ഒറ്റമുറി വീട്ടിൽനിന്ന് കോടികൾ വിലയുള്ള ഇന്ത്യൻ നായകനിലേക്ക്; ഈ ലോകകപ്പ് രോഹിത്തിന്റെ ‘പ്രതികാരം’
Mail This Article
‘‘കഴിഞ്ഞ മൂന്നു ലോകകപ്പുകളിലും ആതിഥേയ രാജ്യങ്ങളാണ് കപ്പുയർത്തിയത്. 2011ൽ ഇന്ത്യ, 2015ൽ ഓസ്ട്രേലിയ, 2019ൽ ഇംഗ്ലണ്ട്. അപ്പോൾപ്പിന്നെ ഇത്തവണത്തെ കാര്യം ഞാൻ പറയേണ്ടതില്ലല്ലോ’’- തന്റെ കുറ്റിത്താടിയിൽ വിരലോടിച്ച്, സ്വതസിദ്ധമായ ചിരിയോടെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ വാക്കുകൾ. അതെ, രോഹിത് ഉറപ്പിച്ചു തന്നെയാണ്. ഇത്തവണത്തെ ലോക കിരീടം ഇന്ത്യയ്ക്കു സമ്മാനിക്കുമെന്ന് ഉറപ്പിച്ച്. ക്യാപ്റ്റൻ എന്നതിനൊപ്പം ബാറ്റർ എന്ന നിലയിലും 2023 ലോകകപ്പിൽ മാരക ഫോം തുടരുന്ന രോ‘ഹിറ്റ്മാൻ’ ശർമയെ അടുത്തറിയാം.. ചരിത്രത്തിൽ ആദ്യമായി പൂർണമായും ഇന്ത്യ ആതിഥ്യമരുളുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പ്. പ്രാഥമികഘട്ടത്തിലെ 9 വ്യത്യസ്ത എതിരാളികളുമായുള്ള ഇന്ത്യയുടെ 9 മത്സരങ്ങളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്റ്റേഡിയങ്ങളിൽ. സ്വന്തം നാട്ടിൽ നടക്കുന്ന ടൂർണമെന്റ് എന്ന അവകാശവാദം ഉന്നയിക്കാമെങ്കിലും ടീം ഇന്ത്യയുടെ മുന്നിലെ വെല്ലുവിളികൾ വളരെ വലുതായിരുന്നു. എന്നാൽ, ഒക്ടോബർ 5ന് ചെന്നൈയിൽ ഓസീസിനെതിരെ തെളിഞ്ഞ വിജയത്തിന്റെ വെളിച്ചം നവംബർ 12ന് ദീപാവലി ദിവസം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയം വരെയും കെടാതെ കാക്കാൻ ടീം ഇന്ത്യയ്ക്കായി. തുടർച്ചയായ 9 വിജയങ്ങൾ. നീലക്കുപ്പായക്കാരുടെ (മെൻ ഇൻ ബ്ലു) ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയത്തുടർച്ച.