ADVERTISEMENT

ഒരായുസിന്റെ വേദനയും പ്രയാസവും ഞാൻ മൂന്നു മാസം കൊണ്ട് അനുഭവിച്ചു’, കാഞ്ഞങ്ങാട് സൗത്തിലെ വീടിന്റെ ഉമ്മറത്തിരുന്ന് പഴയ കാര്യങ്ങൾ പറയുമ്പോൾ ടാക്സി ഡ്രൈവറായ എൻ.അശോകിന്റെ ഉള്ളിലൊരു നീറ്റലാണ്. മൂന്നു പതിറ്റാണ്ടുകൾക്കിപ്പുറവും മരുഭൂമിയിലെ മൂന്നു മാസത്തെ ആടുജീവിതത്തിന്റെ ഓർമകൾ ഇന്നും അശോകനെ വേട്ടയാടും. വീസ തട്ടിപ്പിനിരയായി ഗൾഫിൽ ആടുകളെ മേയ്ക്കാൻ പോകേണ്ടി വന്ന, ഭാഗ്യവശാൽ മാത്രം അവിടെ നിന്ന് രക്ഷപ്പെടാൻ സാധിച്ച സംഭവം കാഞ്ഞങ്ങാട്ട് ടാക്സി ഡ്രൈവറായ എൻ.അശോക് ഓർത്തെടുക്കുകയാണ്.

1992ലാണ് സൗദിയിലെ പച്ചക്കറിക്കടയിൽ നിൽക്കാൻ ആളുകളെ ആവശ്യമുണ്ടെന്ന കാര്യം ചീമേനിയിലെ ഒരു തയ്യൽക്കാരൻ ബാലകൃഷ്ണൻ വഴി അശോക് അറിയുന്നത്. അങ്ങനെ കണ്ണൂരിലെ ഏജൻസിയെ സമീപിച്ചു. 40,000 രൂപയാണ് ഏജൻസി ഉടമയായ ജോസ് വീസയ്ക്ക് ചെലവായി പറഞ്ഞത്. പണം കണ്ടെത്താൻ മറ്റു വഴികളില്ലാതെ അശോക് കാഞ്ഞങ്ങാട്ടെ തന്റെ വീടു പണയം വെച്ചു. പലിശയ്ക്കു കൊടുക്കുന്നവരിൽ നിന്നുൾപ്പെടെ പണം വാങ്ങി ഏജൻസിക്കു നൽകി. 1992 സെപ്റ്റംബറിൽ സൗദിയിലേക്ക്. ഭാര്യ ലീല അന്നു ഗർഭിണിയാണ്.

വിമാനത്താവളത്തിൽ നിന്നു ടാക്സിയിൽ സ്പോൺസറുടെ അടുത്തേക്ക്. പാസ്പോർട്ട് വാങ്ങിവച്ചു. അന്നു രാത്രി നല്ല ഭക്ഷണം കഴിച്ച് ഉറക്കം. അൽ നാരിയയിൽ നിന്നു പിറ്റേന്നു രാവിലെ പിക്കപ് വാനിനു പിന്നിൽ ജോലി സ്ഥലത്തേക്ക്. നഗരവും വീടുകളും മാഞ്ഞു. നോക്കെത്താ ദൂരം പേടിപ്പിക്കുന്ന വിജനത മാത്രം. പൊള്ളുന്ന മണൽ പരപ്പിൽ പൊടിമണ്ണ് നിറഞ്ഞ ചെറിയൊരു ടെന്റിലേക്കാണെത്തിയത്. ചെമ്മരിയാടുകളെ മേയ്ക്കലാണു ജോലിയെന്ന് അപ്പോളാണ് അശോക് തിരിച്ചറിയുന്നത്. അവിടെയുണ്ടായിരുന്ന ബംഗ്ലദേശ് സ്വദേശിക്കൊപ്പം സഹായി എന്ന രീതിയിലാണ് അശോകിനെ എത്തിച്ചത്.

