ADVERTISEMENT

ഏഷ്യയിലെ ലാസ്‌വെഗാസ് എന്നറിയപ്പെടുന്ന നഗരമാണ് ചൈനയിലെ മെക്കാവു. അവിടെ 3000 മുറികളുള്ള വെനീഷ്യൻ ഹോട്ടലിൽ പതിവായി  അതിഥിയായി വരുന്നയാളാണ് ഇംഗ്ലിഷ് ഫുട്ബോളിലെ സൂപ്പർതാരമായിരുന്ന ഡേവിഡ് ബെക്കാം. വെനീഷ്യനിലെ ഇന്ത്യൻ റസ്റ്ററന്റായ ഗോൾഡൻ പീകോക്ക് ബെക്കാമിനൊരു ദൗർബല്യമാണ്.

ബെക്കാമിന്റെ ഓർഡറുകളുമായി റൂമിലെത്തിയ മലയാളി ഷെഫ് ജസ്റ്റിൻ പോൾ ഓരോ വിഭവങ്ങളുടെയും ചേരുവകൾ വിശദമായി പരിചയപ്പെടുത്തി. വയനാടൻ കുരുമുളകിന്റെ എരിവും ഇടുക്കി ഏലത്തിന്റെ സുഗന്ധവുമെല്ലാം ബെക്കാമിനു തീൻമേശയിൽ വിശദീകരിച്ചു നൽകി ജസ്റ്റിൻ. പിന്നീട് ബെക്കാം ഹോട്ടലിലെത്തിയാൽ ജസ്റ്റിനെ പേരുവിളിച്ചു ക്ഷണിക്കുന്നതും പതിവായി. ഇന്ത്യൻ ഭക്ഷണത്തിന്റെ കാര്യത്തിൽ തനിക്കു ചോയ്സില്ല ജസ്റ്റിൻ പറയുന്നതു കഴിക്കാം എന്നായി പിന്നീടു ബെക്കാം. 

ബെക്കാം മാത്രമല്ല അമിതാഭ് ബച്ചൻ മുതൽ മുതൽ ബോളിവുഡിലെ സൂപ്പർതാരനിരയെല്ലാം ചിൽ ചെയ്യാനെത്തുന്ന വെനീഷ്യയിലെ ഗോൾഡൻ പീകോക്കിലെ അനുഭവപരിചയം ജസ്റ്റിൻപോൾ എന്ന ചാലക്കുടിക്കാരനു സമ്മാനിച്ചത് 8 മിഷലിൻ സ്റ്റാർ ബഹുമതിയാണ്. സിനിമയ്ക്ക് ഓസ്കർ പോലെയാണ് ഹോട്ടൽ വ്യവസായത്തിൽ മിഷലിൻ പുരസ്കാരം.

2014 മുതൽ തുടർച്ചയായി 8 വർഷം മികച്ച നിലവാരമുള്ള ഭക്ഷണമൊരുക്കിയതിന് ലോകത്തിലെ ഷെഫുമാർ കൊതിക്കുന്ന ബഹുമതിയായ മിഷലിൻ സ്റ്റാർ ജസ്റ്റിനെ തേടിയെത്തി. മിഷലിൻ സ്റ്റാർ പരിശോധനകളും ഗ്രേഡിങ്ങും ഇനിയും ഇന്ത്യയിലെ റസ്റ്ററന്റുകളെ തേടിയെത്തിയിട്ടില്ല എന്നറിയുമ്പോഴാണ് ജസ്റ്റിന്റെ നേട്ടങ്ങളുടെ തിളക്കം മനസ്സിലാകുക. 

‘‘ മിഷലിൻ സ്റ്റാർ ഇൻസ്പെക്ടർമാർ ഹോട്ടലിൽ പരിശോധന നടത്തുന്നത് നമ്മളെ അറിയിക്കാതെയാണ്. തികച്ചും സർപ്രൈസ് വിസിറ്റ്. അവർ ഭക്ഷണം കഴിച്ചശേഷം നമ്മളോടു കാര്യങ്ങൾ തിരക്കും. തനത് രുചികളിൽ നമ്മൾ ചേർക്കുന്ന ചേരുവകളെക്കുറിച്ചാണ് അവർ എന്നോട് ആദ്യം ചോദിച്ചത്. ഞാൻ വയനാടൻ കുരുമുളകും ഇടുക്കി ഏലവുമാണ് ഉപയോഗിക്കാറുള്ളത്. രണ്ടിന്റെയും പ്രത്യേകത പറയാൻ നമ്മുടെ നാവിനു കഴിയില്ല. നാവിലെ രുചി മുകുളങ്ങൾക്കേ കഴിയൂ.

