വായ്പ തിരിച്ചടവു മുടങ്ങിയാൽ തലവേദനകൾ പലത്, എങ്ങനെ ഒഴിവാക്കാം ?
Mail This Article
ഇന്നത്തെ കാലത്ത് വ്യക്തിക്കും സംരംഭകർക്കും വായ്പകളെ ഒഴിച്ചു നിർത്തിയുള്ള സാമ്പത്തികാസൂത്രണം സാധ്യമല്ല തന്നെ. പക്ഷേ, കൃത്യമായി തിരിച്ചടച്ചില്ലെങ്കിൽ കടക്കെണിയാകും ഫലം. അതോടൊപ്പം നിയമനടപടി അടക്കമുള്ള പ്രശ്നങ്ങളും തല പൊക്കും. വായ്പാ തുകയും പലിശയും വിവിധ ഫീസുകളും അടക്കം നിശ്ചിത കാലയളവിൽ നിശ്ചിത തുക വീതം അടച്ചു തീർക്കാം എന്നാണ് ഒപ്പിട്ടു നൽകുന്ന വായ്പാ കരാറിൽ നാം സമ്മതിക്കുന്നത്. ജോലി നഷ്ടപ്പെടൽ, വരുമാനം കുറയൽ, ചികിൽസ അടക്കമുണ്ടാകുന്ന അപ്രതീക്ഷിത ചെലവുകൾ മൂലം പലർക്കും തിരിച്ചടവ് കൃത്യമായി മുന്നോട്ടു കൊണ്ടു പോകാൻ കഴിയില്ല. അതിലുപരി എടുത്ത തുക വകമാറ്റി ചെലവഴിക്കുന്നതും പ്രശ്നമാകാറുണ്ട്.
തിരിച്ചടവ് മുടങ്ങിയാൽ കേസ്, നിയമനടപടി
വായ്പാ തുക തിരിച്ചു പിടിക്കാൻ സ്ഥാപനം നിയമനടപടി തുടങ്ങാം. കോടതിയിൽ കേസു കൊടുത്ത് വിധി നേടി ആസ്തികൾ ഏറ്റെടുക്കാം. ഇത് ആ വ്യക്തിയുടെ സമൂഹത്തിലെ പ്രതിച്ഛായയെ ബാധിക്കും. സഹായിക്കാൻ സാധ്യതയുള്ളവർപോലും അതോടെ പിൻതിരിഞ്ഞുപോകുകയും ചെയ്യാം. ശിക്ഷകളും നിയമനടപടികളും എന്തെല്ലാം? നെഗോഷ്യബിൾ ഇൻസ്ട്രമെന്റ് ആക്ട് 1881, സെക്ഷൻ 138 പ്രകാരം നോട്ടിസ് അയയ്ക്കാം. മനപൂർവം ആണ് വീഴച വരുത്തിയത് എന്നു കണ്ടെത്തിയാൽ ഐപിസി 1860 സെക്ഷൻ 403, 415 പ്രകാരം ക്രിമിനൽ കേസും എടുക്കാം.
അധിക ചാർജും പിഴയും
തവണകൾ താമസിച്ചാൽ ലേറ്റ് ഫീ, പലിശയ്ക്കു മേൽ പലിശ തുടങ്ങിയ അധിക ചാർജുകൾകൂടി കൊടുക്കേണ്ടി വരും. ഇതു സാമ്പത്തിക ബുദ്ധിമുട്ട് വർധിപ്പിക്കും.
ക്രെഡിറ്റ് സ‍്കോർ മോശമാകും
വിശ്വാസ്യത നഷ്ടമാകുന്നതോടെ തുടർന്ന് വായ്പയോ ക്രെഡിറ്റ് കാർഡോ കിട്ടാതെയാകും. സ്കോർ കുറവായാൽ അതു മെച്ചപ്പെടുത്തൽ വലിയ ബുദ്ധിമുട്ടാണ്. വായ്പ കിട്ടിയാൽതന്നെ വലിയ പലിശ ഈടാക്കും. ഭാവിയിൽ വായ്പ ലഭിക്കാതെയുംവരാം.
ആസ്തികൾ ജപ്തി ചെയ്യപ്പെടാം
വായ്പയെടുക്കാൻ ഈടു നൽകിയ വീട്, ഭൂമി, വാഹനം, സ്വർണം തുടങ്ങിയവ നഷ്ടപ്പെടും. സാമ്പത്തിക നഷ്ടത്തിനൊപ്പം മാനസികവും വ്യക്തിപരവുമായ അടുപ്പമുള്ള ഇത്തരം ആസ്തികളുടെ നഷ്ടം സഹിക്കാൻ പലർക്കും കഴിയാതെവരും.
