'ആർക്കും വേണ്ടാത്തവന'ല്ല, ഇനി ജെയ്ക്കിനെ ഡൽഹി വിടില്ല! ഇങ്ങനെ റണ്ണടിച്ചു കൂട്ടാനാണോ പന്ത് 'ഗ്യാപ്' എടുത്തത്!
Mail This Article
കുൽദീപ് യാദവിന്റെ മാന്ത്രികതയിൽ ലക്നൗ സൂപ്പർ ജയന്റ്സിന്റെ മുൻനിര മയങ്ങി വീണപ്പോൾ ഡൽഹിക്ക് സീസണിൽ രണ്ടാം ജയം. തുടക്കത്തിലെ വൻ വീഴ്ചയിലും പതറാതെ ലക്നൗവിനെ മുന്നിൽ നിന്ന് നയിച്ച് ആയുഷ് ബദോനിയുടെ പോരാട്ടം വിഫലം. ലക്നൗവിന്റെ ഹോം ഗ്രൗണ്ടിൽ ഡൽഹിയുടെ വിജയം 11 പന്തുകൾ ശേഷിക്കെ 6 വിക്കറ്റിന്. സ്കോർ: ലക്നൗ സൂപ്പർ ജയന്റ്സ്: 20 ഓവറിൽ 7 വിക്കറ്റിന് 167. ഡൽഹി ക്യാപിറ്റൽസ്: 18.1 ഓവറിൽ 4 വിക്കറ്റിന് 170. ഐപിഎൽ താര ലേലത്തിൽ ആർക്കും വേണ്ടാതെ തഴയപ്പെട്ടവൻ. ഡൽഹിയിലേക്ക് എത്തിയത് പകരക്കാരന്റെ വേഷത്തിൽ. ആദ്യ മത്സരത്തിൽ നേരിട്ട രണ്ടാം പന്തിൽ സിക്സർ പായിച്ചുകൊണ്ട് റൺവേട്ടയ്ക്ക് തുടക്കം. അരങ്ങേറ്റ മത്സരത്തിൽ തന്നെ അർധ സെഞ്ചറി നേട്ടത്തോടെ ടീമിന്റെ വിജയശിൽപി ആയ താരം. ഈ വിശേഷണങ്ങളെല്ലാം ഒരാൾക്ക് അവകാശപ്പെട്ടതാണ്. ഈ സീസണിൽ ഇതുവരെ കളത്തിലിറങ്ങിയ നാലിൽ മൂന്ന് മത്സരങ്ങളിലും വിജയിച്ച് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്ത് നിലയുറപ്പിച്ചിരുന്ന ലക്നൗ സൂപ്പർ ജയന്റ്സിനെ അവരുടെ ഹോം ഗ്രൗണ്ടിൽ ചെന്ന് പഞ്ഞിക്കിട്ട യുവ താരം ജെയ്ക് ഫ്രേസർ മക്കര്‍ഗാണ് ശരിക്കും ഡൽഹിയുടെ വിജയശിൽപി. ക്രുനാൽ പാണ്ഡ്യ പന്തെടുത്ത 13–ാം ഓവറിൽ തുടരെത്തുടരെ അടിച്ചു പറത്തിയ 3 സിക്സറുകൾ കണ്ട ആരും ജെയ്ക്കിനെ ഒരിക്കലും മറക്കില്ല. അത്ര മികച്ചതായിരുന്നു ആ ഓരോ സിക്സറുകളും. 35 പന്തിൽ നിന്ന് ആകെ 5 സിക്സറുകളും 2 ഫോറുകളും സഹിതം ജെയ്ക് അടിച്ചെടുത്തത് 55 റൺസ് ആണ്. മൂന്നാമനായി ക്രീസിലെത്തിയ ജെയ്ക് തന്നെയാണ് ഡൽഹിയുടെ ടോപ് സ്കോററും. സ്ട്രൈക് റേറ്റ് 157.14.