ക്രിസ്റ്റ്യാനോ, മെസ്സി, ഛേത്രി...; ഇന്ത്യൻ ഇതിഹാസത്തിന് ഗോൾ ‘സെഞ്ചറി’യിലേക്ക് ഇനി 6 ഷൂട്ടുകൾ...
Mail This Article
‘സുനിൽ ഛേത്രി ഇല്ലാതെ ഗോളടിക്കാനും ജയിക്കാനും പഠിക്കണം’ 2022 ജൂണിൽ ഏഷ്യൻ കപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിന്റെ ആദ്യ മത്സരത്തിൽ കംബോഡിയയ്ക്കെതിരെ വിജയിച്ച ഇന്ത്യൻ ഫുട്ബോൾ ടീം അംഗങ്ങള്‍ക്ക് പരിശീലകൻ ഇഗോർ സ്റ്റിമാച്ച് നൽകിയ ഉപദേശമാണിത്. ഈ ഉപദേശത്തിന് കാരണം മത്സരത്തിൽ ഇന്ത്യയുടെ 2 ഗോളുകളും നേടിയത് മുപ്പത്തിയേഴുകാരൻ ഛേത്രിയായിരുന്നു എന്നത് തന്നെ. കിരീടമോഹവുമായി മൈതാനത്തിറങ്ങുമ്പോൾ മുന്നിൽ നിന്നു നയിക്കുന്ന നായകൻ, നിർണായകഘട്ടങ്ങളിൽ ഗോളടിക്കുന്ന രക്ഷകൻ, തന്റെ സാന്നിധ്യം കൊണ്ടു മാത്രം സ്റ്റേഡിയത്തിലേക്കു കാണികളെ ആകർഷിക്കാൻ കഴിയുന്ന ‘ഫന്റാസ്റ്റിക് ഫുട്ബോളർ’– സുനിൽ ഛേത്രിയെ തിരിച്ചറിയാൻ ഇത്രയും മതി. രാജ്യാന്തര മത്സരങ്ങളിലെ ഗോൾനേട്ടത്തിൽ ഇതിഹാസ താരങ്ങളായ ക്രിസ്റ്റ്യാനോയ്ക്കും ലയണൽ മെസ്സിക്കും പിന്നിൽ സജീവ ഫുട്ബോളർമാരിൽ മൂന്നാം സ്ഥാനത്തുള്ള ഛേത്രി ഇന്ത്യൻ ഫുട്ബോളിനെ സ്വന്തം ചുമലിലേറ്റാൻ തുടങ്ങിയിട്ട് വർഷങ്ങൾ പലതുകഴിയുന്നു. പന്തിന്റെ ദിശയും ഗതിയും ഛേത്രിയോളം വായിച്ചെടുക്കുന്നവർ ഇന്ത്യൻ ഫുട്ബോളിൽ ആരുമില്ല.