'മരിച്ചാൽ എന്റെ ബോഡി നാട്ടിൽ കൊണ്ടുപോവേണ്ട': പത്തറുപത് നജീബുമാരെ ഒരുമിച്ചു കണ്ടു; പൃഥ്വിയുടെ അവസ്ഥയും ഭയപ്പെടുത്തി'
Mail This Article
സംവിധായകൻ ബ്ലെസിയോട് ഒരു ചടങ്ങിൽ വച്ച് ഒരാൾ ഒരു ചോദ്യം ചോദിച്ചു. – ഒട്ടകത്തിന്റെ കണ്ണിലൂടെ നജീബിന്റെ മുഖം കാണുന്ന ഷോട്ടെടുക്കാൻ ഏഴു ദിവസം വരെ കാത്തിരുന്നു എന്നു കേട്ടു. സർ, എങ്ങനെയാണ് ആ ഒരു ചെറിയ ഷോട്ടിനു വേണ്ടി അത്ര സമയം കണ്ടെത്തുന്നതും പ്രേരണ കിട്ടുന്നതും? സൗമ്യമായ ചിരിയോടെ ബ്ലെസി മൈക്ക് കയ്യിലെടുത്തിട്ടു പറഞ്ഞു.- 1985ൽ ഞാൻ സിനിമയ്ക്കായി അലഞ്ഞു തിരിയുന്ന കാലം. സിനിമയല്ലാതെ ജീവിതത്തിൽ ജീവിക്കാൻ പ്രേരിപ്പിക്കുന്ന മറ്റൊന്നും എനിക്കന്നില്ല. ഒരു വർഷത്തിനുള്ളിൽ ഒരു സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടർ എങ്കിലും ആയില്ലെങ്കിൽ ഞാൻ ജീവിതം അവസാനിപ്പിക്കും എന്ന തീരുമാനം എടുത്തു. അങ്ങനെയുള്ള ഞാൻ ഒരു സംവിധായകൻ ആയി മാറുമ്പോൾ ആവശ്യമായ ഷോട്ടിന് ഒരു ദിവസം കാത്തിരിക്കേണ്ടി വന്നാൽ ഇരിക്കണ്ടേ? അതല്ലേ നമ്മളെ ജീവിതം പഠിപ്പിക്കുന്നത്? തിരിച്ചുകിട്ടിയ ജീവിതത്തെ ഏറ്റവും നന്നായി ജീവിക്കുക എന്നതാണു നമ്മൾ ചെയ്യേണ്ടത്. ആയിരം അഭിമുഖങ്ങളിൽ ബ്ലെസി എന്തു പറഞ്ഞാലും ഈ ഫിലോസഫിയാണ് ബ്ലെസിയുടെ ജീവിതത്തിന്റെ അന്തഃസത്ത. ഒത്തുതീർപ്പിനു തയാറാകാത്ത സിനിമാക്കാരൻ എന്ന വിശേഷണമാണ് ബ്ലെസിയുടെ സിനിമാ നിർമാണത്തിന്റെ അടിത്തറ. വിഎഫ്എക്സ് സാധ്യതകളുള്ള കാലത്ത് സിനിമയിൽ ഒരു മണൽക്കാറ്റ് രംഗം വേണം എന്നുള്ളപ്പോൾ അതിനു വേണ്ടി കാത്തിരുന്നയാളാണദ്ദേഹം. മരുഭൂമിയിൽ ഇടയ്ക്കിടെ കാലാവസ്ഥാ അറിയിപ്പു കിട്ടും. ജോർദാനിലെ ഷൂട്ടിങ് കാലത്ത് ഒരു ദിവസം അങ്ങനെ ഒരറിയിപ്പു വന്നു. പതിവുപോലെ ഷൂട്ടിങ് നിർത്തിവയ്ക്കാനുള്ള തയാറെടുപ്പിലായി എല്ലാവരും. എന്നാൽ ബ്ലെസി ക്യാമറ ടീമിനെ വിളിച്ചു. മണൽക്കാറ്റ് വരുമെന്ന് അറിയിപ്പു കിട്ടിയിരിക്കുകയാണ്. നമുക്ക് അതങ്ങു ഷൂട്ട് ചെയ്താലോ? (2024 മാർച്ചിൽ ബ്ലെസി നൽകിയ അഭിമുഖം, അദ്ദേഹത്തിന് മികച്ച സംവിധായകനുള്ള പുരസ്കാരം ലഭിച്ച സാഹചര്യത്തിൽ പുനഃപ്രസിദ്ധീകരിക്കുന്നു)