ഇതറിയാതെ പോകരുത്! പച്ചക്കറികള്‍ അരിഞ്ഞു സൂക്ഷിക്കാനുള്ള ശരിയായ വഴി ഇതാണ്
Mail This Article
ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ്, ചേമ്പ്, ചേന തുടങ്ങിയ മണ്ണിനടിയില്‍ വളരുന്ന ഭക്ഷണസാധനങ്ങള്‍ക്ക് പുറമേ, സാധാരണ ഒരാള്‍ ദിവസവും കഴിക്കേണ്ട പച്ചക്കറിയുടെയും പഴങ്ങളുടെയും അളവ് 400 ഗ്രാം ആണെന്ന് ലോകാരോഗ്യസംഘടന പറയുന്നു. ഇഷ്ടമല്ലെങ്കിലും ഇത്രയും ദിവസവും കഴിച്ചേ പറ്റൂ.
എന്നാല്‍ ദിവസവും ഇത്രയും പച്ചക്കറികള്‍ വൃത്തിയാക്കാനും, അരിയാനുമൊക്കെ ആര്‍ക്ക് നേരം? പലരും നേരത്തെ തന്നെ പച്ചക്കറികള്‍ വൃത്തിയാക്കി അരിഞ്ഞ ശേഷം ഫ്രിജില്‍ കയറ്റി സൂക്ഷിച്ചു വയ്ക്കുകയാണ് പതിവ്. ഇങ്ങനെ ചെയ്യുമ്പോള്‍ ഒരുപാട് സമയം ലാഭിക്കാം.
പക്ഷേ, പച്ചക്കറികള്‍ ഇങ്ങനെ സൂക്ഷിക്കുമ്പോള്‍ പലപ്പോഴും അവയുടെ പോഷകഗുണം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. ഇത് ഒഴിവാക്കാനും, പച്ചക്കറികള്‍ പരമാവധി പുതുമയോടെയും പോഷകസമൃദ്ധമായും സൂക്ഷിക്കാന്‍ ചില വഴികളുണ്ട്.
1. പച്ചക്കറികൾ എല്ലായ്പ്പോഴും തൊലി കളയുന്നതിന് മുമ്പ് കഴുകുക. ഇത് അവയിലെ അഴുക്ക് നീക്കം ചെയ്യാൻ മാത്രമല്ല, പച്ചക്കറികളിലെ വെള്ളത്തിൽ ലയിക്കുന്ന വിറ്റാമിനുകൾ നിലനിർത്താനും സഹായിക്കും. തൊലി കളഞ്ഞ ശേഷം കഴുകിയാൽ ഈ പോഷകങ്ങള്‍ നഷ്ടപ്പെടും.
2. മൂർച്ചയില്ലാത്ത കത്തി ഉപയോഗിച്ച് പച്ചക്കറികൾ മുറിക്കുന്നത് അവയിലെ പോഷകങ്ങൾ നഷ്ടപ്പെടുത്തുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു . മൂർച്ചയുള്ള കത്തി ഉപയോഗിക്കുന്നത് ബാക്ടീരിയകളുടെ വളർച്ചയുടെ അപകടസാധ്യത കുറയ്ക്കുകയും പച്ചക്കറികൾ അമിതമായി മൃദുവാക്കുന്നത് തടയുകയും ചെയ്യും.
3. പച്ചക്കറികൾ എത്ര നന്നായി നുറുക്കുന്നുവോ അത്രയും വേഗത്തിൽ കേടായിപ്പോകും. അവയിലെ ജലാംശവും അവയുടെ സ്വാഭാവിക നിറവും കുറച്ച് പോഷകങ്ങളും നഷ്ടപ്പെട്ടേക്കാം. അതിനാൽ, പച്ചക്കറികൾ മുറിച്ച ശേഷം, പിന്നീട് എപ്പോഴെങ്കിലും പാകം ചെയ്യാനായി സൂക്ഷിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ വലിയ കഷണങ്ങളാക്കി മുറിക്കാൻ ശ്രമിക്കുക. ഗ്രേറ്റ് ചെയ്ത പച്ചക്കറികൾ ഉടൻ പാകം ചെയ്ത് കഴിക്കണം.
4. പച്ചക്കറികൾ സൂക്ഷിക്കാന്‍ ആണെങ്കില്‍ നേരിയ രീതിയില്‍ മാത്രം തൊലി കളയുക. ഇങ്ങനെ ചെയ്താല്‍ പരമാവധി പോഷകങ്ങൾ ലഭിക്കും.
5. വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഭക്ഷ്യയോഗ്യമായ തൊലിയുള്ള ചില പച്ചക്കറികളുണ്ട്. കുക്കുംബര്‍, വഴുതന തുടങ്ങിയവ. ഇവയുടെ തൊലി കളയാതെ തന്നെ കഴിക്കാന്‍ ശ്രമിക്കുക.