കടൽ കടന്നൊരു പെൺകുട്ടി
Mail This Article
കടലും കപ്പലും വിട്ടൊരു ജോലിക്കില്ലെന്നു തീരുമാനിച്ച് പിതാവിന്റെ വഴിയേ സഞ്ചരിച്ച ആൻ ടെസ ജോസഫ് പക്ഷേ, ഇങ്ങനെയൊക്കെ സംഭവിക്കുമെന്നു വിചാരിച്ചിരുന്നില്ല. പിടിച്ചെടുക്കപ്പെട്ട കപ്പലിൽ തോക്കിൻ മുനയിൽ കഴിഞ്ഞ ആ ദിനങ്ങളെക്കുറിച്ച് കോട്ടയം വാഴൂർ കൊട്ടുകാപ്പള്ളി പുതുമന വീട്ടിലിരുന്ന് ആൻ ടെസ ഓർക്കുകയാണ്. ആനിന്റെ പിതാവ് ബിജു ജോലി ചെയ്ത കപ്പൽ ഒരിക്കൽ കടൽക്കൊള്ളക്കാർ തട്ടിയെടുത്തതും സൈന്യമെത്തി മോചിപ്പിച്ചതും ഇതിന്റെ അനുബന്ധമായപ്പോൾ ഓർമയോളങ്ങൾക്ക് കനം കൂടുന്നു.
ആൻ പറഞ്ഞു തുടങ്ങി.. ‘യഥാർഥത്തിൽ ഈ തിങ്കളോ, ചൊവ്വയോ അവധിക്ക് ഇവിടെ എത്തേണ്ടിയിരുന്നതാ ഞാൻ. അബുദാബിയിൽ നിന്നു ചരക്കു കയറ്റി മുംബൈ നവഷേവ തുറമുഖത്തേക്കാണു എംഎസ്‌സി ഏരീസ് കപ്പൽ സഞ്ചരിച്ചു കൊണ്ടിരുന്നത്. നവഷേവയിൽ എത്തി സൈൻ ഓഫ് ചെയ്തു നാട്ടിലേക്കു വരാമെന്നാണു കരുതിയത്. കപ്പൽ ഹോർമുസ് കടലിടുക്കിലൂടെ പോകുകയായിരുന്നു. 13ന് രാവിലെ കപ്പലിന്റെ ബ്രിജിലേക്കെത്താൻ (കപ്പൽ നിയന്ത്രിക്കുന്ന സ്ഥലം) ഓഫിസർ പറഞ്ഞിരുന്നു.
ഞാൻ ഡെക്ക് കെഡറ്റാണ്. എന്റെ ക്യാബിനിൽ നിന്നു ബ്രിജിലേക്കു ലിഫ്റ്റ് കയറാൻ പോയപ്പോഴാണു തോക്കു പിടിച്ച് മുഖംമൂടിയിട്ട് സൈന്യത്തിന്റെ വേഷത്തിൽ ഒരാൾ അവിടെ നിൽക്കുന്നതു കണ്ടത്!. തല മരവിച്ചു പോയി. പെട്ടെന്നു തിരികെ ക്യാബിനിൽ കയറി കതകടച്ചു. ശരിക്കും ഭയന്നു. രാവിലെ താഴെ ചില ബഹളങ്ങളൊക്കെ കേട്ടിരുന്നെങ്കിലും ഇങ്ങനെയൊന്നു പ്രതീക്ഷിച്ചില്ല. അൽപസമയം കഴിഞ്ഞപ്പോൾ എല്ലാവരും ബ്രിജിലേക്ക് എത്തണമെന്നു ക്യാപ്റ്റന്റെ സന്ദേശമെത്തി. കപ്പലിലെ 25 ജീവനക്കാരും അവിടെയെത്തി.
