ADVERTISEMENT

2012 ഫെബ്രുവരി 11 വരെ നിഖിൽ ഒരു സാധാരണ കുട്ടിയായിരുന്നു. ഊർജമേറെയുള്ളൊരു 19 വയസ്സുകാരൻ. ആ പകലിലാണ് അവന്റെ ജീവിതം കീഴ്മേൽ മറിഞ്ഞത്. അക്കാലം നിഖിൽ പറയും; ഹെൽത്ത് ഇൻസ്പെക്ടർ കോഴ്സ് ചെയ്യുന്ന കാലമായിരുന്നു. കൂട്ടുകാരന്റെ ബൈക്കെടുത്തു പുറത്തുപോയതാണ്. ഇരിങ്ങാലക്കുട നടവരമ്പിലെ സുഹൃത്തിന്റെ വീട്ടിലേക്കുള്ള യാത്രയായിരുന്നു. പെട്ടെന്നൊരു ഫോൺ വന്നു. വണ്ടി നിർത്താതെ തന്നെ ഫോണെടുക്കാൻ ശ്രമിച്ചതാണ്.

പ്രായത്തിന്റെ ചോരത്തിളപ്പിൽ ഹെൽമറ്റ് വച്ചിട്ടുമുണ്ടായിരുന്നില്ല. പാളിപ്പോയ വണ്ടി ഒരു പോസ്റ്റിലേക്കിടിച്ചു കയറി. കാര്യമായ പരുക്കൊന്നും പുറത്തു കാണാനുണ്ടായിരുന്നില്ല. തല ശക്തിയായി ഇടിച്ചിരുന്നു. കഴുത്തിലെ മൂന്ന് എല്ലുകൾ ഒടി‍ഞ്ഞിരുന്നു. സ്പൈനൽ കോഡ് പൊട്ടി എല്ലിലേക്കിടിച്ചുകയറി. 18 മാസം തൃശൂരിലെ ഒരാശുപത്രിയിൽ ഐസിയുവിൽ കിടന്നു. അതിൽ 13 മാസം വെന്റിലേറ്ററിലായിരുന്നു. വീട്ടിൽനിന്ന് ചിരിച്ചുകൊണ്ടിറങ്ങിയ നിഖിൽ രാജ് എന്ന 19 വയസ്സുകാരൻ ചികിത്സയുടെ സൗകര്യാർഥമെടുത്ത ചിയ്യാരത്തെ വാടകവീട്ടിലേക്കു തിരിച്ചെത്തുമ്പോൾ കഴുത്തിനു മുകളിൽ മാത്രം സ്പർശനശേഷിയുള്ള മറ്റൊരാളായിക്കഴിഞ്ഞിരുന്നു.

2014ലെ ഒരു പകൽ; തൃശൂരിലെ നെല്ലിക്കുന്ന് സെന്റ് സെബാസ്റ്റ്യൻസ് പള്ളി. ശാരീരിക വിഷമതകൾ നേരിടുന്നവർക്കായി നടത്തിയ ഒരു കൂട്ടായ്മയായിരുന്നു അന്നവിടെ. വീൽചെയറിൽ നിഖിൽ നീങ്ങുമ്പോഴാണ് എതിരെ മറ്റൊരാളെ കാണുന്നത്. നിലാവുപോലുള്ള മുഖത്തുണ്ട് കാർമേഘത്തിന്റെ ചെറുതുണ്ട്. നിഖിൽ ചോദിച്ചു, ‘ചേച്ചിയുടെ മുഖത്ത് എന്താണിത്ര സങ്കടം?’ അവളുടെ കണ്ണുകൾ നിറഞ്ഞെന്ന് അവനു തോന്നി.

പ്രിയമാനസം

മഞ്ജു; മ‍ഞ്ജു ജോസ്. തെളിഞ്ഞു ചിരിക്കുന്നവൾ. ആ പയ്യന്റെ ചോദ്യത്തിൽ അവൾ വല്ലാതായി. തന്നോടു സ്നേഹത്തോടെ ചോദിച്ച കുട്ടി വീൽചെയറിലാണെന്ന് അവൾ തിരിച്ചറിഞ്ഞു. തല മാത്രം അനക്കുന്നുണ്ട്. നോക്കിയപ്പോൾ മനസ്സിലായി തല മാത്രമേ അവനു ചലിപ്പിക്കാനാകൂ. നിശ്ചലമായ കൈകൾ മടിയിൽ ഒന്നുമറിയാതിരിക്കുന്നു. ഇത്രയും വയ്യായ്മകൾ അലട്ടുന്നൊരാളുടെ മുഖത്ത് എന്തുമാത്രം സന്തോഷമാണു നിറ‍ഞ്ഞുതൂവുന്നതെന്നവൾ അദ്ഭുതപ്പെട്ടു. 

