നിറം മാറിയെങ്കിലും കളി മാറിയില്ല, ‘പച്ച’പിടിക്കാതെ ആർസിബി; ബോളിങ് പോരിൽ ടൈറ്റൻസ് മിന്നി
Mail This Article
സീസണിന്റെ തുടക്കത്തിൽ ടീമിന്റെ പേരിൽ മാറ്റം വരുത്തി ഭാഗ്യപരീക്ഷണം നടത്തിയ റോയൽ ചാലഞ്ചേഴ്സിന് പുതിയ നിറത്തിലുള്ള രണ്ടാം ജഴ്സിയും രാശിയായില്ല. തുടർ തോൽവികളുടെ ട്രാക്ക് മാറാൻ കഴിയാതെ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്തു തുടരുന്ന റോയൽ ചാലഞ്ചേഴ്സിന്റെ പ്ലേ ഓഫ് സാധ്യതകളും ഏറക്കുറെ അവസാനിച്ചു. തുടർച്ചയായ 17–ാം വർഷവും ‘കിങ്’ കോലിക്ക് കപ്പില്ല. ഭാഗ്യക്കേട് മുഖമുദ്രയായ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു കൊൽക്കത്തയ്ക്കെതിരെ വിജയം അടിയറവച്ചത് കേവലം ഒരു റൺസിന്. സ്കോർ: കൊൽക്കത്ത– 20 ഓവറിൽ 6ന് 222. ബെംഗളൂരു– 20 ഓവറിൽ 221ന് ഓൾഔട്ട്. തുടർച്ചയായ രണ്ടാം സീസണിലും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ വിജയം കാണാനാകാതെ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു. 16–ാം സീസണിലെ 2 മത്സരങ്ങളിലും എന്നപോലെ 17–ാം സീസണിലെ 2 മത്സരങ്ങളിലും കെകെആറിനോട് ആർസിബി അടിയറവ് പറഞ്ഞു. ഈ സീസണിൽ ഇരു ടീമുകളും മുഖാമുഖം വന്ന ആദ്യ മത്സരത്തിൽ റോയൽ ചാലഞ്ചേഴ്സ് ഉയർത്തിയ 183 റൺസിന്റെ വിജയലക്ഷ്യം 7 വിക്കറ്റുകളും 19 പന്തുകളും ബാക്കിവച്ചാണ് കൊൽക്കത്ത മറികടന്നത്. എന്നാൽ, രണ്ടാം മത്സരത്തിൽ കെകെആറിന് കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. പൊരിഞ്ഞ പോരട്ടത്തിനൊടുവിലാണ് ഒരു റൺ വിജയം സ്വന്തമാക്കിയത്. 2023ൽ ആദ്യ മത്സരത്തിൽ 81 റൺസിന്റെ വൻ മാർജിനിലാണ് കെകെആറിന് മുന്നിൽ ബെംഗളൂരു മുട്ടുമടക്കിയത്. രണ്ടാം മത്സരത്തിലും കൊൽക്കത്ത സ്കോർ 200ൽ എത്തിയിരുന്നു. അന്ന് ബെംഗളൂരുവിന്റെ പരാജയം 21 റൺസിനും. കെകെആറും ആർസിബിയും നേർക്കുനേർ വന്ന അവസാന 5 മത്സരങ്ങളിൽ നാലിലും വിജയം കൊൽക്കത്തയ്ക്കൊപ്പം ആയി.