ഇന്ത്യയുടെ ആ നേട്ടം പ്രവാസികളുടെ മിടുക്കിൽ; രാജ്യം വളരുമ്പോഴും രൂപ തളരുന്നത് എന്തുകൊണ്ട്?
Mail This Article
ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്‌ഘടനകളിൽ മുന്നിലാണ് ഇന്ത്യ എന്ന് കേൾക്കുമ്പോൾ അഭിമാനിക്കുന്ന നാം, അതേ രാജ്യത്തെ രൂപയുടെ മൂല്യം നാളുകൾ കഴിയുന്തോറും ഇടിയുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ? സാമ്പത്തിക ശക്തിയായി വളരുന്ന ഇന്ത്യയുടെ രൂപയുടെ മൂല്യത്തില്‍ വര്‍ധനവുണ്ടാവാത്തത് ഒരു വിരോധാഭാസമായി ഒരാൾക്ക് തോന്നിയാൽ അതിൽ സംശയം പറയാനാവില്ല. കാരണം മികച്ച സമ്പദ്‌വ്യവസ്ഥകളിലെ കറന്‍സികള്‍ക്ക് മികച്ച മൂല്യവും പ്രതീക്ഷിക്കാവുന്നതാണ്. എന്നാല്‍ ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്ഘടനയായിരിക്കുമ്പോഴും രൂപയുടെ മൂല്യമിടിഞ്ഞ് 83 രൂപയില്‍ എത്തി നില്‍ക്കുകയാണ്. രൂപയ്ക്ക് മൂല്യശോഷണമുണ്ടാവുമ്പോൾ അതിൽ സന്തോഷിക്കുന്നവരും ദുഃഖിക്കുന്നവരുമുണ്ട്. വിദേശ ഇന്ത്യക്കാരും പ്രവാസികളും ഇന്ത്യന്‍ കയറ്റുമതിക്കാരുമാണ് രൂപ തളരുമ്പോൾ സന്തോഷിക്കുന്നവർ. കാരണം അവർക്ക് വിനിമയത്തിലൂടെ ഇന്ത്യയിലേക്ക് അയയ്ക്കുന്ന പണത്തിന്റെ അളവില്‍ വര്‍ധനയുണ്ടാകും. അതേസമയം വിദേശ വിനോദയാത്രികര്‍ക്കും, വിദേശത്ത് വിദ്യാഭ്യാസം ചെയ്യുന്നവർക്കും രൂപയുടെ മൂല്യശോഷണം ഒരു ബാധ്യതയാണ്.