കൂട്ടുകാരെ തൊടാൻ അനുവാദമില്ലാത്ത, പെരുമഴയത്തേക്ക് ആട്ടിയിറക്കപ്പെട്ട കുട്ടി; ഇന്ത്യയുടെ അഭിമാനമായ ‘ജയ് ഭീം’
Mail This Article
ഒരിടത്തൊരിടത്ത് സൈനിക കന്റോൺമെന്റിൽ ജനിച്ചൊരു കുട്ടിയുണ്ടായിരുന്നു. സുബേദാർ റാങ്കിലുള്ള ആർമി ഓഫിസറുടെ മകൻ. അവന്റെ കുട്ടിക്കാലം പക്ഷേ സങ്കടങ്ങളുടേതും മുറിവുകളുടേതുമായിരുന്നു. അതിന് ഒറ്റ കാരണമേ ഉണ്ടായിരുന്നുള്ളൂ, ജാതി. ഞങ്ങളുടെ ജന്മം ദൈവത്തിന്റെ ശിക്ഷയാണെന്നു കുറേ മനുഷ്യർ വിശ്വസിച്ചിരുന്ന കാലം. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും കൊടികുത്തി വാണ കാലം. ഇരുട്ടിലും വെട്ടത്തിലും നീരാളിയെപ്പോലെ ജാതി അവനെ ഇറുക്കിപ്പിടിച്ചു. അയിത്തക്കാരനെന്നു പറഞ്ഞ് മറ്റു കുട്ടികളാരും അവനോട് മിണ്ടിയില്ല, കളിക്കാനും കൂട്ടിയില്ല. അധ്യാപകർ പോലും അകലെ നിർത്തി. സ്വന്തം ബുദ്ധിയുടെ ബലത്തിൽ, കഠിന പ്രയത്നത്താൽ, ആ തീക്കാലത്തെ അവൻ മറികടന്നു. അനേകമനേകം പേർക്കു മനുഷ്യരായി തലയുയർത്തി ജീവിക്കാൻ ഊർജം നൽകുന്ന ഇതിഹാസമായി. നമുക്ക് ഈ കഥ പറയാനും കേൾക്കാനും അവകാശമുണ്ടാക്കിയ മഹത്തായ ഭരണഘടനയുടെ ശിൽപിയായി. ബാബാസാഹേബ് എന്ന് ആദരവോടെയും ‘ജയ് ഭീം’ എന്ന് മുദ്രാവാക്യം മുഴക്കിയും ഇന്ത്യൻ ജനത ഈ പടനായകനെ നെഞ്ചിലേറ്റി. ഭീംറാവു റാംജി അംബേദ്കർ എന്ന ഡോ. ബി.ആർ.അംബേദ്കറുടെ ജീവിതം എക്കാലത്തും ആവേശമാണ്. ∙ പെരുമഴയത്തേക്ക് ആട്ടിയിറക്കപ്പെട്ട കുട്ടി അംബേദ്കർ ഒരിക്കൽ പറഞ്ഞു, ‘‘എനിക്കു നിങ്ങളോടുള്ള ഉപദേശം ഇതാണ്: വിദ്യ അഭ്യസിക്കുക, സംഘടിക്കുക, സമരം ചെയ്യുക. ആത്മവിശ്വാസം ഉണ്ടായിരിക്കുക. ഒരിക്കലും പ്രത്യാശ കൈവെടിയാതിരിക്കുക’’. പക്ഷേ, എളുപ്പമല്ലായിരുന്നു ഭീമിന്റെ കുട്ടിക്കാലം. ദലിത് വിഭാഗത്തിൽപ്പെട്ട മഹർ ജാതിക്കാരനായിരുന്നു ഭീം. അയിത്തജാതിക്കാർ എന്നു സമൂഹം വേർതിരിച്ചവർക്കു പ്രത്യേക ഇരിപ്പിടമാണ് ക്ലാസിൽ. ഇരിക്കാനായി ഒരു ചാക്കുമായാണു കുഞ്ഞുഭീം സ്കൂളിലേക്കു പോയിരുന്നത്. കൂട്ടുകാരെ തൊടാനൊന്നും അനുവാദമില്ലായിരുന്നു. ഉന്നത ജാതിക്കാരെന്നു മേനി നടിക്കുന്നവരുടെ മക്കൾ കൂട്ടത്തിൽ കൂട്ടിയതേയില്ല.