ADVERTISEMENT

മാനസിക, ശാരീരിക പരിമിതികൾ നേരിടുന്ന കുട്ടികളെക്കുറിച്ചും അവരുടെ അമ്മമാരുടെ ജീവിതത്തെക്കുറിച്ചും എഴുത്തിനെക്കുറിച്ചുമൊക്കെ രണ്ടു മണിക്കൂറിലേറെ സംസാരിച്ചിരുന്നപ്പോഴെല്ലാം മുന്നിലിരുന്ന സ്മിത ഗിരീഷ് എന്ന വ്യക്തി ഒരാളായിരുന്നില്ല, രണ്ടു പേരായിരുന്നു. സംഭാഷണത്തിനിടെ സ്മിതയ്ക്കുള്ളിലെ മറ്റൊരു സ്മിത പെട്ടെന്നു ജാഗരൂകയായി മാറുന്നതും മുറിവിട്ടു പോകുന്നതും പലവട്ടം കണ്ടു.

ആശയവിനിമയ പരിമിതിയുള്ള പത്തുവയസുകാരൻ മകൻ ഇഷാന്റെ കണ്ണും കാതും നാവും ഹൃദയവുമെല്ലാം സ്മിതയാണ് എന്നതാണതിനു കാരണം. തൊട്ടടുത്ത മുറിയിൽ സ്മിതയുടെ അമ്മയോടൊപ്പമായിരുന്നു ഇഷാനെങ്കിലും ഒരു ചെറു ശബ്ദം കേട്ടാൽ, കതകൊന്നടഞ്ഞാൽ സ്മിതയുടെ കണ്ണിൽ ആകുലത നിറയും, മനസ്സ് ജാഗ്രത്താകും. കാരണം കുട്ടി ഏതു നിമിഷവും കൈവിട്ട് ഓടാനും അപ്രവചനീയമായ കാര്യങ്ങൾ ചെയ്യാനും സാധ്യതയുണ്ട്.

ഇഷാനാണ് ഈ അമ്മയുടെ സൂര്യൻ. അവനെച്ചുറ്റിയുള്ള ഭ്രമണം മാത്രമാണു സ്മിതയ്ക്കു ജീവിതം. കഴിഞ്ഞ 10 വർഷമായി ഇരുപത്തിനാലു മണിക്കൂറും 365 ദിവസവും സ്മിത നയിക്കുന്നത് ഈ ജീവിതമാണ്. ഇത്തരത്തിലുള്ള വിവിധ ശാരീരിക, മാനസിക പരിമിതികളാൽ വലയുന്ന കുട്ടികളുള്ള അമ്മമാരുടെയെല്ലാം ജീവിതം ഇങ്ങനെ തന്നെ.

മക്കൾക്കു ചുറ്റുമുള്ള ഭ്രമണപഥത്തിൽ അവർ ബന്ധിക്കപ്പെട്ടിരിക്കുന്നു. മറ്റൊരു ലോകമോ ഒറ്റയ്ക്കും കൂട്ടായുമുള്ള ആഘോഷങ്ങളോ മിക്കവാറും അവർക്ക് അന്യം. അത്തരം ഒട്ടേറെ അമ്മമാരെ അടുത്തറിഞ്ഞിട്ടുള്ളതിനാൽ അവർക്കു കൂടി വേണ്ടിയുള്ള പോരാട്ടത്തിലാണ് എഴുത്തുകാരിയും അഭിഭാഷകയും ഇഷാന്റെ അമ്മയുമായ സ്മിത ഗിരീഷ്. ആ മക്കൾക്ക് മികച്ച ചികിൽസ ലഭിക്കുന്നതിനായി, മെച്ചപ്പെട്ട വിദ്യാഭ്യാസം നേടുന്നതിനായി, വീടുകളിൽ തളച്ചിടപ്പെട്ട അമ്മമാർക്ക് പുറത്തുപോകാനും ജോലിയെടുക്കാനും കഴിയുന്നതിനായി എഴുത്തിലൂടെയും പ്രസംഗങ്ങളിലൂടെയുമെല്ലാം സർക്കാരുകളോട് നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ് സ്മിത ഗിരീഷ്.

