വേണം, സഹകരണബാങ്കുകൾ നിലനിൽക്കാൻ കൂടുതൽ കരുതലും ജാഗ്രതയും
Mail This Article
അയൽവക്കത്തെ ചേട്ടൻ സഹകരണബാങ്ക് ബോർഡ് മെമ്പറാണെന്നതാണ് രജനിയുടെ ആശ്വാസം. അവളുംകൂടി ചേർന്നാണ് വോട്ട് ചെയ്തും വോട്ടുപിടിച്ചും ചേട്ടനെ മെമ്പറാക്കിയത്. അതിന്റെ പ്രതിനന്ദി ചേട്ടൻ കാണിക്കുന്നുമുണ്ട്. എന്തു സാമ്പത്തിക ആവശ്യമുണ്ടെങ്കിലും അദ്ദേഹം സഹായത്തിനുണ്ട്. അതു വ്യക്തിപരമായി മാത്രമല്ല, കുടുംബശ്രീയുടെ ബാങ്കിടപാടുകൾ നടത്താനും അത്യാവശ്യ സന്ദർഭങ്ങളിൽ സ്വയം തൊഴിൽവായ്പ ലഭ്യമാക്കാനും ഏറെ സഹായകരമാണ്.
വീട്ടുമുറ്റത്ത് ഒരു ബാങ്ക്
ബാങ്കിങ് സൗകര്യം ഗ്രാമീണമേഖലകളിൽ വളരാൻ ഏറെ സഹായിച്ചത് സഹകരണബാങ്കുകളാണ്. സ്വന്തമായി ഒരു അക്കൗണ്ട് തുടങ്ങിയതും പാസ്ബുക്ക്, ചെക്ക് ബുക്ക് തുടങ്ങിയവ കൈകാര്യം ചെയ്യുന്നതും കുടുംബശ്രീ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുൻപ് വീട്ടമ്മമാരായ സ്ത്രീകൾക്ക് ചിന്തിക്കാൻപോലും പറ്റില്ലായിരുന്നു. എന്നാൽ ഇന്നു സ്വയംതൊഴിൽസംരംഭങ്ങളിലൂടെ ജീവിതം കരുപിടിപ്പിക്കാനായപ്പോൾ അവർ ഏറ്റവും കൂടുതൽ നന്ദി പറയുന്നതു നമ്മുടെ സഹകരണ ബാങ്കിങ് മേഖലയോടാണ്. അവയാകട്ടെ വീട്ടുമുറ്റത്ത് ഒരു ബാങ്ക് എന്നു വിളിക്കാൻ പറ്റിയ വിധത്തിൽ തൊട്ടയൽപക്കത്ത് കുറച്ചു ചുവടുകൾ വച്ചാൽ എത്താവുന്ന ദൂരത്തിലാണ്.
സ്ത്രീകളും സഹകരണമേഖലയും
ഒരു സമൂഹത്തിന്റെ അന്തസ്സ് അവിടുത്തെ സ്ത്രീകളുടെ പദവിയുമായി അഭേദ്യം ബന്ധപ്പെട്ടിരിക്കുന്നു. അതറിഞ്ഞുകൊണ്ടുതന്നെ സഹകരണമേഖല നിക്ഷേപങ്ങളും വായ്പകളും നൽകിവരുന്നു. രണ്ടിനും പലിശ കൂടുതലാണെങ്കിലും ദേശസാൽകൃതബാങ്കുകളെക്കാൾ കൂടുതലായ ഉപഭോക്തൃസൗഹൃദമാണ് സ്ത്രീകൾക്കു പൊതുവെ അനുഭവപ്പെടാറുള്ളത്. അതിനു കാരണം ഉദ്യോഗസ്ഥരും ഡയറക്ടർബോർഡ് അംഗങ്ങളും സമീപത്തുള്ളവരായതുകൊണ്ടും കൂടിയാണ്. മാത്രവമല്ല വ്യത്യസ്ഥമായ വായ്പാശ്രേണികൾ സഹകരണബാങ്കിനെ കൂടുതൽ സ്ത്രീസൗഹൃദവുമാക്കുന്നു.