ഇടയജീവിതം

അടുത്തുള്ള പ്രധാന റോഡിലേക്ക് എത്താനുള്ള വഴിയറിയില്ല. അകവും പുറവും പൊള്ളുന്ന ചൂട് മാത്രം. മരുഭൂമി അവിടെ മരുക്കാടാണ്. ഒരു ജീവനും തളിർക്കാത്ത എത്ര കരുത്തനെയും തളർത്തുന്ന മണൽക്കാട്. മൂന്നു ദിവസത്തിലൊരിക്കൽ അർബാബ് എന്നു വിളിക്കുന്ന അറബി മേലധികാരി ആടുകൾക്കുള്ള തീറ്റയും വെള്ളവും എത്തിക്കും. ഇതേ വെള്ളം തന്നെയാണ് കുടിക്കാനും കുളിക്കാനുമെല്ലാം ഉപയോഗിക്കുക. മണലിന്റെ രുചിയുള്ള വെള്ളം. കഴി‍ക്കാൻ കുബൂസ് മാത്രം. ഉണങ്ങിയ കുബൂസ് വെള്ളത്തിൽ കുതിർത്ത് കഴിക്കുക മാത്രമായിരുന്നു വഴി.

ബംഗ്ലദേശ് സ്വദേശിയാകട്ടെ ഒരു തരം അരി മാത്രം വേവിച്ചു കഴിക്കും. അശോകിന്റെ ആരോഗ്യം ക്ഷയിച്ചു തുടങ്ങി. അതിരാവിലെ ആടുകളെ മേയ്ക്കാൻ കൊണ്ടു പോകും. ഒരു പുൽനാമ്പു പോലമുമില്ലാത്ത ഉറച്ച മണൽപരപ്പ്. ആടിനെ മേയ്ക്കാൻ പോയി മടങ്ങിയെത്തുമ്പോൾ അശോക് തളർന്നു വീണു. ഭക്ഷണം കഴിക്കാതായി. വെള്ളം മാത്രം കുടിച്ച് ജീവൻ നിലനിർത്തി. ടെന്റിൽ നിലത്ത് പാതിബോധം നഷ്ടപ്പെട്ട് അശോക് കിടന്നു. വെള്ളവുമായി എത്തിയ അർബാബ് ഇതുകണ്ട് ക്ഷോഭിച്ചു. ക്രൂരമായി ശകാരിച്ചു.

അശോകിനെ ദമാമിലെ വീട്ടിലെത്തിച്ച് ഒരു മുറിയിൽ പൂട്ടിയിട്ടു. ക്രൂരമായ മർദനങ്ങളാണ് അവിടെ നേരിടേണ്ടി വന്നത്. വയറിനു തൊഴിയേറ്റ് എഴുന്നേൽക്കാൻ പോലും കഴിയാതായി. ആ വീട്ടിലെ ജോലിക്കാരിയായ ആലപ്പുഴ സ്വദേശിനി രാത്രി വീട്ടുടമയുടെ ശ്രദ്ധയിൽ പെടാതെ ഭക്ഷണം നൽകി. മർദനമേറ്റ് അശോക് മരിക്കുമോ എന്നോർത്ത് അർബാബ് അയാളുടെ മറ്റൊരു സ്ഥാപനത്തിലെ ജീവനക്കാരനായ മലയാളി ജസ്റ്റിനെ വിളിച്ച് അശോകിനെ അവരുടെ താമസ സ്ഥലത്തേക്ക് കൊണ്ടുപോകാൻ ആവശ്യപ്പെട്ടു.

കൈപിടിച്ച് രക്ഷകർ

ദൈവദൂതരെപ്പോലെയാണ് ജസ്റ്റിൻ ഉൾപ്പെടെ പലരും ആ സമയത്ത് തന്റെ മുന്നിൽ അവതരിച്ചതെന്ന് അശോക് പറയുന്നു. പൊലീസിൽ പരാതി കൊടുക്കാൻ റൂമിലെ ആളുകൾ പറഞ്ഞു. സ്റ്റേഷനിലെത്തിയപ്പോൾ‍ അവിടെ ശശി എന്ന തിരുവനന്തപുരംകാരൻ ഓഫിസ് ബോയ് സഹായത്തിനെത്തി. കാര്യങ്ങൾ പൊലീസിനെ ബോധ്യപ്പെടുത്തി. നാട്ടിലേക്കു ഫോൺ വിളിക്കാൻ സൗകര്യമൊരുക്കി. സൗദിയിലെ കെഎംസിസി പ്രവർത്തകരും ‌എം.കെ.കുഞ്ഞബ്ദുല്ല എന്ന കാഞ്ഞങ്ങാട് സ്വദേശിയും അവിടെ ബിസിനസ് നടത്തിയിരുന്ന ദിവാകരൻ നായർ തുടങ്ങിയ ആളുകളും അശോകിനെ സഹായിച്ചു.

