൾ തോന്നുന്നു. ആ രൂപത്തിൽ ഞാൻ ഖസാക്കിനെ പുറത്തിറക്കിയിരുന്നെങ്കിൽ എന്റെ പാത്രങ്ങൾ പാതി മുളച്ച വിത്തുകളായി കുരുന്നിലേ നശിച്ചിരിക്കുമായിരുന്നു. വിടവുതീർക്കലിന്റെ നീട്ടിവയ്പ് ഇതിഹാസത്തെ രക്ഷിച്ചു.’

കോഴിക്കോട്ടുനിന്നു തുടക്കമിട്ട ഖസാക്കിന്റെ ഇതിഹാസം പാലക്കാടും ഡൽഹിയും സഞ്ചരിച്ച് 10 വർഷത്തെ മിനുക്കുപണികൾക്കുശേഷമാണ് നാമിന്നു വായിക്കുന്ന ഇതിഹാസമായി മാറിയത് 

ഒ.വി.ഉഷയുടെ ഓർമകളിൽ

തസ്രാക്കിലെ ഗോപാലൻ എഴുത്തച്ഛന്റെ വീട് വാടയ്ക്കെടുത്ത് ചേച്ചിയും മറ്റും കുറച്ചുകാലം താമസിച്ചത് ആ സംഘത്തിൽ അവശേഷിക്കുന്ന ഒ.വി.വിജയന്റെ സഹോദരി ഒ.വി.ഉഷയുടെ ഓർമകളിലുമുണ്ട്; ‘എനിക്കന്ന് ഏഴോ എട്ടോ വയസ്സു കാണും. മണലിയിലെ വീട്ടിൽനിന്ന് കാളവണ്ടിയിൽ തസ്രാക്കിലെ പുതിയ വാടകവീട്ടിലേക്കുള്ള യാത്രയാണ് ഓർമ വരുന്നത്. എന്റെ പൂച്ച സത്യകീർത്തിയെ കൂടെ കൂട്ടിയതാണ് ആ യാത്രയിലെ നിറഞ്ഞ ഓർമ. സത്യകീർത്തിയെ കുഞ്ഞുപെട്ടിയിലാക്കി കാളവണ്ടിയുടെ അടിയിൽ തൂക്കിയിട്ടാണു ഞങ്ങൾ തസ്രാക്കിലേക്കു പോയത്.

പക്ഷേ ഞാൻ ചെന്ന അവസരത്തിൽ ചേട്ടൻ അവിടെയുണ്ടായിരുന്നില്ല. ചേട്ടൻ 20 ദിവസത്തിൽ കൂടുതൽ ‍അവിടെ താമസിച്ചിട്ടില്ല. മുത്തച്ഛനായിരുന്നു ചേച്ചി ശാന്തയുടെ കൂടെ കൂടുതൽ ദിവസവും താമസിക്കാനുണ്ടായിരുന്നത്. ചേട്ടന്റെ കൂടെ ഞാൻ കോഴിക്കോട്ടെ വീട്ടിലും താമസിച്ചിട്ടുണ്ട്. ഞാനായിരുന്നു അദ്ദേഹത്തിനു ഷൂ പോളിഷ് ചെയ്തുകൊടുത്തിരുന്നത്. വെള്ള പാന്റ്സും ഷർട്ടും ഇൻ ചെയ്തു ബെൽറ്റും കെട്ടി കോളജിൽ ‍പോയിരുന്ന ചേട്ടൻ ഇന്നുമെന്റെ ഓർമയിലുണ്ട്.

കുട്ടിക്കാലത്ത് എല്ലാം വാങ്ങിത്തന്നത് ഏട്ടനായിരുന്നു. കളിപ്പാട്ടവും ഗ്ലോബും എല്ലാം. കോഴിക്കോട്ടു പോയ അവസരത്തിൽ ‍കടൽ കാണിക്കാൻ ‍കൊണ്ടുപോയി. അയൽവീട്ടിലെ പി.എ.മുഹമ്മദ്കോയയുടെ കുടുംബവുമായി ‍ഞങ്ങൾക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ചിത്രകാരൻ ആന്റണിമാസ്റ്റർ വീട്ടിൽ വരുന്നതും ഓർമയിലുണ്ട്’. 

English Summary:

Sunday Special about Khasakkinte Ithihasam novel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com