കപ്പൽ ഇറാൻ സൈന്യം പിടിച്ചെടുത്തിരിക്കുകയാണെന്നും പ്രതിരോധിക്കാനോ മറ്റോ ശ്രമിക്കരുതെന്നും ക്യാപ്റ്റൻ പറഞ്ഞു. ഇരുപതോളം പട്ടാളക്കാരുണ്ടെന്ന് അപ്പോഴാണു മനസ്സിലായത്. രണ്ടു ഹെലികോപ്റ്ററുകളിലായാണ് അവർ എത്തിയതെന്നു പിന്നീടറിഞ്ഞു. ഞങ്ങളോടൊന്നും അവർ അധികം സംസാരിച്ചില്ല. ക്യാപ്റ്റനോടാണ് കാര്യങ്ങൾ പറഞ്ഞിരുന്നത്. കപ്പലിലെ വാർത്താവിനിമയ ബന്ധങ്ങളാണ് അവർ ആദ്യം വിഛേദിച്ചത്. ആർക്കും എങ്ങോട്ടും ബന്ധപ്പെടാൻ കഴിയാതെ വന്നപ്പോൾ നല്ലവണ്ണം വിഷമിച്ചു. എന്നാൽ പിന്നീട് അവർ അതു പുനഃസ്ഥാപിച്ചു. ഭയപ്പെടേണ്ട, എല്ലാവരും സുരക്ഷിതരായിരിക്കും ആരെയും ഉപദ്രവിക്കില്ല എന്നെല്ലാം അവർ പറഞ്ഞു.
പരസ്പരം അറബിയിലോ മറ്റോ ആണ് അവർ സംസാരിച്ചത്. ചിലർക്കു മാത്രം ഇംഗ്ലിഷ് അറിയാമായിരുന്നു. രണ്ടുദിവസം കഴിഞ്ഞ് തിങ്കളാഴ്ച വീട്ടിലേക്കു വിളിച്ചോളാൻ പറഞ്ഞപ്പോഴാണ് ആശ്വാസമായത്. വീട്ടുകാരെക്കുറിച്ച് ഓർത്തായിരുന്നു കൂടുതൽ വിഷമം. ഭക്ഷണമെല്ലാം കപ്പലിൽ ഉണ്ടായിരുന്നു. സൈനികരും അതാണു കഴിച്ചത്. എല്ലാവരെയും വീടുകളിലേക്കു വിളിക്കാനും മറ്റും അവർ അനുവദിച്ചിരുന്നു. വളരെ മാന്യമായാണു പെരുമാറിയിരുന്നത്. 17ന് ഉച്ചകഴിഞ്ഞു പെട്ടെന്നാണ് എന്നോട് പോകാൻ തയാറായിക്കൊള്ളാൻ പറഞ്ഞത്.
കപ്പലിലെ ഏക വനിതയാണു ഞാൻ. മറ്റു മൂന്നു മലയാളികൾ ഉൾപ്പെടെ 17 ഇന്ത്യക്കാർ, രണ്ടു റഷ്യക്കാർ, രണ്ടു പാക്കിസ്ഥാൻകാർ, നാലു ഫിലിപീൻസുകാർ എന്നിവരാണു കപ്പലിലെ സഹപ്രവർത്തകർ. തുറമുഖ നഗരമായ ബന്ദർ അബ്ബാസിലാണ് ഞാൻ ആദ്യമെത്തിയത്. അവിടെ നിന്നു ടെഹ്റാനിലെത്തി. പിന്നീടു ദോഹ വഴി കൊച്ചിയിൽ. രാത്രി ഏഴരയോടെ വീട്ടിലുമെത്തി. മോചനത്തിനായി ശ്രമിച്ച എല്ലാവരോടും നന്ദിയുണ്ട്. ബാക്കിയുള്ളവരും ഇതുപോലെ സുരക്ഷിതരായി വീടുകളിൽ എത്തും”- ആനിന്റെ ആത്മവിശ്വാസത്തിന് കടലാഴം.
ഇസ്രയേലുമായുള്ള സംഘർഷത്തെത്തുടർന്നാണ് ഇറാൻ കമാൻഡോകൾ കപ്പൽ പിടിച്ചെടുത്തത്. ഇസ്രയേൽ ശതകോടീശ്വരൻ ഇയാൽ ഓഫറിന്റെ സോഡിയാക് ഗ്രൂപ്പിന്റെ ഭാഗമായ സോഡിയാക് മാരിടൈം കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പലാണിത്. ഇറ്റാലിയൻ–സ്വിസ് കമ്പനിയായ എംഎസ്‌സിയാണു കപ്പലിന്റെ നടത്തിപ്പ്. ആൻ ടെസയെ കൂടാതെ സെക്കൻഡ് ഓഫിസർ വയനാട് മാനന്തവാടി സ്വദേശി പി.വി.ധനേഷ് (32), സെക്കൻഡ് എൻജിനീയർ കോഴിക്കോട് മാവൂർ സ്വദേശി ശ്യാം നാഥ് (31), തേഡ് എൻജിനീയറായ പാലക്കാട് കേരളശ്ശേരി സ്വദേശി എസ്.സുമേഷ് (31) എന്നിവരാണ് കപ്പലിലുള്ള മറ്റു മലയാളികൾ.
