ഓസ്ട്രേലിയയ്ക്ക് എന്താണ് ഈ ടീമിനോട് ഇത്ര ‘ശത്രുത’? മഴയും ‘ടൈ’യും ബാക്കിയാകുന്ന ലോകകപ്പ് സ്വപ്നവും
Mail This Article
ഒരിക്കലെങ്കിലും ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനലിൽ കടന്ന് കപ്പുമായി മടങ്ങാമെന്ന ദക്ഷിണാഫ്രിക്കയുടെ സ്വപ്‌നങ്ങൾക്ക് ഇനിയും ദൂരമേറെ. ലോകകപ്പിൽ ദുരന്തങ്ങൾ പിന്തുടരുന്ന ടീം എന്ന നാണക്കേടിൽനിന്ന് രക്ഷനേടാൻ ഇത്തവണയും അവർക്കായില്ല. ഏകദിന ക്രിക്കറ്റിലായാലും ട്വന്റി 20യിലായാലും സ്‌ഥിതി വ്യത്യസ്‌തമല്ല. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഭാഗ്യംകെട്ട ടീം എന്ന നാണക്കേടിൽനിന്ന് ‘മഴവില്ലിന്റെ നാട്ടിൽ’നിന്നുള്ള ദക്ഷിണാഫ്രിക്കയ്ക്ക് എന്നു മോചനം ലഭിക്കും! കെപ്ലർ വെസൽസും ഹാൻസി ക്രോണ്യയും അലൻ ഡൊണാൾഡും ലാൻസ് ക്ലൂസ്നറും ഷോൺ പൊള്ളോക്കും ഗാരി കിർസ്റ്റനും ഹെർഷൽ ഗിബ്സും ഫാഫ് ഡുപ്ലെസിയും ക്വിന്റൻ ഡിക്കോക്കുമൊക്കെ സമ്മാനിച്ച മനോഹര നിമിഷങ്ങൾക്കൊപ്പം വയ്ക്കാൻ ഒന്നുംതന്നെ നൽകാനാകാതെയാണു ടെംബ ബവുമയും സംഘവും ഇക്കുറി ഇന്ത്യയിൽനിന്നു മടങ്ങുന്നത്. ലോകോത്തര താരങ്ങളുടെ കുറവോ കളി മികവോ അല്ല ദക്ഷിണാഫ്രിക്കയെ കപ്പടിക്കുന്നതിൽനിന്ന് അകറ്റുന്നത്. സെമി ഫൈനലിൽ അടിപതറുന്ന ടീം എന്ന നാണക്കേടിന് ഇക്കുറിയും മാറ്റമുണ്ടായില്ല. സെമി ഫൈനലുകളിൽ എതിരാളികളോടുമാത്രമല്ല ദക്ഷിണാഫ്രിക്കയ്ക്ക് പോരാടേണ്ടിവന്നത്. മഴയും ഡക്ക്‌വർത്ത്–ലൂയിസ് നിയമവുമൊക്കെ പലപ്പോഴും വില്ലനായിട്ടുണ്ട്. നായകൻമാരുടെ കണക്കുകൂട്ടലുകൾ തെറ്റിയതും വിനയായിട്ടുണ്ട്. പലതവണ തലകുനിക്കേണ്ടിവന്നത് ഓസ്ട്രേലിയയുടെ മുന്നിലായിരുന്നു. ഇക്കുറിയും ഫൈനലിലേക്കുള്ള വഴിമുടക്കിയത് ബദ്ധശത്രുക്കളായ ഓസ്ട്രേലിയതന്നെ.