മഞ്ജുവിന്റെ കണ്ണു നിറയുന്നതു കണ്ട നിഖിൽ അമ്മയോടു വിവരം പറഞ്ഞു. ‘ഞാനിത്രയേ ചോദിച്ചുള്ളൂ, ചേച്ചിയുടെ കണ്ണു നിറഞ്ഞു’. ആ ഒറ്റക്കാഴ്ചയിൽ മഞ്ജു ചേച്ചിയും നിഖിൽ അവളുടെ അനിയനുമായി. 

അരികിലെത്തി ‘എന്താണു മോളേ’ എന്നു ചോദിച്ചത് നിഖിലിന്റെ അമ്മയായിരുന്നു. അനിലയെന്നു വിളിപ്പേരുള്ള വിക്ടോറിയ. നിഖിലിന്റെ കാവൽ മാലാഖ. കിടപ്പിലായ മകന്റെ ജീവശ്വാസമായി അന്നുമുതലേ കൂട്ടിരുന്നവൾ. മഞ്ജുവിനെ പരിചയപ്പെട്ട് നീങ്ങുമ്പോൾ മഞ്ജുവിനരികെയുണ്ടായിരുന്നു അമ്മ മേരി. വിമല കോളജിൽനിന്ന് വിരമിച്ച ഇക്കണോമിക്സ് പ്രഫസർ.

കാലുകളിടറിത്തുടങ്ങിയപ്പോൾ അമ്മയുടെ കൈത്തണ്ടയായിരുന്നു അവളുടെ കരുത്തുള്ള കോട്ട. നിഖിലും മ‍ഞ്ജുവുമെന്നതുപോലെ വിക്ടോറിയയും മേരിയും അന്നു കൂട്ടുകാരായി. ആ കൂട്ടുകെട്ടിന് ദശകമൊന്നു കഴി‍ഞ്ഞിട്ടും അതേ ബലമുണ്ട്. പരസ്പരം പ്രചോദിപ്പിച്ചും താങ്ങായും സന്തോഷമായുമെല്ലാം അവർ സ്നേഹത്തിന്റെ ഒരു വലിയ വൃത്തം വരച്ചിട്ടുണ്ട്.

പരീക്ഷണകാലം

ചാലക്കുടിയിലായിരുന്നു മഞ്ജുവിന്റെ ഡിഗ്രി പഠനം. കൂട്ടുകാർക്കൊപ്പം രസകരമായ ട്രെയിൻ യാത്രകൾ. എംഎയ്ക്കു തൃശൂർ അരണാട്ടുകരയിലെ ജോൺ മത്തായി സെന്ററിലേക്കെത്തിയപ്പോഴേക്കും നടപ്പിനു വേഗത കുറഞ്ഞു. ആരുടെയെങ്കിലും കൈത്തണ്ടയിൽ മുറുക്കെപ്പിടിച്ചേ നടക്കാനാകൂ എന്ന നില. പിടിവിട്ടാൽ വീണുപോകുമോ എന്നൊരാശങ്ക. അതിനിടെ മഞ്ജുവിനെ അലട്ടിയ വേദനയെക്കുറിച്ചു മൂന്നിടങ്ങളിൽ നിന്നു കിട്ടിയതു മൂന്നു വ്യത്യസ്ത നിഗമനങ്ങൾ.

പലവിധ ചികിത്സകളുടെ യാത്രകൾ. അലോപ്പതിയും ആയുർവേദവുമെല്ലാം മാറിമാറിപ്പരീക്ഷിച്ചു പാഴാക്കിയ കുറെ നാളുകൾ. ഓർക്കുമ്പോൾ മഞ്ജുവിനിപ്പോഴും തീരാത്ത വേദനയുണ്ടതിൽ. കാര്യമെന്തെന്നു കൃത്യമായറിയാതെ നടത്തുന്ന പരീക്ഷണങ്ങൾ എത്ര സങ്കടമാണ് ഓരോരുത്തർക്കും ഉള്ളിലുണ്ടാക്കുന്നതെന്ന് എല്ലാവരും അറിയണമെന്നാണു മഞ്ജുവിന്റെ ആഗ്രഹം.  