വേദനിപ്പിക്കുന്ന അനുഭവങ്ങളും
എന്നാൽ എല്ലാവരെയും പ്രത്യേകിച്ച് സ്ത്രീകളെ ഞെട്ടിച്ചത് സമീപകാലത്ത് ഒരു സ്ത്രീക്ക് ഏറ്റ തിരിച്ചടിയിലൂടെയായിരുന്നു. തൃശൂർ സ്വദേശിനിയായ ഫിലോമിന എന്ന എഴുപതുകാരി കരുവന്നൂർ സഹകരണബാങ്കിൽ നിക്ഷേപിച്ചിരുന്ന 30 ലക്ഷം രൂപാ ചികിത്സക്കായുള്ള പണത്തിനു പിൻവലിക്കാനാകാതെ മരണത്തിനു കീഴടങ്ങിയെന്ന വാർത്ത സാക്ഷരകേരളത്തിലെ സാമ്പത്തികലോകത്തിന് ഏറെ വേദനയുണർത്തി. വാർത്താപ്രാധാന്യം നേടിയ ഈ സംഭവത്തോടൊപ്പം ഇതുപോലുള്ള ഒട്ടേറെ കേസുകളുണ്ട് എന്ന നിയമസഭയിലെ പരാമർശങ്ങളും ഖേദകരമാണ്. അതായത് വാർത്തയിൽ ഇടം പിടിക്കാത്ത ഒട്ടേറെ കേസുകളുമുണ്ട് എന്നതാണു വാസ്തവം.
അറിയണം, മനസ്സിലാക്കണം ജാഗ്രതയോടെ
∙സാമ്പത്തിക ഇടപാടുകൾ കൃത്യമായും വ്യക്തിപരമായ ഉത്തരവാദിത്തമാണ്. ആരുടേയും മേൽ പഴിചാരിയിട്ടു കാര്യമില്ല. അതിനാൽ വിവേകപൂർവം കൈകാര്യം ചെയ്യേണ്ടതാണ്.
∙വായ്പയെടുക്കുമ്പോഴും നിക്ഷേപിക്കുമ്പോഴും സ്വകാര്യസ്ഥാപനങ്ങൾ വാഗ്ദാനം ചെയ്യുന്ന താൽകാലിക ലാഭത്തിന്റെ പിന്നാലെ പോവരുത്.
∙അംഗീകൃത ദേശസാൽകൃതബാങ്കുകളിലെ നിക്ഷേപങ്ങൾക്കു സുരക്ഷിതത്വം കൂടുതലാണ്. അധികം റിസ്കും സാഹസികതയും എടുക്കാനാഗ്രഹിക്കാത്തവർക്കും പെട്ടെന്ന് അമിതമായി പണക്കാരാനാകാൻ ആഗ്രഹിക്കാത്തവർക്കും ഏറ്റവും ഉചിതമാണ്്.
∙സമ്പാദ്യശീലം പ്രയോജനകരമാണെങ്കിലും നാളേക്കുവേണ്ടി അമിതമായി ആസൂത്രണം ചെയ്ത് ഇന്നു ജീവിക്കാൻ മറക്കുന്നതു വിഡ്ഡിത്തമാണ്.
∙വിവിധ കാലാവധിയിലേക്കു നിക്ഷേപിക്കുമ്പോഴും പെട്ടെന്നു പണമാക്കി മാറ്റാവുന്ന തരത്തിലുള്ള അക്കൗണ്ടുകളും ഉണ്ടായിരിക്കണം.
∙സ്വർണത്തിന് ഒരു പ്രദർശനവസ്തു എന്നതിലേക്കാളുപരി പെട്ടെന്നു ലഭ്യമാവുന്ന വിപണനമൂല്യവും വായ്പാമൂല്യവുമാണുള്ളത്്.
