ഇനിയും മറികടക്കാനാകാതെ ലക്നൗവിന്റെ ‘160 വിക്ടറി’; യഷോ ക്രുനാലോ? രണ്ടായാലും ഗുജറാത്ത് തവിടുപൊടി
Mail This Article
ബാറ്റർമാരുടെ വമ്പൻ അടികളുടെ കളി എന്നാണ് ഐപിഎലിന്റെ എഴുതപ്പെടാത്ത വിശേഷണങ്ങളിലൊന്ന്. എന്നാൽ ഇന്നലെ ലക്നൗവിൽ ആഞ്ഞടിച്ചത് ബോളർമാരാണ്. ലക്നൗ സൂപ്പർ ജയന്റ്സിനായി യഷ് ഠാക്കൂറും ക്രുനാൽ പാണ്ഡ്യയും സംഹാര രൂപികളായപ്പോൾ ഗുജറാത്ത് ടൈറ്റൻസിന്റെ പരാജയം 33 റൺസിന്. സ്കോർ: ലക്നൗ– 20 ഓവറിൽ 5ന് 163. ഗുജറാത്ത്– 20 ഓവറിൽ 130. ഐപിഎലിലെ ഇളമുറ ടീമുകളായ ഗുജറാത്തും ലക്നൗവും ഇതുവരെ 5 കളികളിൽ നേർക്കുനേർ വന്നെങ്കിലും ഇത് ആദ്യമായാണ് വിജയം ലക്നൗ പക്ഷത്ത് എത്തിയത്. ഈ വിജയത്തോടെ തുടർച്ചയായ 3 കളികളിൽനിന്ന് നേടിയ 6 പോയിന്റുമായി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേയ്ക്കും ലക്നൗ ഉയർന്നു. ആദ്യ ഇന്നിങ്സിൽ 160 റൺസിന് മുകളിൽ സ്കോർ കണ്ടെത്തിയാൽ ലക്നൗവിനെ പരാജയപ്പെടുത്താനാകിലെന്ന പതിവും അവർ ആവർത്തിച്ചു. ആദ്യം ബാറ്റ് ചെയ്ത് 160ന് മുകളിൽ സ്കോർ കണ്ടെത്തിയ 12 മത്സരങ്ങളിലും എൽഎസ്‌ജി പരാജയം അറിഞ്ഞിട്ടില്ല.