നിഖിലിനെ പരിചയപ്പെട്ടതും അവനിലെ പോസിറ്റിവ് എനർജി കണ്ടതും അവർ താമസിക്കുന്നതു ചിയ്യാരത്താണെന്നതും അവൾക്കു നൽകിയ സന്തോഷം ചെറുതല്ല. അടുത്തായതിനാൽ നിഖിലിന്റെ വീട്ടിലേക്ക് ഓട്ടോയിലോ മറ്റോ കയറിപ്പോകുമ്പോൾ അമേരിക്കയിലേക്കു പോകാനായ സന്തോഷമായിരുന്നെന്നു മഞ്ജു. 2016ൽ വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിൽ ചെന്നപ്പോഴാണ് വീൽചെയറിലല്ലാതെ സുരക്ഷിതമായി നീങ്ങാനാകില്ലെന്നു തിരിച്ചറിഞ്ഞത്. 

 നിലാവു പോലെ

ഇടയ്ക്കിടെയുള്ള ഫോൺ വിളികളിലൂടെയും കൂടിക്കാഴ്ചകളിലൂടെയും ചേച്ചിയും അനിയനും പരസ്പരം പ്രചോദിപ്പിച്ചു. നിഖിലിന്റെ ആത്മവിശ്വാസവും മഞ്ജുവിന്റെ പ്രസന്നതയും ചുറ്റുമുള്ളവരിലേക്കും നിലാവായി. ആശുപത്രിയിൽനിന്നു വീട്ടിലെ കട്ടിലിലേക്ക് എത്തിയ നിഖിൽ അക്ഷരാർഥത്തിൽ മറ്റൊരാളായിരുന്നു.

‘19 വയസ്സുവരെ എന്നെക്കൊണ്ട് വീട്ടുകാർക്കോ നാട്ടുകാർക്കോ യാതൊരു ഗുണവുമുണ്ടായിട്ടില്ല. ആ അപകടത്തിനുശേഷമാണ് എന്നെക്കൊണ്ട് ഒരുപാടു പേർക്കു ഗുണമുണ്ടായത്’. തലയൊരു വശത്തേക്കു പതിയെ തിരിച്ചു പറയുന്ന അവന്റെ വാക്കുകൾക്കു വല്ലാത്ത ദൃഢത. പിന്നീട് നിഖിലിനെ അന്വേഷിച്ച് ആളുകളെത്തിത്തുടങ്ങി.

സങ്കടത്തോടെ അവനരികെ നിന്നവർ അവന്റെ ആത്മവിശ്വാസവും കണ്ണിലെ പുഞ്ചിരിയും കണ്ട് അദ്ഭുതപ്പെട്ടു. ‘നിനക്കിതെങ്ങനെ സാധിക്കുന്നു’ എന്നു നിഖിലിനോട് ചോദിച്ചവർ ഒരുപാടാണ്. പിന്നീട് നിഖിൽ പ്രചോദനാത്മക പ്രഭാഷണങ്ങളിലേക്കു തിരിഞ്ഞു. സ്വന്തം ജീവിതമായിരുന്നു അവന്റെ മൂലധനം. സ്കൂളുകളിലും കൂട്ടായ്മകളിലും ധ്യാനകേന്ദ്രങ്ങളിലും ട്രാഫിക് ബോധവൽകരണ ക്ലാസ്സുകളിലുമെല്ലാം അവന്റെ വാക്കുകൾ ആളുകളെ പ്രചോദിപ്പിച്ചു.

ആംബുലൻസിൽ കിടന്ന കിടപ്പിൽ പോകുന്ന അവനെ വേദിയിലെത്തുമ്പോൾ വീൽചെയറിലേക്കു മാറ്റി ബെൽറ്റിട്ടു മുറുക്കി മൈക്കിനു മുന്നിൽ ഇരുത്തുകയാണു പതിവ്. നിഖിലിനോട് തങ്ങളുടെ സങ്കടങ്ങൾ കരഞ്ഞുപറഞ്ഞ് ആശ്വാസം നേടി ആത്മഹത്യയിൽ നിന്നു പോലും തിരിഞ്ഞു നടന്നവരുണ്ട്.  അവന്റെ വാക്കുകൾ യുട്യൂബിലും മറ്റും കേട്ട് ജീവിതത്തിലേക്കു തിരിച്ചുവരുന്നവരേറെയാണ്. 