വ്യക്തിഗത വായ്പ
പേഴ്സണൽ വായ്പ ഈടില്ലാതെ തരുന്നതാണ്. ഒരു ഗഡു മുടങ്ങിയാൽപോലും ക്രെഡിറ്റ് സ്കോറിൽ 50–70 പോയിന്റ് ഇടിവു വരാം. തുടർച്ചയായി അടവു മുടങ്ങിയാൽ സ്കോർ വലിയതോതിൽ ഇടിയും.പിന്നെ തിരിച്ചുവരവ് സാധ്യമാകില്ല. പിന്നെ വായ്പ ഒരിടത്തുനിന്നും ലഭിക്കാതെയാകാം. ഒന്ന് അല്ലെങ്കിൽ രണ്ടു തവണ മുടങ്ങിയാൽ നോട്ടിഫിക്കേഷൻ നടപടി ആരംഭിക്കും. തിരിച്ചുപിടിക്കാൻ സ്ഥാപനം ഏജന്റുമാരെ ചുമതലപ്പെടുത്താം. അവർ ഫോൺവഴിയും നേരിട്ടും ഭീഷണിപ്പെടുത്തും. നിയമ നടപടി: 180 ദിവസം തടവ് സാധാരണ വരാറില്ല, സിവിൽ കേസിൽ. എന്നാൽ ക്രിമിനൽ ചാർജ് വന്നാൽ സ്ഥിതി മാറും
വായ്പ മുടങ്ങൽ എങ്ങനെ ഒഴിവാക്കാം
പ്രിവൻഷൻ ഈസ് ഓൾവേയ്സ് ബെറ്റർ ദാൻ ക്യുവർ എന്നാണല്ലോ? അതിനാൽ രോഗം വരും മുൻപേ അതു ഒഴിവാക്കാൻ നടപടികൾ സ്വീകരിക്കുക. ശരിയായ ഫിനാൻഷ്യൽ മാനേജ്മെന്റ് ആണ് ഇവിടെ വേണ്ടത്. വായ്പ എടുക്കുംമുൻപ് നിങ്ങളുടെ വരുമാനം, ചെലവുകൾ, നിലവിലെ ബാധ്യതകൾ എന്നിവയെല്ലാം കൃത്യമായി പഠിക്കണം. മാസ തവണ താങ്ങാവുന്നതാണോ? കൃത്യമായി എല്ലാ മാസവും അടയ്ക്കാൻ പറ്റുമോ? എന്നിങ്ങനെയുള്ളവ വിലയിരുത്തിവേണം വായ്പ തുകയും ഗഡുവും നിശ്ചയിക്കാൻ.
വിവിധ വായ്പകൾ താരതമ്യം ചെയ്ത് അനുയോജ്യമായതു കണ്ടെത്തണം. വിവിധ ദാതാക്കളുടെ പലിശ, തിരിച്ചടവു വ്യവസ്ഥകൾ, സബ്സിഡി അടക്കമുള്ള ആനുകൂല്യങ്ങൾ, എന്നിവയ്ക്കൊപ്പം പ്രോസസിങ് ചാർജും ഫീസുകളും മനസ്സിലാക്കി വേണം വായ്പയെടുക്കാൻ. ഏതു പ്രതിസന്ധിയെയും മറികടക്കാൻ എമർജൻസി ഫണ്ട് ഏറെ സഹായിക്കും. സമ്പത്തു കാലത്ത് തൈ പത്തു വച്ചാൽ ആപത്തുകാലത്ത് കാ പത്തു തിന്നാം എന്നത് എമർജൻസി ഫണ്ടിന്റെ കാര്യത്തിൽ പ്രയോജനപ്പെടുത്തുക.
അതായത് വരുമാനം ഉള്ളപ്പോൾ അൽപം നീക്കിവയ്ക്കുക. കുറഞ്ഞത് മൂന്ന് മുതൽ ആറുമാസംവരെയുള്ള ചെലവുകൾക്കുള്ള തുക എളുപ്പത്തിൽ തിരിച്ചെടുക്കാനാകുംവിധം കരുതുക. അത്തരം ഫണ്ട് ഉണ്ടെങ്കിൽ അനിശ്ചിതത്വത്തെ മറികടക്കാം. വായ്പാ തിരിച്ചടവ് നടത്താം. ഒപ്പം അതുവഴി ജീവിത ചെലവുകൾക്ക് കടം വാങ്ങേണ്ട സ്ഥിതി ഒഴിവാക്കുകയും ചെയ്യാം.