മാലദ്വീപല്ല, എല്ലാവർക്കും ലക്ഷദ്വീപ് മതി: ‘ബുക്കിങ് ഫുൾ’; എന്താണ് സംഭവിച്ചത്? ‘ഇനി വേണ്ടത് രണ്ടു തരം വികസനം’
Mail This Article
ലക്ഷദ്വീപിന് ഇപ്പോൾ ലഭിച്ച ഭാഗ്യം കേരളത്തിനും ലഭിച്ചിട്ടുണ്ട്, അതും ഒരു പുതുവർഷ പിറവിയിൽ. 2000 ഡിസംബർ 26ന് കോട്ടയത്തെ കുമരകത്ത്, ഇന്ത്യൻ പ്രധാനമന്ത്രി വാജ്പേയി എത്തി. പുതുവർഷവും ആഘോഷിച്ച് മടങ്ങിയത് 2001 ജനുവരി ഒന്നിന്. പിന്നീട് കുമരകം കണ്ടത് സ്വപ്നം കാണാനാവാത്ത നേട്ടങ്ങൾ. പുതുവർഷത്തെ ആഘോഷ ചിത്രങ്ങൾ ഇടാൻ അന്ന് പ്രധാനമന്ത്രിക്ക് ഫെയ്സ്ബുക് ഉണ്ടായിരുന്നില്ല, ഏറ്റെടുത്ത് ‘സഹായിക്കാൻ’ മാല ദ്വീപിലെ മന്ത്രിമാരും. പകരം മാധ്യമങ്ങളിലെ വാർത്തകളും ചിത്രങ്ങളും കുമരകത്തെ ലോക ടൂറിസം മാപ്പിൽ ഇടം നേടാൻ സഹായിച്ചു. കുമരകത്ത് താജ് ഹോട്ടലിൽ വാജ്പേയി എത്തുമ്പോൾ മറ്റ് വമ്പൻ റിസോർട്ടുകളോ ഹോട്ടലുകളോ ഇവിടെ ഉണ്ടായിരുന്നില്ല.. പിന്നാലെ ഫൈവ് സ്റ്റാർ ഹോട്ടലുകളും റിസോർട്ടുകളും കുമരകത്തേക്ക് ഒഴുകി. നിലവിൽ നക്ഷത്ര പദവിയുള്ളവ ഉൾപ്പെടെ നാൽപതോളം ഹോട്ടലുകളാണ് കുമരകത്ത് നിറഞ്ഞു നിൽക്കുന്നത്. ഒപ്പം മുന്നൂറോളം വഞ്ചിവീടുകളും.