വയനാട്ടിലെയും ഇടുക്കിയിലെയും മണ്ണിന്റെയും തണുപ്പിന്റെയും പ്രത്യേകതയാണ് അതിന്റെ കാരണം. യൂറോപ്പിലെ ഒരു റസ്റ്ററന്റിലെ മെനുവിൽ വയനാടൻ കുരുമുളകാണ് ഉപയോഗിക്കുന്നതെന്ന് എഴുതിയത് കണ്ട് ‍ഞാൻ അത്ഭുതപ്പെട്ടു. ഭക്ഷണത്തിന്റെ കാര്യത്തിൽ നമ്മൾ എത്ര പ്രയത്നിക്കുന്നോ അത്രയും നന്നാകും എന്നതാണ് എന്റെ പാഠവും അനുഭവവും.ആഫ്രിക്കയിലെ ടാസ്മാനിയയിൽ നിന്ന് ഇറക്കുമതി ചെയ്ത ഹണികോം ഉപയോഗിച്ച് ഹണികോം ലാംപ

് ചെയ്യാറുണ്ടായിരുന്നു. രുചിയുടെ ചുരമാണു ഹണികോംലാംപ് ’’– ജസ്റ്റിൻ രുചിയുടെ വഴിയെ നടന്നു പറഞ്ഞു. മിഷലിൻ വൺ സ്റ്റാർ ബഹുമതിയാണ് 8 തവണ ജസ്റ്റിന് ലഭിച്ചത്. എല്ലാ വർഷവും 3 തവണ മിഷലിൻ ഓഡിറ്റ് ഉണ്ട് എന്നതാണു പ്രത്യേകത. മിഷലിൻ ഇൻസ്പെക്ടറാകാനും ഇക്കുറി ജസ്റ്റിനു ക്ഷണം ലഭിച്ചു. മിഷലിൻ ഇൻസ്പെക്ടറുടെ ജോലിയും അൽപം കഠിനമാണ്. 265 ദിവസവും ഭക്ഷണം കഴിച്ച് പരിശോധനയ്ക്കായി യാത്ര നടത്തണം. 14 രാജ്യങ്ങളെങ്കിലും സന്ദർശിക്കണം. 

ചെന്നൈയിലെ ആശാൻ മെമ്മോറിയൽ കോളജിൽ നിന്നു ഹോട്ടൽ മാനേജ്മെന്റിൽ ബിരുദം നേടിയ ശേഷം ലീല ഹോട്ടൽസിലാണ് ജസ്റ്റിൻ ആദ്യം ജോലി ചെയ്യുന്നത്. ഗോവയിൽ ലീലയുടെ അടുക്കളയിൽ കോൾഡ് കിച്ചൻ സാലഡിൽ രണ്ടരവർഷം ജോലി ചെയ്തു. ഹോങ്കോങ് ഹയാത്തിൽ ജോലി ചെയ്യുമ്പോഴാണു വെനീഷ്യൻ ഹോട്ടലിലേക്ക് അപേക്ഷിക്കുന്നത്.

ഹോട്ടൽ മേഖലയിലെ വമ്പനായ അമേരിക്കയിലെ ശതകോടീശ്വരൻ എൻഡൽസന്റെ ഉടമസ്ഥതയിലുള്ള വെനീഷ്യനിലെ ഇന്ത്യൻ റസ്റ്ററന്റായ ഗോൾഡൻ പീക്കോക്കിലെത്തുന്നത് 2007 ലാണ്. അവിടെ 16 വർഷം ജോലി ചെയ്ത് 2022ൽ  ഇറങ്ങി. ജസ്റ്റ് ഇന്ത്യ എന്ന പേരിൽ മെക്കാവുവിൽ പുതിയ റസ്റ്ററന്റ് ചെയിൻ ആരംഭിക്കാനുള്ള തയാറെടുപ്പിലാണു ജസ്റ്റിനും സുഹൃത്തുക്കളും. 

