ഋതുരാജിനെ ഭാഗ്യം തുണച്ചത് ആദ്യമായി; മാറ്റം വഴിത്തിരിവാക്കി ദേശ്പാണ്ഡെ; മഞ്ഞക്കടലിൽ ഈ തോണി ഭദ്രം
Mail This Article
പിടിച്ചുകെട്ടാനാകാത്ത ബാറ്റിങ് കരുത്ത്, തടുത്ത് നിൽക്കാനാകാത്ത ബോളിങ് മികവ്. 17–ാം സീസണിലെ ആദ്യ 3 മത്സരങ്ങിലും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മുഖമുദ്രയായിരുന്ന ഈ ഖ്യാതിക്കാണ് ചെന്നൈ ബോളർമാർ കോട്ടംതട്ടിച്ചത്. സീസണിൽ അപരാജിതരായി കുതിപ്പു തുടർന്ന കെകെആറിന് ചെപ്പോക്കിൽ കാലിടറി. ചെന്നൈ സൂപ്പർ കിങ്സ് ബോളർമാരുടെ ആധിപത്യം തിളങ്ങിനിന്ന മത്സരത്തിൽ കൊൽക്കത്തയ്ക്കെതിരെ 7 വിക്കറ്റ് വിജയമാണ് ഋതുരാജ് ഗെയ്ക്‌വാദിന്റെ സംഘം സ്വന്തമാക്കിയത്. കൊൽക്കത്ത ഉയർത്തിയ 138 റൺസ് വിജയലക്ഷ്യം 17.4 ഓവറിൽ ചെന്നൈ മറികടന്നു. സ്കോർ: കൊൽക്കത്ത 20 ഓവറിൽ 9ന് 137. ചെന്നൈ 17.4 ഓവറിൽ 3ന് 141. ∙ മുന്നിൽ നയിച്ച് നായകന്‍മാർ ചെന്നൈയിൽ ഇരു ടീമുകളുടെയും ബാറ്റിങ് നിരയുടെ നെടുന്തൂണുകൾ ആയതും ടോപ് സ്കോറർമാരായതും നായകൻമാരാണ്. ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി അവരുടെ നായകൻ ശ്രേയസ്സ് അയ്യർ 32 പന്തുകളിൽ 34 റൺസ് സ്വന്തമാക്കി ടോപ് സ്കോറർ ആയപ്പോൾ ചെന്നൈക്കായി 58 പന്തിൽ 67 റൺസ് നേടിയാണ് ഋതുരാജ് ഗെയ്ക്‌വാദ് ഇന്നിങ്സിലെ ടോപ് സ്കോറർ ആയത്. വമ്പൻ അടികൾക്ക് മുതിരുന്നതിനേക്കാൾ വിക്കറ്റ് നഷ്ടപ്പെടാതെ ടീം ടോട്ടൽ മുന്നോട്ടുകൊണ്ടുപോകാൻ ശ്രദ്ധിച്ച ഇരുവരുടെയും ഇന്നിങ്സുകൾ തമ്മിലുള്ള പ്രധാന സാമ്യങ്ങളിലൊന്ന് രണ്ട് ഇന്നിങ്സുകളിലും സിക്സറുകൾ ഒന്നും ഇല്ലായിരുന്നെന്നതാണ്.