വി.എൻ.സ്വാമി ഒരു മലയാളി ടെസ്റ്റ്
Mail This Article
ഇന്ത്യൻ ക്രിക്കറ്റിൽ ഇടം നേടിയ മലയാളികൾ വിരലിലെണ്ണാവുന്നവർ മാത്രമാണ്. രാജ്യാന്തര ക്രിക്കറ്റിൽ ഇന്ത്യയ്ക്കു വേണ്ടി കളിച്ച ആദ്യ മലയാളി ആരാണ്? ഈ അന്വേഷണത്തോടെയാണ് വി.എൻ.സ്വാമി വാർത്തകളിൽ നിറയുന്നത്. വെങ്കട്ട് രാമൻ നാരായൺ സ്വാമി എന്ന വി.എൻ.സ്വാമിയുടെ ജനനം 1924 മേയ് 23ന് കോഴിക്കോട്ടാണ്.
മദ്രാസിലായിരുന്നു വിദ്യാഭ്യാസം. 1944ൽ പട്ടാളത്തിൽ. വലംകൈയൻ ബാറ്ററും മീഡിയം ഫാസ്‌റ്റ് ബോളറുമായ സ്വാമി സർവീസസിനെയാണ് ആഭ്യന്തര ക്രിക്കറ്റിൽ പ്രതിനിധീകരിച്ചത് (1951–59). ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ അരങ്ങേറ്റ മൽസരത്തിൽ രണ്ട് ഇന്നിങ്സുകളിലും അഞ്ചു വിക്കറ്റുകൾ വീതം വീഴ്ത്തിയതാണ് സ്വാമിക്ക് ഇന്ത്യൻ ടീമിലേക്കുള്ള വഴി തുറന്നത്. 1955ൽ ഇന്ത്യയിലേക്ക് ആദ്യമായി പര്യടനത്തിനെത്തിയ ന്യൂസിലൻഡിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മൽസരത്തിലാണ് സ്വാമി അരങ്ങേറിയത്. ഹൈദരാബാദിൽ ദത്താറായ് ഫാട്ക്കർക്കൊപ്പം ബോളിങ് ഓപ്പൺ ചെയ്ത സ്വാമിക്ക് പക്ഷേ ആ മൽസരത്തിൽ വിക്കറ്റൊന്നും ലഭിച്ചില്ല. ‘ജീവനില്ലാത്ത’ പിച്ചിൽ ഒരു അരങ്ങേറ്റ ഫാസ്റ്റ് ബോളർക്ക് കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല എന്നതാണു കാരണം.
ഇന്ത്യ ഒന്നാം ഇന്നിങ്സിൽ ഉയർന്ന സ്കോർ നേടി ഡിക്ലയർ ചെയ്തതിനാലും രണ്ടാം ഇന്നിങ്സ് പൂർത്തിയാകും മുൻപേ കളി സമനിലയിലായതിനാലും സ്വാമിക്കു ബാറ്റു ചെയ്യാനുള്ള അവസരവും ലഭിച്ചില്ല. നിർഭാഗ്യമെന്നു പറയട്ടെ അദ്ദേഹത്തിന്റെ രാജ്യാന്തര കരിയർ ആ ടെസ്റ്റിൽ ഒതുങ്ങി. ആ പരമ്പരയിലെ മറ്റ് ടെസ്റ്റുകളിലും സ്വാമിക്ക് അവസരം നൽകിയില്ല. മറ്റ് ബോളർമാർക്കുകൂടി ഇന്ത്യൻ നായകൻ ഗുലാം അഹമ്മദ് അവസരം കൊടുത്തതിനാലാണു സ്വാമിക്ക് പരമ്പരയിൽ വഴിയടഞ്ഞത്.
മാത്രവുമല്ല പോളി ഉമ്രിഗർ, സുഭാഷ് ഗുപ്തെ, ജസുഭായ് പട്ടേൽ, വിജയ് ഹസാരെ എന്നിവർ അക്കാലത്ത് ഇന്ത്യൻ ബോളിങ് നിരയിൽ നിറഞ്ഞുനിന്നതും സ്വാമിക്ക് അവസരം നിഷേധിക്കപ്പെടാൻ കാരണമായി. ഒരൊറ്റ ടെസ്റ്റുകൊണ്ട് കരിയർ അവസാനിപ്പിക്കേണ്ടിവന്ന ഏക ഇന്ത്യൻ താരമല്ല സ്വാമി. റോബിൻ സിങ്, ലാൽ സിങ്, യോഗ്‌രാജ് സിങ്, രജീന്ദർനാഥ്, ഇഖ്ബാൽ സിദ്ദിഖീ, ബാഖ ജിലാനി, ടി.ഇ. ശ്രീനിവാസൻ കെനിയ ജയന്തിലാൽ, എം.ജെ.ഗോപാലൻ തുടങ്ങിയവരൊക്കെ ആ പട്ടികയിലുണ്ട്.
സർവീസസിനുവേണ്ടി കളിച്ച അദ്ദേഹം 19 ഫസ്‌റ്റ് ക്ലാസ് മത്സരങ്ങളിൽനിന്ന് 68 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്. പട്ടാളത്തിൽ മേജറായി പിരിഞ്ഞ സ്വാമി 1983 മേയ് ഒന്നിന് ഡെറാഡൂണിൽ അന്തരിച്ചു.