അബ്ദുൽ കലാം അടക്കമുള്ളവർ സന്ദർശിച്ച രുചിയിടം; ഇവിടെ താരം കറുത്ത കഞ്ഞി
Mail This Article
ബിരിയാണിയും കുഴിമന്തിയുമൊക്കെ താരങ്ങളായി വാഴുന്ന നാടാണ് നമ്മുടേതെങ്കിലും അതിനൊപ്പം തന്നെ പിടിച്ചു നിൽക്കുന്ന രുചിയിടങ്ങളാണ് കഞ്ഞിക്കടകൾ. നല്ല നാടൻ കുത്തരി കഞ്ഞിക്കൊപ്പം പയറും പപ്പടവും അച്ചാറും ചമ്മന്തിയും. ഇവ ഒരുമിച്ചു ചേർത്ത് കഴിക്കുമ്പോൾ കിട്ടുന്ന ആ അനുഭവത്തെക്കുറിച്ചു മലയാളികളോടു വിവരിക്കേണ്ട കാര്യമില്ല. കഞ്ഞിക്കടകൾ അരങ്ങിലെത്തുന്നതിനും ഏറെ മുൻപ് തന്നെ മറ്റുള്ള വിഭവങ്ങൾക്കൊപ്പം കഞ്ഞി വിളമ്പിയിരുന്ന ഒരു രുചിപ്പുരയാണ് ശ്രീ ഗുരുവായൂരപ്പൻ ഹോട്ടൽ. തിരുവനന്തപുരത്ത് ഗാന്ധാരി അമ്മൻ ക്ഷേത്രത്തിനു എതിർവശത്തായാണിത് സ്ഥിതി ചെയ്യുന്നത്.
മറ്റുള്ള കഞ്ഞിക്കടകളിൽ നിന്നും വിഭിന്നമായി കറുത്ത അരി കൊണ്ട് തയാറാക്കുന്ന കഞ്ഞിയാണ് ഇവിടുത്തെ താരം. നമ്മൾ സാധാരണ കഞ്ഞിയോ ചോറോ തയാറാക്കുന്ന അരികളിൽ നിന്നും വ്യത്യസ്തമായി ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിട്ടുണ്ട് കറുത്ത അരിയിൽ. നാരുകളും പ്രോട്ടീനും കൂടുതലായിട്ടുള്ളത് കൊണ്ടുതന്നെ ദിവസവുമിതു കുടിക്കുന്നത് ആരോഗ്യകരവുമാണ്. 1976 ലാണ് ശ്രീ ഗുരുവായൂരപ്പൻ ഹോട്ടൽ ആരംഭിക്കുന്നത്. വെജിലും നോൺ വെജിലും തയാറാക്കുന്ന വിഭവങ്ങൾ നിരവധി ഇവിടെയുണ്ടെങ്കിലും ഈ രുചിയിടം പ്രശസ്തമാകുന്നത് ചൂട് കഞ്ഞി വിളമ്പിയാണെന്ന് നിസംശയം പറയാം. എപിജെ അബ്‌ദുൾ കലാമും യേശുദാസും അടക്കമുള്ള നിരവധി പ്രശസ്തർ ഇവിടുത്തെ രുചിയാസ്വദിക്കാൻ എത്തിയിട്ടുണ്ടെന്നു പറയുമ്പോൾ തന്നെ മനസ്സിലാക്കാമല്ലോ ശ്രീ ഗുരുവായൂരപ്പനിലെ വിഭവങ്ങളുടെ പെരുമ.
വൈകുന്നേരം 6.30 മുതൽ രാത്രി 9.30 വരെയാണ് കറുത്ത അരികൊണ്ടു തയാറാക്കുന്ന കഞ്ഞി വിളമ്പുന്നത്. കൂടെ കഴിക്കാൻ പയറു തോരനും ഉടച്ച കറിയും ചമ്മന്തിയും അച്ചാറും ചുട്ട പപ്പടവുമുണ്ട്. 80 രൂപയാണ് ഒരു പ്ലേറ്റ് കഞ്ഞിക്കു വിലയീടാക്കുന്നത്. ഇത് കൂടാതെ ഗോതമ്പു കൊണ്ട് തയാറാക്കുന്ന കഞ്ഞിയും ഇവിടെ വിളമ്പുന്നുണ്ട്. ദിവസവുമിതു കുടിക്കാൻ വേണ്ടി മാത്രം നിരവധി പേരാണ് കേട്ടറിഞ്ഞു ശ്രീ ഗുരുവായൂരപ്പനിൽ എത്തുന്നത്. ഹോട്ടലുടമയും ഇവിടെ നിന്നും തന്നെയാണ് കഞ്ഞി കുടിക്കുന്നത് എന്നുപറയുമ്പോൾ തന്നെ മനസ്സിലാക്കാമല്ലോ, ഇവിടുത്തെ സ്പെഷൽ കഞ്ഞി വിശ്വസിച്ചു കുടിക്കാമെന്ന്.
ഗോതമ്പ് കഞ്ഞിക്കുമുണ്ട് പ്രത്യേകത. തേങ്ങാ ചിരവിയിട്ടു നാടൻ രീതിയിൽ തന്നെയാണിത് തയാറാക്കുന്നത്. പഴയ രുചിക്കൂട്ടുകളിൽ വ്യത്യാസമൊന്നും വരുത്തിയിട്ടില്ലാത്തതു കൊണ്ടുതന്നെ വീട്ടിൽ നിന്നും അകന്നു നിൽക്കുന്നവർക്ക് നാടൻ രുചികൾ ആസ്വദിക്കണമെങ്കിൽ ശ്രീ ഗുരുവായൂരപ്പനിൽ എത്താവുന്നതാണ്. കഞ്ഞിയുടെ രുചി ആസ്വദിക്കാൻ മുതിർന്നവർ മാത്രമല്ല, യുവജനങ്ങളും എത്തുന്നുണ്ട് എന്നതും എടുത്തു പറയേണ്ടത് തന്നെയാണ്. കഞ്ഞി മാത്രം വിളമ്പുന്ന ഇടമായി ഈ ഹോട്ടലിനെ കാണണ്ട, രാവിൽ മുതൽ തന്നെ വെജ്-നോൺ വെജ് വിഭവങ്ങൾ ഇവിടെ തയാറാക്കുകയും വിളമ്പുകയും ചെയ്യുന്നുണ്ട്.