മറന്നു വച്ച താക്കോലും ഗൂഗിളിൽ ‘സേർച്ച്’ ചെയ്യാം; 25 വർഷത്തിനിടയിലെ വമ്പൻ മാറ്റം; പിച്ചൈ പറയുന്നു: ‘ഇത് ലോകം കീഴടക്കും’
Mail This Article
‘ഗൂഗിൾ ഇനി പൂർണമായും ജെമിനി (എഐ) യുഗത്തിലാണ്’, എന്നു പറഞ്ഞുകൊണ്ടായിരുന്നു കലിഫോർണിയയിലെ മൗണ്ടൻ വ്യൂവിൽ നടക്കുന്ന ഐ/ഒ 2024 കോൺഫറന്‍സിലെ വാക്കുകൾക്ക് ഗൂഗിൾ മേധാവി സുന്ദർ പിച്ചൈ തുടക്കമിട്ടത്. ഇനി എല്ലാം ജെമിനി മയം, എഐ യുഗം എന്നുതന്നെ പറയേണ്ടി വരും. അത്തരത്തിലുള്ള പരിഷ്കരിച്ച 12 ഉൽപന്നങ്ങളാണ് മേയ് 14ന് ഗൂഗിൾ മേധാവി ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചത്. എല്ലാം ഭാവിയിൽ ടെക് ലോകത്ത് അദ്ഭുതങ്ങൾ സൃഷ്ടിക്കാന്‍ ശേഷിയുള്ളവ. 25 വര്‍ഷത്തെ ഗൂഗിൾ സേർച്ച് ചരിത്രത്തിൽ വലിയൊരു മാറ്റത്തിനാണ് ഇത്തവണ തുടക്കമിട്ടിരിക്കുന്നത്. ഗൂഗിളിന്റെ ഉൽപന്നങ്ങളിലും സേവനങ്ങളിലുമെല്ലാം ഇനി നിര്‍മിത ബുദ്ധി (എഐ) കൂടി ഉണ്ടാകുമെന്ന് പിച്ചൈ വ്യക്തമാക്കിക്കഴിഞ്ഞു. എഐ ഇല്ലാതെതന്നെ ഗൂഗിളിനെ ആശ്രയിച്ചാണ് ജനകോടികൾ ഇന്നു ജീവിതത്തിലും ജോലിയിലും മുന്നോട്ടു പോകുന്നത്. ആ സേർച്ച് എൻജിനിലേക്ക് നിർമിത ബുദ്ധിയുടെ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) മാജിക് കൂടി എത്തുന്നതോടെ എന്തു സംഭവിക്കുമെന്നതിന്റെ വ്യക്തമായ സൂചനകള്‍ പിച്ചൈയുടെ വാക്കുകളിലുണ്ടായിരുന്നു. ഭാവിയുടെ പ്രതീക്ഷയായ എഐ ഇനി ലോകം കീഴടക്കുമെന്ന് ഉറപ്പാക്കുന്ന വിധത്തിലായിരുന്നു അദ്ദേഹത്തിന്റെ അവതരണം.