കൈക്കൂലി: റഷ്യയിൽ പ്രതിരോധ ഉപമന്ത്രി ഇവാനോവ് പുറത്ത്
Mail This Article
മോസ്കോ ∙ സൈനിക കരാർ ഇടപാടുകളിൽ കൈക്കൂലി വാങ്ങിയ കുറ്റത്തിന് അറസ്റ്റിലായ റഷ്യയിലെ പ്രതിരോധ ഉപമന്ത്രി ടിമൂർ ഇവാനോവിനെ പദവിയിൽനിന്നു പുറത്താക്കി. പ്രതിരോധ മന്ത്രി സെർഗെയ് ഷൊയ്ഗുവിന്റെ വിശ്വസ്തനായ ഇവാനോവ് (48) യുക്രയ്നിലെ റഷ്യയുടെ യുദ്ധത്തിന്റെ പ്രധാന തന്ത്രജ്ഞരിൽ ഒരാളാണ്. പ്രതിരോധ ഉപമന്ത്രിമാർ 12 പേരാണ് റഷ്യയിലുള്ളത്. 2016 മുതൽ ഉപമന്ത്രിയായ ഇവാനോവ് കൈക്കൂലിപ്പണമായി 10 ലക്ഷം റൂബിൾ (ഏകദേശം 9 ലക്ഷം രൂപ) കൈപ്പറ്റിയെന്നാണ് മോസ്കോയിലെ കോടതി കണ്ടെത്തിയത്. 15 വർഷം തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണിത്.
പണം കൈമാറിയ അലക്സാണ്ടർ ഫോമിൻ, കൂട്ടുനിന്ന സെർഗെയ് ബൊറോഡിൻ എന്നിവരെയും ഇന്നലെ അറസ്റ്റ് ചെയ്തു. ഒലിംപ്സിറ്റിസ്ട്രോയ് എന്ന നിർമാണക്കമ്പനിയുടെ ഉടമയാണ് ഫോമിൻ. ബൊറോഡിൻ ബിസിനസുകാരനാണ്. ഇരുവർക്കും 2 മാസം തടവു വിധിച്ചു.
ജയിലിൽ മരിച്ച പ്രതിപക്ഷ നേതാവ് അലക്സി നവൽനി നേതൃത്വം നൽകിയിരുന്ന എസിഎഫ് എന്ന അഴിമതി വിരുദ്ധ സംഘടന ഇവാനോവിന്റെ ആഡംബര ജീവിതം മുൻനിർത്തി അദ്ദേഹത്തിന്റെ സാമ്പത്തിക സ്രോതസ്സുകളെപ്പറ്റി അന്വേഷണം നടത്തിയിരുന്നു. യുക്രെയ്നിലെ യുദ്ധം അദ്ദേഹത്തെ കൂടുതൽ ധനികനാക്കിയെന്നായിരുന്നു റിപ്പോർട്ട്. ഇവാനോവ് യുഎസിന്റെയും യൂറോപ്യൻ യൂണിയന്റെയും ഉപരോധപ്പട്ടികയിലുണ്ടെങ്കിലും അദ്ദേഹത്തിന്റെ മുൻഭാര്യയായ സ്വെറ്റ്ലാന മാനിയോവിച്ച് ഇപ്പോഴും യൂറോപ്പിൽ ആഡംബര ജീവിതം നയിക്കുകയാണെന്നും എസിഎഫ് കണ്ടെത്തി.