രണ്ടാം പിറവി

ചിയ്യാരം കോരപ്പത്ത് ലൈൻ നീലംപാട്ടിൽ വീട്ടിൽ നിഖിലിന്റെ കട്ടിലിനരികെ അവന്റെ കണ്ണിലേക്കു നോക്കി അമ്മ നിൽക്കുന്നത് വറ്റാത്ത ചിരിയോടെയാണ്. അങ്ങനെയല്ലാതെ കാണാൻ അവനും ഇഷ്ടമല്ല. തന്റെ കൈകളിൽ അമ്മ തലോടുന്നത് ആ 31 വയസ്സുകാരൻ കാണുന്നുണ്ടെങ്കിലും ആ സ്നേഹസ്പർശനം അറിയുന്നില്ല. അവനരികെ വീൽചെയറിൽ മഞ്ജുവും തൊട്ടുപിന്നിൽ മേരിയുമുണ്ട്. നാലു നക്ഷത്രങ്ങൾ ചിരിതൂകുന്ന ആകാശം പോലെ സ്നേഹത്താൽ വിശാലമായിരുന്നു ആ കുഞ്ഞുമുറി. 

നിഖിലിന്റെ അച്ഛൻ കസ്പരാജ് മരിച്ചത് അടുത്തിടെയാണ്. 2023 ഫെബ്രുവരി 14ന്. പെട്ടി ഓട്ടോ ഓടിച്ചായിരുന്നു കുടുംബം പുലർത്തിയത്. 2022 മേയ് മാസം കഴുത്തിൽ കണ്ട ഒരു മുഴ നീക്കം ചെയ്യുകയും ബയോപ്സിക്ക് അയയ്ക്കുകയും ചെയ്തിരുന്നു. കുഴപ്പമൊന്നും കണ്ടെത്തിയില്ല. വീണ്ടും അതു പഴുത്തതോടെ ജൂലൈയിൽ അടുത്ത ശസ്ത്രക്രിയയും പരിശോധനയും.

ക്യാൻസറിന്റെ നാലാം ഘട്ടമെത്തിയിരുന്നു. ആവുന്ന എല്ലാ ചികിത്സകളും ചെയ്തിട്ടും രക്ഷപ്പെടുത്താനായില്ല. വേദന തിന്ന് ഏറെനാൾ കിടക്കേണ്ടി വന്നില്ലല്ലോ എന്നതാണു വീട്ടുകാരുടെ ആശ്വാസം. നിഖിലിനു രണ്ടു സഹോദരങ്ങളാണ്. അഖിൽ രാജും അനു റോസും. കശുവണ്ടിക്കമ്പനിയിൽ ജോലിയുണ്ടായിരുന്ന അമ്മ, നിഖിൽ വീണ നാൾ മുതൽ അവധിയിലാണ്. അന്നുമുതൽ നിഖിലിനു പുറത്തു പോകേണ്ടപ്പോഴല്ലാതെ വിക്ടോറിയ വീടിനു പുറത്തേക്കിറങ്ങിയിട്ടില്ല. അവന്റെ ആംബുലൻസിൽ അരികെ അമ്മയുമുണ്ടാകും. 

നവംബർ 16നാണ് നിഖിലിന്റെ ജന്മദിനം. അതിനു പുറമേ മറ്റൊരു ദിനം കൂടി അമ്മയും മക്കളും ചേർന്നു വീട്ടിൽ കേക്കു മുറിച്ച് ആഘോഷിക്കാറുണ്ട്. ഫെബ്രുവരി 11ന്. നിഖിൽ ബൈക്കിടിച്ചു പരുക്കേറ്റ ദിനം. തന്റെ പുനർജന്മ ദിനമാണെന്നാണ് നിഖിൽ ആ ദിനത്തെ വിളിക്കുന്നത്. അപകടങ്ങളിൽ എത്രയോ പേർ മരിച്ചുപോകുമ്പോഴും തനിക്ക് ഇത്രയെങ്കിലും തിരിച്ചുകിട്ടിയല്ലോ എന്നതിലാണ് അവൻ ദൈവത്തെ ഓർക്കുന്നത്.