ഇഷാന്റെ ജനനം, അതിജീവനം

ആദ്യ കുട്ടി ഗർഭാവസ്ഥയിൽ മരണമടഞ്ഞതിനെത്തുടർന്ന് ഏറെ മാനസികപ്രശ്നങ്ങളിലൂടെ കടന്നുപോയിട്ടുണ്ട് സ്മിത. ഇഷാൻ ജനിച്ച് രണ്ടര വയസ്സ് വരെ എല്ലാം സ്വാഭാവികമായിരുന്നു. പിന്നീടാണ് ആശയവിനിമയത്തിൽ ചെറിയ പരിമിതിയും ഹൈപ്പർ ആക്റ്റിവിറ്റിയുടെ ലക്ഷണങ്ങളും അവൻ കാണിച്ചു തുടങ്ങിയത്.

സ്മിതയുടെ ഭർത്താവ് ഗിരീഷിന് ഗൾഫിലാണു ജോലി. ഇഷാനെ പരിചരിക്കേണ്ടതിനാൽ ജുഡീഷ്യൽ സർവീസ് എന്ന ഏറ്റവും ആശിച്ച തൊഴിൽ മേഖല വേണ്ടെന്നു വയ്ക്കേണ്ടി വന്നു സ്മിതയ്ക്ക്. ആദ്യ ടെസ്റ്റ് പാസായെങ്കിലും പിന്നീടു മുന്നോട്ടുപോകാൻ കഴിഞ്ഞില്ല. കുന്നംകുളത്ത് വക്കീൽ ഓഫിസ് തുറന്ന് പ്രാക്ടീസ് ആരംഭിച്ചെങ്കിലും മകന്റെ ചികിൽസയും വിദ്യാഭ്യാസവുമെല്ലാമായി നിത്യവും ഓട്ടത്തിലായിരുന്നതിനാൽ അതും പൂർണ തോതിൽ പ്രവർത്തിപ്പിക്കാനാകുന്നില്ല.

ഇഷാന്റെ അവസ്ഥയുമായി ബന്ധപ്പെടുത്തിയുള്ള കുറ്റപ്പെടുത്തലുകളും പരാതികളുമെല്ലാം തുടക്കത്തിൽ തുടരെ കേൾക്കേണ്ടിവന്നതും വലിയ ആഘാതമായി മാറി. ആദ്യ കുട്ടിയുടെ മരണമേൽപ്പിച്ച മാനസികസമ്മർദത്തിൽ നിന്നു കരകയറി വരുമ്പോഴായിരുന്നു ഈ പ്രതിസന്ധി. ആരും തകർന്നുപോകുന്ന അവസ്ഥ. ചെറുപ്പത്തിൽ സജീവമായി കൂടെയുണ്ടായിരുന്ന എഴുത്തിനെ തിരികെപ്പിടിച്ചാണ് സ്മിത ആ പരീക്ഷണഘട്ടം തരണം ചെയ്തത്.

ഇഷാനെ കൺവെട്ടത്തിരുത്തി വീട്ടുജോലികൾക്കിടയിലും മറ്റു തിരക്കുകൾക്കിടയിലും ഒരു വിരലുപയോഗിച്ച് മൊബൈൽ ഫോണിൽ എഴുതിക്കൂട്ടിയത് 3 പുസ്തകങ്ങൾ. ബൊഹീമിയൻ റിപ്പബ്ലിക്, കോട്ടയം ഡയറി, സ്വപ്നമെഴുത്തുകാരി. സംഗീതം ആസ്പദമാക്കിയുള്ള നാലാമത്തെ പുസ്തകം ഉടൻ പുറത്തിറങ്ങുന്നു. നാൽപതാം വയസ്സിനു ശേഷം എഴുതിത്തുടങ്ങിയ ഒരാളെ സംബന്ധിച്ചിടത്തോളം ഏറെ അഭിമാനാർഹമായ നേട്ടം.

ഇഷാനെ കുന്നംകുളം സർ രാജശ്രീ രാമവർമ സ്കൂളിൽ ചേർത്ത 2019ൽ അധ്യയന വർഷം മുഴുവൻ ക്ലാസ് കഴിയും വരെ മനസ്സിൽ ആധിയുമായി സ്കൂൾ വളപ്പിൽ കാത്തിരിക്കുമായിരുന്നു. അന്ന് മൊബൈലിൽ എഴുതിത്തീർത്തതാണ് സ്മിതയുടെ ഏറെ വായിക്കപ്പെട്ട ‘കോട്ടയം ഡയറി എന്ന പുസ്തകം’. ഇഷാനെ കോട്ടയത്തെ ജുവൽ എന്ന തെറപ്പി സെന്ററിൽ പ്രവേശിപ്പിച്ച ഒരു വർഷം സ്മിത ജീവിതം കോട്ടയത്തേക്കു പറിച്ചുനട്ടിരുന്നു. അവിടുത്തെ ജീവിതവും പരിചയപ്പെട്ടവരും ഒപ്പം ഇഷാനുമാണ് ആ പുസ്തകത്തിന്റെ കാതൽ.

