ആ സുരേഷ് ഗോപി ചിത്രം മികച്ചത് പക്ഷേ, വിജയിച്ചില്ല: നിരാശനാകാത്ത ഹരികുമാറെന്ന ‘സുകൃതം’, എന്നും പുതിയ പരീക്ഷണങ്ങൾ
Mail This Article
എന്റെ പ്രിയ സുഹൃത്തും സംവിധായകനുമായ ഹരികുമാറിനു നേരെ മരണത്തിന്റെ കാറ്റു വീശിയിരിക്കുന്നു എന്ന ദുഃഖ സൂചക വാർത്ത എന്നെ ഫോണിൽ വിളിച്ച് ആദ്യം അറിയിക്കുന്നത് ആൽവിൻ ആന്റണിയാണ്. പെട്ടെന്നുള്ള ആന്റണിയുടെ വാക്കുകൾ കേട്ടപ്പോൾ ഞാൻ വല്ലാതെ ഞെട്ടുന്നതറിഞ്ഞ്, താൻ കൃത്യമായി ഒന്നന്വേഷിച്ച് കണ്‍ഫേം ചെയ്തിട്ടു വിളിക്കാമെന്നും പറഞ്ഞു അവൻ വേഗംതന്നെ ഫോൺ വയ്ക്കുകയും ചെയ്തു. നിമിഷനേരത്തേക്ക് ഞാൻ സ്തബ്ധനായി ഇരുന്നുപോയി. അപ്പോൾ തന്നെ വീണ്ടും ഫോൺ ബെല്ലടിക്കുന്നതു കേട്ട് നമ്പർ നോക്കിയപ്പോൾ സംവിധായകൻ ബാലചന്ദ്രമേനോനാണ് വിളിക്കുന്നത്. ഞാൻ ഫോണെടുത്തപ്പോൾ മേനോന്റെ ശബ്ദത്തിൽ ദുഃഖമയം. ‘‘ഒരു ട്രാജിക് ന്യൂസുണ്ട് ഡെന്നിസ്, ഹരികുമാർ പോയി.’’ നിമിഷനേരത്തേക്ക് ഇരുവരിലും നിശബ്ദത പരന്നു. തുടർന്ന് ഹരികുമാറുമായുള്ള സൗഹൃദത്തെക്കുറിച്ചും പെട്ടെന്നുള്ള മരണത്തിന്റെ കടന്നു വരവിനെക്കുറിച്ചും പറഞ്ഞു കൊണ്ടാണ് മേനോൻ ഫോൺ വച്ചത്. ‘‘നമ്മൾ ജനിക്കുമ്പോൾ തന്നെ പിന്തുടർച്ചക്കാരനെപ്പോലെ മരണവും നമ്മോടൊപ്പം കൂടിയിട്ടുണ്ട്. നമ്മൾക്ക് എന്തിനെയും പ്രതിരോധിക്കാം. പക്ഷേ മൃത്യുവിനെ മാത്രം നമുക്ക് ഒന്നും ചെയ്യാനാവില്ലല്ലോ? "