ഒടുവിൽ ‘ഹോമും’ കൈവിട്ടു: കോലിയുടെ ആ സ്വപ്നത്തിലേക്ക് ഇനിയും ദൂരം: ‘ഒരു ഓവർ കൂടി ബാക്കിയുണ്ടായിരുന്നെങ്കിൽ...’
Mail This Article
ഏഴു വിക്കറ്റ് പരാജയത്തോടെ ഈ സീസണിൽ ആദ്യമായി ‘ഹോം ഗ്രൗണ്ടിൽ’ കളി കൈവിടുന്ന ടീമായെങ്കിലും ആർസിബി ആരാധകർ തീർത്തും നിരാശരായല്ല ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തുകടന്നത്. ആർസിബിക്കായി കിങ് കോലി നടത്തിയ ബാറ്റിങ് വെടിക്കെട്ട് തന്നെയാണ് തോൽവിക്കിടയിലും അവർക്ക് ആശ്വാസമായത്. ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ടീം 6 വിക്കറ്റ് നഷ്ടത്തിൽ 182 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരങ്ങൾ 19 പന്തുകൾ ബാക്കി നിൽക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ വിജയ ലക്ഷ്യം മറികടന്നു. ബാറ്റ് കയ്യിലെടുത്ത എല്ലാവരും അനായാസേന റൺസ് കണ്ടെത്തിയപ്പോൾ തുടർച്ചയായ രണ്ടാം വിജയവും പോയിന്റ് പട്ടികയിലെ രണ്ടാം സ്ഥാനവും കെകെആറിന് സ്വന്തം. രാജസ്ഥാൻ റോയൽസിനും 2 കളികളിൽ നിന്ന് 4 പോയിന്റ് ഉണ്ടെങ്കിലും നെറ്റ് റൺറേറ്റിലെ മികവിന്റെ പിന്തുണയിലാണ് പോയിന്റ് പട്ടികയിലെ രണ്ടാം സ്ഥാനത്ത് കെകെആറിന്റെ പേര് എഴുതിച്ചേർത്തത്. കരിയറിലെ 500-ാം ഐപിഎൽ മത്സരത്തിൽ 47 റൺസും ഒരു വിക്കറ്റും സ്വന്തമാക്കിയ സുനിൽ നരെയിൻ ആണ് പ്ലെയർ ഓഫ് ദ് മാച്ച്. കെകെആറിനായി അർധ സെഞ്ചറി നേടിയ വെങ്കിടേശ് അയ്യർ ഐപിഎല്ലിൽ വ്യക്തിഗത സ്കോർ 1000 പിന്നിട്ടു (1013 റൺസ്).