ടോസിൽ ‘പാസാകാതെ’ ഋതുരാജ്; ഹോമും കൈവിട്ട് സിഎസ്കെ; ഇത് മാർകസ് സ്റ്റോയ്നിസിന്റെ വിജയഗാഥ
Mail This Article
നിർണായകഘട്ടങ്ങളിലെല്ലാം സൂപ്പർ കിങ്സിനൊപ്പം നിന്നിട്ടുള്ള ചെപ്പോക്ക് സ്റ്റേഡിയവും ഒടുവിൽ ചെന്നൈയെ കൈവിട്ടു. ഐപിഎൽ 17–ാം സീസണിൽ സിഎസ്കെയ്ക്ക് ആദ്യ ഹോം ഗ്രൗണ്ട് തോൽവി. നേരത്തേ നടന്ന മൂന്ന് മത്സരങ്ങളിലും ചെന്നൈയ്ക്ക് വിജയം സമ്മാനിച്ച മൈതാനമാണ് മാർകസ് സ്റ്റോയ്നിസിന്റെ അപരാജിത സെഞ്ചറിക്ക് മുന്നിൽ മുട്ടുമടക്കിയത്. ഇതോടെ പോയിന്റ് പട്ടികയിൽ ചെന്നൈ ആദ്യ നാലിൽ നിന്ന് പുറത്തായി അഞ്ചാം സ്ഥാനത്തെത്തി. ഈ സീസണിൽ ഹോം ഗ്രൗണ്ടിന് പുറത്ത് ചെന്നൈ ഒറ്റ മത്സരം മാത്രമേ വിജയിച്ചിട്ടുള്ളൂ. വാങ്കഡെയിൽ മുംബൈ ഇന്ത്യൻസിനെതിരെ. ∙ ചെന്നൈയെ കൈവിട്ട് എം.എ.ചിദംബരം സ്റ്റേഡിയവും 2008 ഏപ്രിൽ 23, ചെന്നൈ സൂപ്പർ കിങ്സ് ചെപ്പോക്ക് സ്റ്റേഡിയത്തിൽ തങ്ങളുടെ ആദ്യ ഹോം മാച്ചിനിറങ്ങിയ ദിവസം. 16 വർഷങ്ങൾക്കിപ്പുറം മറ്റൊരു ഏപ്രിൽ 23ന് ചെന്നൈ ടീം വീണ്ടും ചെപ്പോക്കിൽ എത്തി, അവരുടെ ഹോം മത്സരത്തിനായി. എതിരാളികളിലും മത്സര ഫലത്തിലുമെല്ലാം ഈ രണ്ട് മത്സരങ്ങൾ തമ്മിൽ വ്യത്യാസങ്ങൾ ഒട്ടേറെയുണ്ടെങ്കിലും ചെന്നൈ സ്കോർ ബോർഡും ഈ രണ്ട് മത്സരങ്ങളും തമ്മിൽ കൗതുകകരമായ ചില സമാനതകളുണ്ട്. രണ്ട് മത്സരങ്ങളിലും ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ സ്കോർ 200 കടത്തി. രണ്ട് തവണയും സ്കോർ 100 കടന്നത് 11.3 ഓവറുകളിൽ നിന്ന്. ടീം ടോട്ടൽ 150ൽ എത്താൻ 2008ൽ 15.3 ഓവറുകൾ വേണ്ടിവന്നപ്പോൾ 2024ൽ കേവലം ഒരു പന്തിന്റെ വ്യത്യാസത്തിൽ 15.4 ഓവറിൽ 150 പൂർത്തിയായി.