ഒരിറ്റു ചോര വീണില്ല! നടുക്കടലിൽ 40 മണിക്കൂർ യുദ്ധം; ലോകത്തെ ഞെട്ടിച്ച് ഇന്ത്യൻ നാവികസേനയും ‘മാർക്കോസും’
Mail This Article
2023 ഡിസംബർ 14നാണ് മാൾട്ട റജിസ്ട്രേഷനുള്ള എംവി റുവൻ എന്ന വാണിജ്യ കപ്പലിൽ നിന്ന് ഇന്ത്യൻ നാവികസേനയ്ക്ക് സഹായത്തിനായി ഒരു കോൾ ലഭിക്കുന്നത്. സൊമാലിയൻ കടൽക്കൊള്ളക്കാരുടെ വെടിയേറ്റ് പരുക്കേറ്റ കപ്പൽ ജീവനക്കാരനെ രക്ഷിക്കണമെന്നായിരുന്നു ആ ഫോൺ സന്ദേശം. തൊട്ടുപിന്നാലെ, പരുക്കേറ്റ ജീവനക്കാരനെ നാവികസേനയുടെ ഐഎൻഎസ് കൊച്ചി പടക്കപ്പലെത്തി രക്ഷിക്കുകയും ചെയ്തു. കടൽക്കൊള്ളക്കാരുമായി നടന്ന ചർച്ചകൾക്ക് ശേഷമാണ് ജീവനക്കാരനെ രക്ഷിച്ച് ചികിത്സയ്ക്കായി ഒമാനിലെത്തിക്കാൻ ഇന്ത്യൻ നാവികസേനയ്ക്ക് സാധിച്ചത്. കപ്പൽ മോചിപ്പിക്കാണോ മറ്റു ജീവനക്കാരെ രക്ഷിക്കാനോ അന്ന് സാധിച്ചില്ല. പക്ഷേ മൂന്നു മാസങ്ങൾക്കിപ്പുറം എംവി റുവൻ കപ്പലിനെയും അതിലെ ജീവനക്കാരെയും പ്രത്യേക ദൗത്യത്തിലൂടെ ഇന്ത്യൻ നാവിക സേന രക്ഷിച്ചു. എന്തായിരുന്നു ആ ദൗത്യത്തിൽ സംഭവിച്ചത്? കടൽക്കൊള്ളക്കാരെ നേരിടാൻ എന്തൊക്കെ സംവിധാനങ്ങളും ഒരുക്കങ്ങളുമാണ് ഇന്ത്യൻ നാവികസേന സജ്ജീകരിച്ചത്? പരിശോധിക്കാം. ലോകത്തിലെ ഏറ്റവും മികച്ച സേനകളിൽ ഒന്നാണ് ഇന്ത്യൻ നാവികസേന. ചൈനയേയും പാക്കിസ്ഥാനെയും നിലയ്ക്കു നിർത്താൻ അത്യാധുനിക പടക്കപ്പലുകളും ആയുധങ്ങളുമായി കടലിൽ പ്രതിരോധം ശക്തമാക്കിയിട്ടുള്ള ഇന്ത്യൻ നാവികസേന കടൽക്കൊള്ളക്കാരുടെയും പേടിസ്വപ്നമാണ്. വാണിജ്യ കപ്പലുകളെയും വ്യാപാര പാതകളെയും സംരക്ഷിക്കുന്നതിൽ നാവികസേന പ്രധാന പങ്ക് വഹിക്കുന്നു. നിരീക്ഷണം, പട്രോളിങ്, പ്രത്യാക്രമണങ്ങൾ എന്നിവ വഴി കടൽക്കൊള്ളക്കാരുടെ ഭീഷണികളെ ഫലപ്രദമായി തടയുന്നതിനായും ഇന്ത്യൻ നാവിക സേന സജീവമായി പ്രവർത്തിക്കുന്നുണ്ട്.