‘‘ 25 വർഷത്തിനിടെ ഭക്ഷണരീതിയിൽ ഒരുപാടു മാറ്റം വന്നു. വെജ്– നോൺ വെജ് എന്ന പഴയ രീതി മാറി. വീഗൻ സംസ്കാരം കൂടി. ബിൽഗേറ്റ്സിനെപ്പോലെ ലോകപ്രശസ്തരായ വീഗൻമാരുണ്ട് ഇന്ന്. എന്ത് മെനു തയാറാക്കിയാലും എല്ലാവരെയും കണക്കിലെടുക്കണം. പ്ലാന്റ് ബേസ്ഡ് ആയിട്ടുള്ള ഭക്ഷണരീതിക്കു പ്രാധാന്യമേറി. ന്യൂയോർക്ക് സിറ്റിയിലെ പ്രശസ്തമായ ഫൈൻ ഡൈനിങ് റസ്റ്ററന്റാണ് 11 മാഡിസൻ സ്ക്വയർ. നോൺ വെജ് ഭക്ഷണങ്ങൾക്ക് പേരുകേട്ട ഹോട്ടൽ.

എന്നാൽ അടുത്തിടെ ഹോട്ടൽ നോൺവെജിൽ നിന്നു മാറി പ്ലാന്റ് ബേസ്ഡ് റസ്റ്ററന്റാക്കി മാറ്റി. അവിടെ തിരക്കിന് ഒരു കുറവുമില്ല. ഇറച്ചി കഴിച്ചിരുന്നവർ സോയയും മറ്റു ഘടകങ്ങളുമുള്ള ബിയോണ്ട് മീറ്റിലേക്കു മാറുകയാണ്. മില്ലറ്റ് മറ്റൊരു പ്രധാന ഘടകമായി ’’ – ജസ്റ്റിൻ ചൂണ്ടിക്കാട്ടി. 

ബ്രിട്ട്നി ബ്ലൂ ലോബ്സ്റ്ററാണു ഗോൾഡൻ പീകോക്കിലെ വിലയേറിയ വിഭവങ്ങളിലൊന്ന്. 860 ഡോളറാണു വില. ഫ്രാൻസിൽ നിന്നു ജീവനോടെ കൊണ്ടുവരുന്ന നീല ഷെല്ലുകളുള്ള ബ്ലൂലോബ്സ്റ്ററിനു ഹോട്ടലിൽ എത്തുമ്പോൾ തന്നെ നല്ല ചെലവു വരും. അതാണു വില ഉയരാൻ കാരണം. വിഐപികളുടെ ഭക്ഷണരീതികളെക്കുറിച്ചും രുചിയൂറുന്ന ഓർമകളുണ്ട് ജസ്റ്റിന്. അമിതാഭ് ബച്ചന് എപ്പോഴും സസ്യഭക്ഷണങ്ങളോടാണ് പ്രിയം. പ്രത്യോകിച്ച് ബിണ്ടിബുജിയ.

വെണ്ടയ്ക്ക നേർപ്പിച്ച് അരിഞ്ഞു ജീരകം പൊട്ടിച്ച് ഗാർലിക് ജിഞ്ചർ പുരട്ടി നൽകുന്നത് വലിയ ഇഷ്ടമാണ്. ബ്രൗൺഗാർലിക് തന്നെ വേണം. ഷാരൂഖ് ഖാന് പ്രിയ തന്തൂരി ചിക്കൻ ഡ്രംസ്റ്റിക്കാണ്. ചാലക്കുടിയിലെ മുൻ ജില്ലാ കൗൺസിൽ അംഗവും സോഷ്യലിസ്റ്റ് നേതാവുമായ പരേതനായ താക്കോൽക്കാരൻ പൗലോസിന്റെയും ശോശാമ്മയുടെയും മകനാണ് ജസ്റ്റിൻപോൾ.രുചിയാത്രയിൽ ഭാര്യ നിവ്യയും മക്കളായ നിത്യയും നിതന്യയും ഒപ്പമുണ്ട്. 

English Summary:

Sunday special about malayali chef Justin Paul who won the Michelin star award

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com