അന്നു വിളിച്ച് ആശംസകൾ അറിയിക്കുന്ന, കേക്കു കൊണ്ടുവരുന്ന ഒട്ടേറെ പ്രിയപ്പെട്ടവരുണ്ട്. അവനു രണ്ടു ജന്മദിനങ്ങളാണെന്നു വിക്ടോറിയയുടെ പുഞ്ചിരി. ഇക്കാലമത്രയും പലവിധ ചികിത്സകൾ നടത്തിയിട്ടും അവരെല്ലാം പ്രതീക്ഷയോടെ കാത്തിരിക്കുന്നുണ്ട്, നല്ലൊരു ദിവസത്തിനായി. 

തൃശൂർ ഇക്കണ്ട വാരിയർ റോഡിലെ ‘അക്കരപ്പറ്റി’ വീട്ടിൽ മഞ്ജുവിനു കൂട്ടായി അച്ഛൻ ജോസും അമ്മ മേരിയും. മഞ്ജുവിനും രണ്ടു സഹോദരങ്ങളാണ്. ചാക്കോയും രേണുവും. ഓരോ ചുവടും മുന്നിലേക്കാകണമെന്ന മഞ്ജുവിന്റെ ജീവിതമന്ത്രത്തിന് എല്ലാവരുടെയും സ്നേഹപിന്തുണകളുണ്ട്. അതിന്റെ ബലത്തിലാണ് മഞ്ജു പതിയെ വാക്കറിൽ നടന്നുതുടങ്ങുന്നത്. .

പ്രതീക്ഷകളുടെ വലിയൊരു കടലാണു മഞ്ജുവും നിഖിലും. മേരിയും വിക്ടോറിയയും അവരുടെ കാവൽമാലാഖമാരും. നിഖിലിന്റെയൊപ്പം ഈയടുത്ത് ഒരു വേദിയിൽ മഞ്ജുവും അനുഭവങ്ങൾ പങ്കുവച്ചിരുന്നു. ആയിരം പേരോളം പങ്കെടുത്ത പരിപാടിയായിരുന്നു അത്. നിഖിൽ അടുത്തുണ്ടെന്ന ധൈര്യം കൊണ്ടു മാത്രമാണ് താനതിൽ പങ്കെടുത്തതെന്നു മഞ്ജു പറയുന്നു. ഇടവകപ്പള്ളിയിലെ ബുള്ളറ്റിനിൽ‌ എഴുതിയ പ്രചോദനാത്മക കുറിപ്പുകൾ ചേർത്ത് ‘നടനം’ എന്നൊരു പുസ്തകവും മഞ്ജുവിന്റേതായുണ്ട്. പിജി പഠനകാലത്തു തുടങ്ങിയതാണു കുട്ടികൾക്കുള്ള ട്യൂഷൻ ക്ലാസ്സുകൾ. അധ്യാപനം ഏറെയിഷ്ടമുള്ളതിനാൽ ഇപ്പോഴും കുട്ടികൾക്കു ക്ലാസ്സെടുക്കുന്നുണ്ട്. അതു തരുന്ന ഊർജം വലുതാണെന്നു മഞ്ജുവിന്റെ സാക്ഷ്യം. 

വീൽചെയറിൽ താണ്ടിയ വഴികളിലൂടെ ഉറച്ച ചുവടുകൾ വച്ചു മഞ്ജു നീങ്ങട്ടെയെന്നാണ് അവളെ അറിയുന്ന എല്ലാവരുടേയും ആഗ്രഹം; മഞ്ജുവിന്റെ ആഗ്രഹവും മറ്റൊന്നല്ല. നിറ‍ഞ്ഞ ചിരിയോടെ ലോകത്തെ നോക്കുന്ന നിഖിലിന്റെ പ്രിയപ്പെട്ടവരും കാത്തിരിക്കുന്നത് അവന്റെ വിരലൊന്നനക്കാനും പതിയെ എണീറ്റിരിക്കാനും കഴിയുന്ന ദിവസത്തിനുവേണ്ടിയാണ്. ‘അസാധ്യമായത് ഒന്നുമില്ലെന്ന’ ബൈബിൾ വചനം ഇവരുടെയൊക്കെ മനസ്സിൽ ആഴത്തിൽ കോറിയിട്ടിട്ടുണ്ട്; കല്ലിൽ കൊത്തിവച്ചതുപോലെ ! 

English Summary:

Sunday Special about Nikhil Raj and Manju

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com