ADVERTISEMENT

കീവ് ∙ യുക്രെയ്ൻ യുദ്ധം തുടങ്ങുന്നതിന്റെ തലേന്നു ഡോ. യു.പി.ആർ.മേനോൻ കൊച്ചിയിലുള്ള സഹോദരിയുമായി വിഡിയോ കോൾ വഴി സംസാരിക്കുകയായിരുന്നു. കീവിലെ തെരുവ് കാണിച്ച് അദ്ദേഹം സഹോദരിയോടു പറഞ്ഞു, ഇവിടെ എല്ലാം ശാന്തമാണ്. യുദ്ധത്തിന് സാധ്യത തീരെയില്ല. ഡോക്ടറുടെ പ്രതീക്ഷ തെറ്റിച്ച് 2022 ഫെബ്രുവരി 24 നു പുലർച്ചെ കീവിനു മീതേ ബോംബുകൾ വീണുതുടങ്ങി.

ഡോ. യു.പി.ആർ.മേനോൻ
ഡോ. യു.പി.ആർ.മേനോൻ

17–ാം നിലയിൽനിന്ന് അദ്ദേഹത്തിനും കുടുംബത്തിനും ബേസ്മെന്റിലേക്കു മാറേണ്ടിവന്നു. റഷ്യൻ സേന മുന്നേറവേ, രണ്ടാഴ്ചയ്ക്കകം കീവ് റഷ്യൻസേന പിടിച്ചെടുക്കുമെന്നു മറ്റെല്ലാവരെയും പോലെ ഡോ. മേനോനും വിചാരിച്ചു. എന്നാൽ, യുക്രെയ്ൻസേന ബുച്ചയ്ക്കു സമീപം റഷ്യയെ തടഞ്ഞുനി‍ർത്തി. 

രണ്ടാഴ്ചയ്ക്കുശേഷം ഡോക്ടർ തന്റെ കുടുംബത്തെ പോളണ്ട് അതിർത്തിയോടു ചേർന്ന ലിവ്യുവിലേക്കു മാറ്റി. 2 മാസത്തിനുശേഷം തിരിച്ചെത്തിച്ചു. പക്ഷേ, ഇന്നും വ്യോമാക്രമണ മുന്നറിയിപ്പായി ഇടയ്ക്കിടെ സൈറൺ മുഴങ്ങും. 34 വർഷത്തെ യുക്രെയ്ൻ ജീവിതത്തിൽ ഇതാദ്യമാണു രാജ്യം ഒറ്റക്കെട്ടായി റഷ്യയ്ക്കെതിരെ പോരാടുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ഇന്ത്യയിൽ നിന്നുള്ള മരുന്നുകളുടെ വിതരണം നടത്തുന്ന ഡോ. മേനോൻ യുക്രെയ്നിലെ ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ മാനുഫാക്ചററേഴ്സ് അസോസിയേഷൻ (ഐപിഎംഎ) മേധാവിയാണ്. കീവിൽ കുറച്ചു ഇന്ത്യക്കാരെയുള്ളു. മെഡിക്കൽ പഠനത്തിനു വേണ്ടി 1989 ലാണ് യുക്രെയ്നിലെത്തിയത്. അന്ന് രാജ്യം സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നു. യുക്രെയ്ൻ പൗരയായ നടാലിയയാണു ഭാര്യ. മകൻ രാജീവ് മേനോൻ യുഎസിലാണ്. 

Content Highlight: Russia, Ukraine, Ukraine Crisis, Russia-Ukraine War

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com