പേരു മാറി, തുടർ തോൽവികളുടെ പേരുദോഷവും; 'മോദി'യുടെ ക്രെഡിറ്റിലേക്ക് എത്തുമോ ലോകകപ്പും!
Mail This Article
ഇന്ത്യ ആദ്യമായി പൂർണ ആതിഥ്യം വഹിച്ച ലോകകപ്പിന്റെ പ്രധാന വേദിയായ അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിന് പറയാൻ കഥകൾ ഒട്ടേറെയാണ്. ആ കഥകൾക്കും ഇന്ത്യയുടെ ആദ്യ ലോകകപ്പ് നേട്ടത്തിനും ഒരേ പ്രായമാണ്, 40 വയസ്സ്. ഒരു പകപോക്കലിന്റെ നീറുന്ന അധ്യായത്തോടെയാണ് സ്റ്റേഡിയത്തിലെ ക്രിക്കറ്റ് ചരിത്രത്തിന് തുടക്കം കുറിക്കുന്നത്. 1983, ക്രിക്കറ്റ് ലോകം അടക്കിവാണിരുന്ന ക്ലൈവ് ലോയ്ഡിന്റെ വെസ്റ്റ് ഇൻഡീസ് പടയെ മുട്ടുകുത്തിച്ച് കപിലിന്റെ ചെകുത്താൻമാർ ലോകകിരീടത്തില്‍ മുത്തംവച്ച വർഷം. എന്നാല്‍, കിരീട നഷ്ടത്തിന്റെ കനൽ അണയും മുൻപേ കരീബിയൻ പട പര്യടനത്തിനായി ഇന്ത്യയിലേക്കെത്തി. പിൽക്കാലത്ത് ‘റിവെഞ്ച് സീരീസ്’ എന്നറിയപ്പെട്ട ഈ പരമ്പരയിലെ മറ്റ് എല്ലാ മത്സരങ്ങളിലെന്നപോലെ മൊട്ടേരയിൽ നടന്ന മത്സരത്തിലും ഇന്ത്യയെ കാത്തിരുന്നത് കനത്ത തോൽവിയായിരുന്നു.