അമ്മമാരുടെ മാനസികാരോഗ്യം

വിവിധ പരിമിതികളുള്ള കുട്ടികളുടെ മാതാപിതാക്കളുടെ, പ്രത്യേകിച്ചും അമ്മമാരുടെ സാമൂഹികജീവിതം കൂടിയാണ് അടഞ്ഞുപോകുന്നത്. അവരുടെ ചലനസ്വാതന്ത്ര്യമാണ് ഇല്ലാതാകുന്നത്. സിനിമയില്ല, യാത്രകളില്ല, പുറത്തുപോയി ഭക്ഷണം കഴിക്കലില്ല, നേരാംവണ്ണമുള്ള ഉറക്കം പോലുമില്ല. കുട്ടികളെ നോക്കാനായി കരിയർ ഉപേക്ഷിക്കേണ്ടി വരുന്നതു ഭൂരിഭാഗം കുടുംബങ്ങളിലും അമ്മമാർക്കാണ്.

വളരെ പോസിറ്റീവ് ആയ സപ്പോർട്ട് സിസ്റ്റം ചുറ്റുമുള്ള അമ്മമാർക്കു മാത്രമേ ഇത്തരം ഒരു കുട്ടി വീട്ടിലുണ്ടെങ്കിൽ പുറത്തുപോയി ജോലി ചെയ്യാനാകൂയെന്നു സ്മിത പറയുന്നു. ഇഷാനെ പകൽ നേരങ്ങളിൽ വിശ്വസിച്ചു കൊണ്ടാക്കാൻ കഴിയുന്ന ഒരു സ്കൂളോ തെറപ്പി സെന്ററോ ഉണ്ടായിരുന്നെങ്കിൽ സ്മിതയിന്ന് ആശിച്ച ജുഡീഷ്യൽ സർവീസിൽ ഉദ്യോഗസ്ഥയായിരുന്നേനെ.

എഴുത്തിലൂടെയും സമൂഹമാധ്യമ ഉപയോഗത്തിലൂടെയുമെല്ലാം തന്റേതു മാത്രമായ മറ്റൊരു സജീവ ലോകം സൃഷ്ടിച്ചാണ് ഇഷാനൊപ്പം സ്മിതയും സാധാരണജീവിതത്തിലേക്ക് പതിയെ നടന്നുകൊണ്ടിരിക്കുന്നത്. അതു നേടിയെടുത്തതാകട്ടെ കടുത്ത പോരാട്ടത്തിലൂടെയും. നിഴലുപോലെ ഒപ്പം നിന്ന അമ്മ വൽസല ശശികുമാറിനുമുണ്ട് അതിനൊരു പങ്ക്. എന്നാൽ എല്ലാ അമ്മമാർക്കും ഇത്രയും മനഃശക്തിയോ മറ്റു ഭൗതിക സാഹചര്യങ്ങളോ ഉണ്ടാകണമെന്നില്ല.

എന്റെ ലോകം എന്റെ സ്വന്തം

പാചകം ചെയ്യുന്നതിന്റെ ഇടവേളകളിലും വീടു വൃത്തിയാക്കുന്നതിനിടയ്ക്കും ഇഷാനെ കളിപ്പിക്കാനിരുത്തുമ്പോഴുമെല്ലാം വീണു കിട്ടുന്ന ചില നിമിഷങ്ങൾ വളരെ ബുദ്ധിമുട്ടിയുപയോഗിച്ചാണ് സമൂഹമാധ്യമത്തിലെ ഇടപെടലുകളെല്ലാം നടത്തുന്നത്. നമ്മുടെ ജീവിതത്തിന്റെ സന്തോഷം നമ്മൾ തന്നെ കണ്ടെത്തണമെന്നും എന്തു വിലകൊടുത്തും അതു പിന്തുടർന്ന് അവരവരുടെയും മക്കളുടെയും ജീവിതം കൂടുതൽ മികച്ചതാക്കി മാറ്റണമെന്നും അമ്മമാരോടു പറയുകയാണ് തന്റെ ജീവിതത്തിലൂടെ സ്മിത.

English Summary:

Sunday Special about Smitha Gireesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com