ADVERTISEMENT

ഇന്ത്യയിലെ ഏറ്റവും സുന്ദരമായ പത്തുഗ്രാമങ്ങളിൽ ഒന്നായി തിരെഞ്ഞെടുക്കപ്പെട്ടതോടെ പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് സന്ദർശകരുടെ തിരക്കേറി. ആ ജനത്തിരക്ക് അതിനു മുൻപ് തന്നെ ആസ്വദിക്കാൻ തുടങ്ങിയിരുന്നു അയ്യപ്പേട്ടന്റെ കട. വിനീത് ശ്രീനിവാസന്റെ ഹൃദയം സിനിമയിൽ പ്രണവും കല്യാണിയും ബൺ പൊറോട്ടയും ബീഫും കഴിക്കുന്ന കട എന്നത് തന്നെയാണ് പലരെയും ഇങ്ങോട്ടു ആകർഷിച്ചത്. കൂടെ അയ്യപ്പേട്ടന്റെ കൈപ്പുണ്യത്തെ കുറിച്ച് വിനീത് ശ്രീനിവാസൻ സമൂഹ മാധ്യമങ്ങളിൽ ഒരു കുറിപ്പ് കൂടി പങ്കുവച്ചതോടെ കടയിൽ ആൾത്തിരക്കേറിയെന്നു പറയേണ്ടതില്ലല്ലോ. നല്ല നാടൻ ഭക്ഷണം കലർപ്പേതുമില്ലാതെ, രുചിനിറച്ച് വിളമ്പുന്നു എന്നത് തന്നെയാണ് ഈ കടയുടെ മേൽവിലാസം.

കൊല്ലങ്കോട് എടച്ചിറയിലാണ് അയ്യപ്പേട്ടന്റെ കട. പൊറോട്ടയും ബീഫും മാത്രമല്ല, ഉച്ചയ്ക്ക് പപ്പടവും പായസവുമടക്കമുള്ള ഊണും ഇവിടെയുണ്ട്. ഹൃദയത്തിലൂടെ ആളുകൾ അറിയുന്നതിന് മുൻപ് തന്നെ ഇവിടുത്തെ ഭക്ഷണത്തിന്റെ രുചിയറിഞ്ഞ സിനിമാക്കാർ ധാരാളമുണ്ട്. അവരിലൂടെ കേട്ടറിഞ്ഞെത്തിയതാണ് വിനീത് ശ്രീനിവാസൻ. സിനിമ കണ്ടവർ അരുണിനെയും നിത്യയെയും മാത്രമല്ല, അയ്യപ്പേട്ടന്റെ ചായക്കടയെയും ഹൃദയം കൊണ്ടുതന്നെയാണ് സ്വീകരിച്ചത്. ദോശയും പൊറോട്ടയും കുറുമയും സാമ്പാറും ചട്നിയും മുളക് ചമ്മന്തിയുമാണ് ഇവിടുത്തെ പ്രഭാത ഭക്ഷണം. പതിനൊന്നരയോടെ ഉച്ചഭക്ഷണം വിളമ്പി തുടങ്ങും. മീനും ചിക്കനും ബീഫുമാണ് സ്പെഷലുകൾ. 

ഹൃദയത്തിൽ അരുൺ പറഞ്ഞു പ്രശസ്തമാക്കിയത് ബൺ പൊറോട്ടയാണെങ്കിലും അയ്യപ്പേട്ടന്റെ കടയിൽ ബൺ പൊറോട്ടയില്ല, പകരം കല്ലിൽ ചുട്ടെടുത്തു നല്ല പോലെ അടിച്ചു തരുന്ന പൊറോട്ട കിട്ടും. ഇനി ബൺ പൊറോട്ട വേണമെന്ന് നിർബന്ധമുണ്ടെങ്കിൽ അതും തയാറാക്കി നൽകും. കുറച്ചു സമയം കാത്തിരിക്കണമെന്നു മാത്രം. കൂട്ടിനു കഴിക്കാൻ ബീഫ് കറിയുമുണ്ട്. തനി നാടൻ രീതിയിൽ തയാറാക്കിയെടുക്കുന്നതു കൊണ്ടുതന്നെ വീട്ടിലെ രുചിയ്‌ക്കൊപ്പം നിൽക്കും ഇവിടുത്തെ എല്ലാ കറികളും. ചോറിനൊപ്പമാണെങ്കിൽ സാമ്പാറും തോരനും അവിയലും അച്ചാറും പപ്പടവും വിളമ്പുന്നുണ്ട് കൂടെ പായസവും. തൊടുകറികളിൽ ഓരോ ദിവസവും മാറ്റമുണ്ടാകും.

രാവിലെ ആറു മണിക്കാണ് അയ്യപ്പേട്ടന്റെ ചായക്കട പ്രവർത്തനം ആരംഭിക്കുന്നത്. വൈകുന്നേരം മൂന്ന് മണിവരെ കടയിൽ തിരക്കോടു തിരക്ക് തന്നെയാണ്. കടയുടെ എല്ലാ പ്രവർത്തനങ്ങളിലും അയ്യപ്പേട്ടന് ഒപ്പം നിൽക്കുന്നത് കുടുംബം തന്നെയാണ്. കറികളുടെ മേൽനോട്ടത്തിന് മാത്രമല്ല, പൊറോട്ടയടിക്കാൻ വരെ ഭാര്യയുടെ സഹായമുണ്ട്. കൂടെ വിളമ്പാനും ഭക്ഷണം പൊതിയാനും മകളുമുണ്ടാകും. കൊല്ലങ്കോടിന്റെ ഗ്രാമീണ സൗന്ദര്യം കാണാനിറങ്ങുന്നവർക്കു ഹൃദയം നിറയെ രുചികരമായ ഭക്ഷണം കഴിക്കാൻ അയ്യപ്പേട്ടന്റെ കട തന്നെ തേടിച്ചെല്ലാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com