വിശ്വാസ്യത വീണ്ടെടുക്കണം
വികേന്ദ്രികൃതമായ ഒരു സംവിധാനത്തിലൂടെ നാട്ടിലെ സാധാരണ ആളുകൾക്കു പോലും പ്രാപ്യമായ രീതിയിൽ കാര്യക്ഷമമായി നിലനിന്നുപോരുന്ന ബാങ്കിങ് സംവിധാനമാണ് നമുക്കുള്ളത്. അതിനാൽ ഇതിനോടനുബന്ധിച്ച് സാധാരണജനങ്ങൾക്കുള്ള ആശങ്കകൾ ദുരീകരിക്കേണ്ട സമയമാണിത്. സഹകരണമേഖലയുടെ വിശ്വാസീയത നിലനിർത്തണം. അതിനായുള്ള ശ്രമങ്ങൾ പ്രാഥമികതലത്തിൽനിന്നുകൊണ്ടുതന്നെ തുടങ്ങണം. ഗ്രാമീണമേഖലയിൽ ഏറെ ഉപഭോക്തൃ സൗഹൃദസമീപനം സഹകരണമേഖലയ്ക്കുള്ളതുകൊണ്ട് പരിശ്രമങ്ങൾ എളുപ്പമാണ്. പ്രത്യേക ഗ്രൂപ്പുകൾ വാർഡ് അടിസ്ഥാനത്തിൽ രൂപീകരിക്കപ്പെട്ട് പ്രവർത്തനമാരംഭിക്കണം. നിക്ഷേപങ്ങളുടെയും വായ്പകളുടെയും നിജസ്ഥിതി വെളിപ്പെടുത്തേണ്ടതും ഇപ്പോൾ ആവശ്യമാണ്. അല്ലെങ്കിൽ നിക്ഷേപം കുറയുകയും വായ്പാതിരിച്ചടവ് മന്ദഗതിയിലാവുകയും ചെയ്യും. ബാങ്ക് സർവീസ് സംഘടനാ മീറ്റിങ്ങുകളിൽ ഈ വിഷയവുമായി സഹകരിച്ച് പ്രവർത്തനപദ്ധതികൾ ആവിഷ്കരിക്കണം.
കരുതലാണു വേണ്ടത്
ഭൗതികവളർച്ചയുടെ കുത്തൊഴുക്കിൽ കരുതലിന്റെയും പരിഗണനയുടെയും സഹകരണത്തിന്റെയും മൂല്യങ്ങൾ അന്യമായികൊണ്ടിരിക്കുമ്പോൾ ഓർക്കുക, അനുകമ്പയുടെ അടിസ്ഥാനം കാരണങ്ങളല്ല, ആവശ്യങ്ങളാണ് എന്നാണ് ഒരു ജർമൻ പഴമൊഴി പറയുന്നത്. കൈത്താങ്ങാവേണ്ട ജീവിതങ്ങൾ അങ്ങു വിദൂരത്തല്ല, ചുറ്റുപാടും തന്നെയാണ്. ഷോലോം അലൈക്കിമിന്റെ അഭിപ്രായത്തിൽ പ്രതിഭകൾക്കു ജീവിതം എന്നും ഒരു വിസ്മയമാണ്. വിഡ്ഢിക്ക് കളിയായും ധനികനു തമാശയായും ദരിദ്രനു ദുരന്തവുമായാണു ജീവിതം അനുഭവപ്പെടുന്നത്.
ലേഖിക സാമ്പത്തികശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. സാമ്പത്തികശാസ്ത്ര അധ്യാപിക, ഗവേഷണഗൈഡ്, കോളമിസ്റ്റ്, ഗ്രന്ഥകാരി, പ്രഭാഷക എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നു. drkochurani@gmail.com
English Summary: Co Operative Banking Sector Need these Steps