‘എന്റെ കുട്ടി ഏതോ നാട്ടിലെ ജയിലിൽ കിടക്കുമ്പോൾ ഞാനെങ്ങനെ സന്തോഷിക്കും; ഉമ്മാന്ന് വിളിച്ച് അവർ വരുമ്പോൾ നെഞ്ചു പൊട്ടും’
Mail This Article
‘എന്റെ മകന് മാപ്പു നല്‍കൂ’ എന്ന ഒരമ്മയുടെ പ്രാര്‍ഥന, നഷ്ടപ്പെട്ട മകനെയോര്‍ത്ത് ഉരുകുന്ന മറ്റൊരമ്മയുടെ മനസ്സിനെ തൊടാനെടുത്തത് നീണ്ട പതിനെട്ട് വര്‍ഷങ്ങളാണ്. കടലും മരുഭൂമിയും താണ്ടി അവരുടെ കണ്ണുനീര്‍ തന്റെ മകന്‍ മനസ്സറിയാതെ ചെയ്തുപോയ അപരാധത്തിന് മാപ്പിരന്ന് അത്രയും നാള്‍ കാത്തിരുന്നു. മരണമുറപ്പിച്ച് 18 കൊല്ലം തടവറയില്‍ ജീവിച്ച്, ഒടുവില്‍ നല്ല കുറേ മനുഷ്യരുടെ ഒരുമയില്‍ ജീവന്‍ തിരിച്ചുനേടിയ അബ്ദുല്‍റഹീമിന്റെ കഥ ഒന്നര വ്യാഴവട്ടക്കാലത്തെ ഒരു മാതാവിന്റെ കാത്തിരിപ്പിന്റേതു കൂടിയാണ്. പെറ്റുമ്മയും മകനും തമ്മില്‍ കാണാതൊടുങ്ങുമെന്ന് ചിന്തിച്ച് തടവറയില്‍ മകനും കാതങ്ങള്‍ക്കിപ്പുറം പ്രാര്‍ഥനകളുമായി ആ ഉമ്മയും കരഞ്ഞുകരഞ്ഞുറങ്ങിപ്പോയ എത്രയെത്ര ദിവസങ്ങളുണ്ടായിട്ടുണ്ടാകണം. ഒടുവില്‍ അദ്ഭുതംപോലെ ആ മകന് തിരിച്ചുവരവിനുള്ള വഴിയൊരുങ്ങുകയാണ്. ദയാധനം വാങ്ങി റഹീമിന് മാപ്പു നൽകാമെന്ന് സൗദിയിലെ ഒരു കുടുംബം കോടതിയെ അറിയിച്ചിരിക്കുന്നു. ഇനി ഏതു നിമിഷവും റഹീമിന്റെ മോചനം സാധ്യമാകും. കേരളത്തിന്റെ, തന്നെ സ്നേഹിച്ചവരുടെ, സഹായിച്ചവരുടെ അരികിലേക്കാണ് റഹീം വരുന്നത്. ഒപ്പം ഇക്കാലമത്രയും കാത്തുകാത്തിരുന്ന ഉമ്മയുടെ മടിയിലെ സ്നേഹച്ചൂടിലേക്കും... എങ്ങനെയാണ് ഇക്കാലമത്രയും മകനെ ഓർത്ത് ആ ഉമ്മ തന്റെ ജീവിതം തള്ളിനീക്കിയത്? അവനോടൊന്നു സംസാരിച്ചിട്ടുതന്നെ എത്രയോ കാലമായിരിക്കുന്നു! റഹീമിനൊപ്പം തടവിലാക്കപ്പെട്ടതാണ് ഉമ്മയുടെ സന്തോഷവും. ഒടുവിൽ ആ തടവു തുറന്ന് സന്തോഷം പുറത്തിറങ്ങുകയാണ്. ഉമ്മയ്ക്ക് പറയാനുണ്ട് ഒരുപാട്. ആ കഥ മനോരമ ഓണ്‍ലൈൻ പ്രീമിയത്തിൽ പങ്കുവയ്ക്കുകയാണ് ഫാത്തിമയെന്ന എഴുപത്തിയഞ്ചുകാരി.