99 ടെസ്റ്റ്, 507 വിക്കറ്റ്, 3309 റൺസ്, പ്ലയർ ഓഫ് ദ് മാച്ചുകളിൽ ‘ഒന്നാമൻ’; നായകനാകാൻ ഇതൊന്നും പോരെന്നോ?
Mail This Article
ഇന്ത്യ– ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അവസാന മൽസരം ധരംശാലയിലെ ഹിമാചൽപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ മാർച്ച് 7ന് തുടക്കമാകുമ്പോൾ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ ഉറ്റുനോക്കുന്നൊരു താരമുണ്ട്– രവിചന്ദ്രൻ അശ്വിൻ. ഹിമാലയൻ താഴ്‌വരയിലെ പിച്ചിൽ തന്റെ മാന്ത്രിക വിരലുകളിൽ ഈ സ്പിന്നർ എന്തൊക്കെയാണ് ഒളിപ്പിച്ചു വച്ചിരിക്കുന്നത് എന്നതുമാത്രമല്ല അശ്വിനെ മൽസരത്തിലെ കേന്ദ്രബിന്ദുവാക്കുന്നത്. അശ്വിന്റെ 100–ാം ടെസ്റ്റ് മൽസരത്തിനാണ് ധരംശാല ഇക്കുറി വേദിയൊരുക്കുന്നത്. ധരംശാലയിലെ ശൈത്യംനിറഞ്ഞ മൈതാനത്തിറങ്ങുന്നതോടെ 100 ടെസ്റ്റ് ക്ലബിൽ അംഗമാകുന്ന ലോകത്തിലെ 77–ാമത്തെ താരമാകും അശ്വിൻ. ടെസ്റ്റ് ക്രിക്കറ്റിൽ 100 മൽസരങ്ങൾ എന്ന മാന്ത്രിക സംഖ്യ പൂർത്തിയാക്കിയ ഇന്ത്യക്കാരുടെ എണ്ണം ഇതോടെ 14 ആകും. സുനിൽ ഗാവസ്കർ (ആകെ 125 മൽസരങ്ങൾ), കപിൽദേവ് (131), ദിലീപ് വെങ്സാർക്കർ (116), സച്ചിൻ തെൻഡുൽക്കർ (200), രാഹുൽ ദ്രാവിഡ് (164), അനിൽ കുംബ്ലെ (132),വി. വി. എസ്. ലക്ഷ്മൺ (134) സൗരവ് ഗാംഗുലി (113), വീരേന്ദ്ര സേവാഗ് (104), ഹർഭജൻ സിങ് (103), വിരാട് കോലി (113), ഇഷാന്ത് ശർമ (105), ചേതേശ്വർ പൂജാര (103) എന്നിവരാണ് അശ്വിനുമുൻപെ 100 എന്ന നാഴികകല്ല് പിന്നിട്ടവർ.