‘‘കുടുംബമായി താമസിച്ചിരുന്ന തൃശൂരിൽ നിന്ന് കോട്ടയത്തു പുതിയതായി പണികഴിപ്പിച്ച ഈ വീട്ടിലേക്ക് എത്തിയ ദിവസമാണ് ആൻ ജോലി ചെയ്യുന്ന കപ്പൽ ഇറാന്റെ പിടിയിലായെന്ന് അറിഞ്ഞത്. ഇറാൻ സൈന്യമായതിനാൽ ഉപദ്രവിക്കുകയൊന്നും ഇല്ലെന്ന് അറിയാമായിരുന്നു.”- ആനിന്റെ പിതാവും എണ്ണക്കപ്പലിൽ ഉദ്യോഗസ്ഥനുമായ ബിജു ഏബ്രഹാം പറഞ്ഞു.
"ഏതായാലും രണ്ടു മാസത്തിനു ശേഷം തിരിച്ചു പോകും. ആഗ്രഹിച്ചു നേടിയ ജോലിയാണ്. പപ്പയാണ് എന്റെ മാതൃക. കൊച്ചിയിൽ ബിഎസ്‌സി നോട്ടിക്കൽ സയൻസ് പഠിച്ച ഉടനെ ക്യാംപസ് സിലക്‌ഷനിലൂടെ ലഭിച്ചതാണ് ഈ ജോലി. സിംഗപ്പൂരിൽ നിന്നാണ് ഈ കപ്പലിൽ ചേർന്നത്. ജോലിയിൽ കയറിയിട്ട് ഒൻപതു മാസമേ ആയിട്ടുള്ളൂ. ചീഫ് ഓഫിസറെ സഹായിക്കുന്ന ജോലിയാണ് ഞാൻ ചെയ്യുന്നത്. പേപ്പർ വർക്കുകൾക്കു പുറമേ കപ്പൽ ബാലൻസ് ചെയ്യുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സഹായിക്കുക എന്നതാണു ഡക്ക് കെഡറ്റിന്റെ ജോലി”- ആൻ പറഞ്ഞു.
എന്നാൽ മകൾ കപ്പലിൽ നിന്നു ചിരിച്ചു സന്തോഷത്തോടെ ഫോണിൽ സംസാരിച്ചപ്പോഴും അൽപം ആശങ്ക തോന്നിയതായി ബിജു പറഞ്ഞു. എത്ര പ്രശ്നങ്ങളുണ്ടെങ്കിലും അതൊന്നും പുറമേ അറിയിക്കാത്ത പ്രകൃതക്കാരിയാണ് ആൻ. അമ്മ ബീന പറഞ്ഞു.
കടൽക്കൊള്ളക്കാരുടെ മുന്നിൽപ്പെട്ട ബിജു
2008ൽ തന്റെ പിറന്നാൾ ദിനത്തിൽ സോമാലിയൻ കടൽക്കൊള്ളക്കാരുടെ കപ്പൽ ആക്രമണത്തിന്റെയും രക്ഷപ്പെടലിന്റെ ഓർമകളും ബിജു പങ്കുവച്ചു.
“2008 ഡിസംബർ നാലിന് എന്റെ പിറന്നാൾ ദിവസമാണ്. ഞങ്ങൾ സൗദിയിലേക്കു ചരക്കുമായി പോകുകയാണ്. ഈഡൻ കടലിടുക്കിൽ വച്ചാണു സംഭവം. രാവിലെ എട്ടരയോടെ ഞാൻ ഓഫിസിൽ ചെന്നിരുന്നപ്പോഴും എന്തോ ഒരു ആശങ്ക തോന്നി. ഇന്നു കപ്പൽ ആക്രമിക്കപ്പെടും എന്ന് ഒരു തോന്നൽ. അക്കാര്യം ഞാൻ എന്റെ പിതാവിനോടും ഭാര്യ ബീനയോടും വിളിച്ചു പറഞ്ഞു. ഏതായാലും പുറത്തേക്കു നോക്കുമ്പോൾ കപ്പലിനു നേരെ ചെറു ബോട്ടുകൾ വരുന്നത് ശ്രദ്ധയിൽപ്പെട്ടു. ഞാൻ ഇക്കാര്യം ജൂനിയർ ഓഫിസർമാരുടെ ശ്രദ്ധയിൽപ്പെടുത്തി.
