അഞ്ചാം തവണയും രാജപ്രൗഢിയിൽ സഞ്ജു; കടംവീട്ടി കരുത്തുകാട്ടി ബുമ്ര; പഴയ ‘ഹോമിൽ’ പതറി പാണ്ഡ്യ
Mail This Article
ഐപിഎൽ 17–ാം സീസണിലെ അഞ്ചാം മത്സരത്തിലും ‘വീട്’ വിടാതെ വിജയം! ഇതുവരെ നടന്ന എല്ലാ മത്സരങ്ങളിലും വിജയം ഹോം ഗ്രൗണ്ടിൽ ഇറങ്ങുന്ന ടീമുകൾക്കും ഗാലറിയിൽ തിങ്ങിനിറയുന്ന ആരാധകർക്കുമൊപ്പം. ഉദ്ഘാടന മത്സരത്തിൽ ചെന്നൈ തുടങ്ങിവച്ച ശീലം പഞ്ചാബും കൊൽക്കത്തയും രാജസ്ഥാനും ഒടുവിൽ ഗുജറാത്തും തുടരുകയാണ്. സീസണിന്റെ മൂന്നാം ദിവസം ജയ്പുരിൽ ലക്നൗ സൂപ്പർ ജയന്റ്സിനെതിരെ രാജസ്ഥാൻ രാജകീയ വിജയം സ്വന്തമാക്കിയപ്പോൾ, അഹമ്മദാബാദിൽ ഗില്ലിന്റെ ഗുജറാത്ത് ടൈറ്റൻസ് മുട്ടുകുത്തിച്ചത് ഹാർദിക്കിന്റ മുംബൈ ഇന്ത്യൻസിനെ. രാജസ്ഥാനിലെ പോരാട്ടം വിക്കറ്റ് കീപ്പർ നായകൻമാരായ സഞ്ജു സാംസണിന്റെയും കെ.എൽ. രാഹുലിന്റെയും ടീമുകൾ തമ്മിലായിരുന്നെങ്കിൽ, അഹമ്മദാബാദിൽ മുഖാമുഖം നിന്നത് പുതുമുഖ നായകൻമാരായ ശുഭ്മൻ ഗില്ലിന്റെയും ഹാർദിക് പാണ്ഡ്യയുടേയും ടീമുകളായിരുന്നു. ടൂർണമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ നായകനായി ഗുജറാത്ത് ടൈറ്റൻസിനുവേണ്ടി ശുഭ്മൻ ഗിൽ അരങ്ങേറ്റം കുറിച്ചപ്പോൾ, മുംബൈ ഇന്ത്യൻസിന്റെ നായകനായി ഹാർദിക് പാണ്ഡ്യയുടെയും കന്നി മത്സരമായിരുന്നു ഇത്. നായകനായി അരങ്ങേറ്റംകുറിച്ച മത്സരത്തിൽ തന്നെ വിജയിച്ചതിന്റെ ത്രില്ലിലാണ് ശുഭ്മൻ ഗില്ലെങ്കിൽ, നായക സ്ഥാനം ഉപേക്ഷിച്ചുവന്ന ടീമിനോട് പരാജയപ്പെടേണ്ടി വന്നതിന്റെ നിരാശയിലാണ് ഹാർദിക് പാണ്ഡ്യ.