ഇത് സിക്സറുകളുടെ പൂരം; 57 മത്സരങ്ങളിൽ നിന്ന് 1000; മുന്നിൽ ഒരേ ടീമിലെ മൂവർ സംഘം
Mail This Article
രോഹിത് ശർമ, വിരാട് കോലി, ക്രിസ് ഗെയിൽ, ബ്രണ്ടൻ മക്കല്ലം... ലോക ക്രിക്കറ്റിലെ സിക്സർ രാജാക്കൻമാർ എന്ന വിശേഷണം കുത്തകയാക്കിയിരുന്ന ഈ പേരുകൾക്കൊപ്പം മറ്റനേകം പേരുകൾക്കൂടി എഴുതിച്ചേർത്ത വെടിക്കെട്ടിനാണ് ഐപിഎൽ 17–ാം സീസണ്‍ സാക്ഷ്യം വഹിച്ചത്. 57 മത്സരങ്ങളിൽ നിന്ന് തന്നെ 1000 സിക്സറുകൾ എന്ന കടമ്പതാണ്ടി എന്നതുതന്നെയാണ് ഇതിന്റെ ഏറ്റവും വലിയ തെളിവ്. 2022ൽ പുതുതായി 2 ടീമുകൾ (ഗുജറാത്ത് ടൈറ്റൻസ്, ലക്നൗ സൂപ്പർ ജയന്റ്സ്) കൂടി ഐപിഎലിലേക്ക് വന്നതോടുകൂടയാണ് ടൂർണമെന്റിലെ ആകെ സിക്സറുകളുടെ എണ്ണം ആദ്യമായി 1000 കടന്നത്. മുൻപത്തെ സീസണുകളിൽ 60 മത്സരങ്ങളായിരുന്നു ആകെ ഉണ്ടായിരുന്നതെങ്കിൽ അത് 74 മത്സരങ്ങളായി ഉയർന്നതോടെയാണ് ടൂർണമെന്റിലെ സിക്സർ മഴ 1000 കടന്ന് തിമിർത്ത് പെയ്യാൻ തുടങ്ങിയത്. പിന്നീടുള്ള രണ്ട് സീസണുകളിലും ആകെ സിക്സറുകൾ ആയിരം കടന്നു. 2022ൽ 70 മത്സരങ്ങളിൽ (16269 പന്തകൾ) നിന്നാണ് 1000 സിക്സറുകൾ പിറന്നതെങ്കിൽ 2023ൽ അത് 67 മത്സരങ്ങളിൽ (15391 പന്തുകൾ) നിന്നായി ചുരുങ്ങി. 2024ൽ എത്തിയപ്പോൾ 1000 സിക്സറുകൾ എന്ന കടമ്പ താണ്ടാൻ വേണ്ടിവന്നത് കേവലം 57 മത്സരങ്ങൾ. 17–ാം സീസണിൽ 13079 പന്തുകൾ പിന്നിട്ടപ്പോൾ തന്നെ ആകെ സിക്സറുകളുടെ എണ്ണം 1000 പിന്നിട്ടു.