അൽപം കൂടി കഴിഞ്ഞപ്പോൾ ചെറുബോട്ടുകളുടെ എണ്ണം വർധിച്ചു. ഏതാണ്ട് 20 ബോട്ടുകൾ കപ്പൽ വളയുന്നതാണു കണ്ടത്. ഉടൻ തന്നെ ക്യാപ്റ്റനെ അറിയിച്ചു. മുംബൈക്കാരനായ അദ്ദേഹം വല്ലാതെ ഭയന്നു. 15 മിനിറ്റിനുള്ളിൽ വിവിധ രാജ്യങ്ങളിലെ സേനകളുടെ ഹെലികോപ്റ്ററുകൾ പാഞ്ഞെത്തി. ചെറുബോട്ടിൽ നിന്നു കപ്പലിലേക്ക് കൊളുത്തുകൾ എറിഞ്ഞു പിടിച്ചു കയറി ബ്രിജിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതാണ് സോമാലിയൻ കടൽക്കൊള്ളക്കാരുടെ രീതി. കപ്പലുകൾ പിടിച്ചെടുത്ത ശേഷം തിരികെ തരുന്നതിന് വൻതുക മേടിച്ചെടുക്കും. അവർ കപ്പലിലേക്കു വെടിവച്ചോ എന്നു സൈന്യം വയർലെസിലൂടെ ചോദിച്ചു. ഇല്ലെന്നു ഞാൻ പറഞ്ഞു.
വെടിവച്ചെന്നു പറഞ്ഞിരുന്നെങ്കിൽ അങ്ങോട്ടേക്കു തുടരെ വെടി ഉതിർത്ത് ആകെ പ്രശ്നമായേനെ. ഇതിനിടെ ഹെലികോപ്റ്ററുകളെല്ലാം വന്നപ്പോഴേക്കും കടൽക്കൊള്ളക്കാർ കടലിൽ വലയെറിഞ്ഞ് മീൻപിടിത്തക്കാരെപ്പോലെ നിന്നു. പുരുഷന്മാരോ വനിതകളോ എന്നു തിരിച്ചറിയാൻ കഴിയാത്ത രീതിയിലുള്ള വസ്ത്രങ്ങളാണ് അവർ ധരിച്ചിരുന്നത്. കയ്യിൽ തോക്കുകൾ പിടിച്ചിരിക്കുന്നതും ഞാൻ കണ്ടിരുന്നു. അവരെയെല്ലാം ഹെലികോപ്റ്റർ പായിച്ചു. ഏതായാലും 15 നോട്ടിക്കൽ മൈൽ ദൂരത്തോളം അകമ്പടിയായി ഹെലികോപ്റ്ററുകൾ കൂടെ പറന്ന് ഞങ്ങളെ സുരക്ഷിത മേഖലയിൽ എത്തിച്ചു. –ബിജു പറഞ്ഞു.
മകൾ തിരികെ കപ്പലിൽത്തന്നെ ജോലിക്കു പോകും എന്ന പറയുമ്പോഴും ഈ വീടിനു കുലുക്കമില്ല. മൂത്തമകൾ ആൻ മേരിയും ഇളയമകൻ അലക്സും ഒപ്പം ചേർന്നു.
കടലും കപ്പലുമൊക്കെയല്ലേ നീന്തൽ അറിയുമോ എന്നു ചോദിച്ചപ്പോൾ ബിജു നിറഞ്ഞു ചിരിച്ചു.
"ഏയ്, എനിക്കും ആനിനും നീന്തൽ അറിയില്ല. എങ്ങാനും വീണു പോയാൽ കടലിൽ മൂന്നു ദിവസത്തെ പണിയൊക്കെ കഴിഞ്ഞ് തിരികെ വരുമെന്ന് ഭാര്യയോട് പറഞ്ഞിട്ടുണ്ട്”- ചിരിയിൽ പതറാത്ത ധൈര്യത്തിന്റെ തിര.
കപ്പലിലെ 25 ജീവനക്കാരും ബ്രിജിലെത്തി. കപ്പൽ ഇറാൻ സൈന്യം പിടിച്ചെടുത്തിരിക്കുകയാണെന്നും പ്രതിരോധിക്കാനോ മറ്റോ ശ്രമിക്കരുതെന്നും ക്യാപ്റ്റൻ പറഞ്ഞു. ഇരുപതോളം പട്ടാളക്കാരുണ്ടെന്ന് അപ്പോഴാണു മനസ്സിലായത്. രണ്ടു ഹെലികോപ്റ്ററുകളിലായാണ് അവർ എത്തിയതെന്നു പിന്നീടറിഞ്ഞു.