ADVERTISEMENT

രണ്ട് വർഷം മുൻപ്, ടോപ് ട്രെന്‍ഡിങ്ങിലായിരുന്ന പഴംപൊരിയും ബീഫും കഴിക്കാനായി തിരുവനന്തപുരത്ത് കുറേ കടകൾ കയറിയിറങ്ങി. ഒരു കടയിലും ഈ കോംബോ കിട്ടിയില്ല. ഒടുവിൽ രണ്ടു കടകളിൽ നിന്നായി ബീഫും പഴംപൊരിയും വാങ്ങി ആഗ്രഹം നടപ്പാക്കി. അപ്പോഴാണ് പുതിയ സംരംഭ ആശയം പിറന്നത്. എന്തുകൊണ്ട് നമുക്ക് ഈ കോംബോ നൽകുന്ന ഒരു കട തുടങ്ങിക്കൂടാ...? അങ്ങനെ പിറന്നതാണ് തിരുവനന്തപുരം വെമ്പായത്തെ ‘ചെമ്പിൽ ചായ്’ എന്ന ചായക്കട. വെമ്പായം കൊപ്പം സ്വദേശിയായ അനന്തു എന്ന യുവാവാണ് ഈ സംരംഭത്തിനു പിന്നിൽ. മറ്റ് ബിസിനസുകളും ഓഫ് റോഡ് റൈഡും കൂട്ടത്തിലുണ്ടെങ്കിലും ഈ യുവാവിനെ ഇതിലേക്ക് എത്തിച്ചത് ഭക്ഷണപ്രിയമാണ്. വെമ്പായത്ത് എംസി റോഡിനരികിൽ മരത്തണലിൽ കിടിലം വൈബിലാണ് ‘ചെമ്പിൽ ചായ്’ പ്രവർത്തിക്കുന്നത്.

tasty-spot
Image Credit: Chembil Chai in Vembayam

രാവിലെ 8 മണി മുതൽ ചായ, ബീഫ്, പരിപ്പുവട, ഉഴുന്നുവട തുടങ്ങിയ കടിവിഭവങ്ങൾ ഉണ്ടാകും. 11 ന് ബീഫ് വരട്ടിയത് റെഡിയാകുന്നതോടെ കോംബോ നൽകിത്തുടങ്ങും. പഴംപൊരി–ബീഫ് കോംബോയ്ക്ക് വേണ്ടിയാണ് കട തുടങ്ങിയതെങ്കിലും ഇപ്പോൾ ആരും കേൾക്കാത്ത ചില കോംബോകളും ഇറക്കിയിട്ടുണ്ട്. ഉഴുന്നുവട– ബീഫ്, വെട്ടുകേക്ക്– ബീഫ്, നെയ്യപ്പം– ബീഫ്! എല്ലാ കോംബോയ്ക്കും 100 രൂപയാണ് വില. ഇതുകൂടാതെ കപ്പയും ബീഫും ഇവിടെയുണ്ട്. പുത്തൻ കോംബിനേഷൻ കിടിലമാണെന്നാണ് കഴിച്ചവരുടെ അഭിപ്രായം. പൂർണമായും വെളിച്ചെണ്ണയിലാണ് കടികൾ ഉണ്ടാക്കുന്നത്. ഇവിടത്തെ മൊരിഞ്ഞ പരിപ്പുവടയ്ക്കും ആവശ്യക്കാർ ഏറെയാണ്.

roshi-augustine-sajan
Image Credit: Chembil Chai in Vembayam

മുഹബത്ത്, ഹിബിസ്കസ്, റോസ് ടീ, ജിഞ്ചർ ഹണി തുടങ്ങി വിവിധ തരത്തിലുള്ള സുലൈമാനികളും ഇവിടെനിന്നു കുടിക്കാം. ചായയിൽ കാരമൽ, വാനില, മസാല തുടങ്ങിയ വൈറൈറ്റികളുമുണ്ട്. വിവിധ തരം മിൽക്കുകളും ഇവിടത്തെ സ്പെഷലാണ്.

രാത്രിയിൽ സ്റ്റാളും അതിനോട് ചേർന്ന മരവും മഞ്ഞവെളിച്ചത്തിൽ ശോഭിക്കും. ഈ സമയങ്ങളിലാണ് ആളുകൾ ഏറെയുമെത്തുന്നത്. റോഡരികില്‍, നൈറ്റ് വൈബി‌ൽ മെലഡിഗാനവും കേട്ട് ഭക്ഷണം കഴിക്കാൻ രസകരമായ ഇരിപ്പിടങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതിൽ മഞ്ഞ ചേതക് സ്കൂട്ടറിന്റെ മാതൃകയിലുള്ള ടേബിൾ ഏവരുടെയും ശ്രദ്ധയാകർഷിക്കുന്ന ഒന്നാണ്.

eatouts
Image Credit: Chembil Chai in Vembayam

ചെമ്പുകൊണ്ടുള്ള ബോയ്‌ലറില്‍ ചായ ഉണ്ടാക്കുന്നതിനാലാണ് ചെമ്പിൽ ചായ് എന്ന പേരിട്ടതെന്ന് അനന്തു പറയുന്നു. തൊഴിലാളികളെല്ലാം മലയാളികളാണ്. ചായയും മുഹബത്തും ഉണ്ടാക്കുന്നത് ആലപ്പുഴ സ്വദേശിയാണ്. പല കടകളിലും അന്യസംസ്ഥാന തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ടെങ്കിലും നമ്മുടെ കടികൾക്ക് ‘കേരള ടച്ച്’ കിട്ടണമെങ്കില്‍ മലയാളികൾ തന്നെ വേണമെന്നാണ് അനന്തുവിന്റെ അഭിപ്രായം. ഉടൻതന്നെ ചില കോംബോകൾ കൂടി ‘ചെമ്പിൽ ചായ്‌’ൽ എത്തുന്നുണ്ട്. അതെന്താണെന്ന് ചോദിച്ചപ്പോൾ അനന്തുവിന്റെ മറുപടി ഇങ്ങനെയാണ്: ''സസ്പെൻസ്...!!!''

English Summary:

Eatouts Chembil Chai in Vembayam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com