ഫോമില്‍ കസറുന്ന സഞ്ജുവിനെ ഒഴിവാക്കുമോ? ഇനിയും കാത്തിരിക്കണോ അഭിയും ദുബെയും; മറക്കരുത് സച്ചിൻ ചെയ്തത്...
Mail This Article
സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഇത്തവണത്തെ ബാറ്റിങ് ആരും അസൂയയോടെ നോക്കിപ്പോകും. ബോളർമാരെ ഒട്ടും ബഹുമാനിക്കാതെ, തലങ്ങും വിലങ്ങും അടിയോടടി. ടീമിനായി ഓസ്ട്രേലിയയുടെ ലോകകപ്പ് ജേതാവ് ട്രാവിസ് ഹെഡ് ഒരറ്റത്ത് സംഹാര താണ്ഡവമാടുമ്പോൾ എതിർവശത്ത് അതിമനോഹരമായി സിക്സറുകൾ പറത്തുന്നത് ഒരു അൺക്യാപ്‌ഡ് ഇന്ത്യൻ താരമാണ്... അഭിഷേക് ശർമ. യുവ്‌രാജ് സിങ്ങിന്റെ ശിഷ്യനായ ഈ പഞ്ചാബി താരം, യുവിയെ അനുസ്മരിപ്പിക്കുന്ന പ്രകടനമാണ് പുറത്തെടുക്കുന്നത്. ബാറ്റിങ് പറുദീസയായ ഫ്ലാറ്റ് പിച്ചുകൾ എന്ന കുറ്റം പറയാമെങ്കിലും ഭയമില്ലാതെ അത്രയേറെ അനായാസമായാണ് അഭിഷേകിന്റെ ബാറ്റ് ചലിക്കുന്നത്. അഭി ക്രീസിലുള്ള മിക്ക കളികളിലും സ്ട്രൈക് റേറ്റ് ഹെഡിനും മുകളിലായിരുന്നു. ഏതു ടീമും കൊതിക്കുന്ന ഈ ഓപ്പണർ, ട്വന്റി 20 ലോകകപ്പ് നടക്കുന്ന വർഷം ഇന്ത്യൻ ടീമിലേക്കുള്ള ചർച്ചയിൽപോലും വരുന്നില്ല എന്നതാണ് കഷ്ടം. വെറുമൊരു സീസണിലെ സ്പാർക് കണ്ട് ടീമിലെടുക്കണമെന്ന് പറയുകയാണോ. സംശയം തോന്നാം? എന്നാൽ അഭിഷേകിന്റെ കാര്യത്തിൽ അങ്ങനെയൊരു ശങ്ക വേണ്ട. ആഭ്യന്തര മത്സരങ്ങളിലെ ‘കില്ലാടി’യാണ് താരം.