മർദിച്ച സംഭവത്തിൽ സൗദിക്കാരനെതിരെ പരാതി നൽകി. രേഖകൾ പരിശോധിച്ചപ്പോളാണ് യഥാർഥ സ്പോൺസർ കുവൈത്ത് സ്വദേശിയാണെന്ന കാര്യം അശോക് അറിയുന്നത്. അവർ ഇക്കാര്യങ്ങളൊന്നും അറിഞ്ഞിരുന്നില്ല. അവശനായിരുന്ന അശോകിനെ സൗദി പൊലീസ് ഉദ്യോഗസ്ഥൻ  ആശ്വസിപ്പിച്ചു. പൊലീസ് ജീപ്പിന്റെ മുൻ സീറ്റിലിരുത്തി സമീപത്തെ ഒരു ഹോട്ടലിലെത്തിച്ചു. പുറത്തിറങ്ങിയപ്പോൾ 10 റിയാലിന്റെ നോട്ട് അശോകി‌നു നൽകി ഭക്ഷണം കഴിക്കാൻ പറഞ്ഞു. ഇ‌ടയ ജീവിതത്തിന്റെ പ്രതിഫലമായി ആകെ കിട്ടിയത് ആ പണമാണ്.

നാട്ടിലേക്ക്

പൊലീസ് സ്റ്റേഷനിലെത്തിയ കുവൈത്ത് സ്വദേശി നേരത്തെ പറഞ്ഞ ജോലി നൽ‍കാൻ തയാറായെങ്കിലും നാട്ടിലേക്ക് മടങ്ങണമെന്ന് അശോക് തീരുമാനിച്ചു. മടക്കയാത്രയ്ക്കുള്ള ടിക്കറ്റിന്റെ ചെലവ് അവിടത്തെ മലയാളികൾ ശേഖരിച്ചു. 1992 ഡിസംബറിൽ അശോക് നാട്ടിലെത്തി. ഏജൻസിക്കെതിരെ പരാതി നൽകിയെങ്കിലും പ്രതികൾ ഒളിവിൽ പോയി. രക്ഷപ്പെടാൻ സഹായിച്ചവരെ പിന്നീടു കാണാൻ കഴിഞ്ഞില്ല.

പണയം വച്ച വീട് നഷ്ടപ്പെട്ടു. സമീപവാസിയുടെ സഹായത്താൽ അടുത്ത് ചെറിയ വീടുവച്ചു. പിന്നീട് പുതിയ സ്ഥലത്തേക്കു മാറി. ഇടക്കാലത്ത് 3 വർഷം അബുദാബിയിൽ ജോലി ചെയ്തു. ജോയ് എന്ന സിനിമാ നിർമാതാവിന്റെ ഡ്രൈവറായി. 2010ൽ ഇദ്ദേഹം നിർമിച്ച സിനിമയുടെ ചിത്രീകരണത്തിനിടെ കലാഭവൻ മണിയെ പരിചയപ്പെട്ടു. ഇതിനിടെ ഒരു ഓട്ടോ വാങ്ങി അതിന് ‘മണി’ക്കിലുക്കം എന്നു പേരിട്ടു. ഒരിക്കൽ കാഞ്ഞങ്ങാട്ടെത്തിയപ്പോൾ കലാഭവൻ മണിയെത്തി ഓട്ടോ കണ്ടിരുന്നു. ഇപ്പോൾ 58 വയസ്സായ അശോക് ടാക്സി ഡ്രൈവറായാണ് ജോലി ചെയ്യുന്നത്. ലീലയാണു ഭാര്യ. അഖില, അനില എന്നിവരാണു മക്കൾ. 

English Summary:

Sunday Special about N Ashok who led a goat life in Saudi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com