അടക്കിവാണ ബ്രിട്ടനെ ‘അടിച്ചു വീഴ്ത്തിയ’ ഹോക്കി സ്റ്റിക്കിന്റെ ഉടമ; ഇന്ത്യയുടെ ആദ്യ ‘കായിക പത്മശ്രീ’
Mail This Article
ഇന്ത്യൻ ഹോക്കി ഇതിഹാസം എന്ന വിശേഷണം ഹോക്കി മാന്ത്രികൻ ധ്യാൻചന്ദിന് അവകാശപ്പെട്ടതാണ്. എന്നാൽ അദ്ദേഹത്തിന് സമാനമായ രീതിയിൽ ഇന്ത്യൻ ഹോക്കിയെ വളർത്തിയ മറ്റൊരു മഹാനായ താരമാണ് ബൽബീർ സിങ് ധോസാഞ്ജ് എന്ന ബൽബീർ സിങ് സീനിയർ. ഒളിംപിക്സ് ഹോക്കിയിൽ 3 തവണ ഇന്ത്യയ്ക്ക് വിജയം സമ്മാനിക്കുകയും നായകനെന്ന നിലയിൽ ഒരിക്കൽ സ്വർണ നേട്ടത്തിലേക്ക് ദേശീയ ടീമിനെ നയിക്കുകയും ചെയ്ത താരമാണ് ധ്യാൻചന്ദ്. സ്വാതന്ത്ര്യലബ്ദിക്കു മുൻപായിരുന്നു ധ്യാൻചന്ദിന്റെ ഒളിംപിക്സ് (1928, 32, 36) നേട്ടങ്ങളെങ്കിൽ സ്വതന്ത്ര ഇന്ത്യയുടെ വിജയങ്ങളിലാണ് ബൽബീർ തിലകം ചാർത്തിയത്. ധ്യാൻചന്ദിന്റെ ഹോക്കിനാളുകൾക്കു ശേഷമാണ് ബൽബീർ സിങ് സീനിയറിന്റെ സുവർണകാലം ആരംഭിച്ചത്. ധ്യാൻചന്ദിനെപ്പോലെത്തന്നെ ലോക ഹോക്കി കണ്ട ഏറ്റവും മികച്ച സെന്റർ ഫോർവേഡുകളിൽ ഒരാളായിരുന്നു ബൽബീർ സിങ്ങും. പഞ്ചാബിലെ ഹരിപുർ ഖൽസയിൽ 1923 ഡിസംബർ 31ന് ജനിച്ച അദ്ദേഹം ഇപ്പോഴും ജീവിച്ചിരുന്നെങ്കിൽ ഇന്ന്, ഡിസംബർ 31ന്, നൂറു വയസ്സ് പൂർത്തിയാകുമായിരുന്നു.