പണപ്പെരുപ്പമെന്ന വില്ലന്‍; ഭയന്ന് ആര്‍ബിഐ, 10 വര്‍ഷത്തിനിടെ സംഭവിച്ചതെന്ത്?
Mail This Article
ഭക്ഷ്യസാധനങ്ങളുടെ വിലവര്‍ധനവ് സാധാരണക്കാരുടെ ജീവിതം ദുസഹമാക്കി മാറ്റുന്നതിന് കൂടുതല്‍ സാക്ഷ്യപ്പെടുത്തലുകളുടെ ആവശ്യമൊന്നുമില്ല. പണപ്പെരുപ്പം വര്‍ധിക്കുമ്പോള്‍ പല തലങ്ങളിലാണ് പ്രത്യാഘാതങ്ങളുണ്ടാകുന്നത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡിസംബര്‍ ബുള്ളറ്റിന്‍ അത് അടിവരയിട്ട് പറയുന്നുണ്ട്. ഗ്രാമീണ മേഖലകളില്‍ ആവശ്യകത കുറയുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പണപ്പെരുപ്പത്തോട് ബന്ധപ്പെടുത്തി വായിക്കണം. കുടുംബങ്ങളുടെ ചെലവിടലിന്റെ പ്രധാന സൂചകങ്ങളിലൊന്നായ പ്രൈവറ്റ് ഫൈനല്‍ കണ്‍സംപ്ഷന്‍ എക്‌സ്പന്‍ഡിച്ചറില്‍ (പിഎഫ്‌സിഇ) ഇത് പ്രതിഫലിക്കുന്നുണ്ട്. 2024 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ പിഎഫ്‌സിഇ വളര്‍ച്ച മുന്‍പാദത്തിലെ 5.97 ശതമാനത്തില്‍ നിന്ന് 3.1 ശതമാനമായി കുറഞ്ഞു. നഗരമേഖലകളിലെ ചെലവിടല്‍ ശേഷിയില്‍ മികച്ച വര്‍ധന പ്രകടമാണെങ്കിലും ഗ്രാമീണ മേഖലകളില്‍ അങ്ങനെയല്ല.
പണപ്പെരുപ്പം ഉപഭോക്തൃ ചെലവിടലിനെ മോശം രീതിയില്‍ സ്വാധീനിക്കുന്നുണ്ടെന്നും ഇത് ഉല്‍പ്പാദന മേഖലയിലെ കമ്പനികളുടെ വളര്‍ച്ചയെയും അവരുടെ മൂലധന ചെലവിടലിനെയും ബാധിക്കുന്നുണ്ടെന്നുമാണ് ഡിസംബര്‍ ബുള്ളറ്റിനില്‍ ആര്‍ബിഐ ചൂണ്ടിക്കാട്ടുന്നത്. പണപ്പെരുപ്പത്തില്‍ വര്‍ധനവരാതെ പിടിച്ചുനിര്‍ത്തേണ്ടത് അനിവാര്യമാണെന്ന മുന്നറിയിപ്പാണ് കേന്ദ്ര ബാങ്ക് നല്‍കിയത്.
10 വര്‍ഷത്തില്‍ എന്ത് സംഭവിച്ചു?
റീട്ടെയ്ല്‍ പണപ്പെരുപ്പമെന്ന നിലയില്‍ പൊതുവെ അടയാളപ്പെടുത്തുന്നത് സിപിഐ പണപ്പെരുപ്പമാണ്. അതായത് ഉപഭോക്തൃ വില സൂചിക (കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡെക്‌സ്)യെ അടിസ്ഥാനപ്പെടുത്തിയുള്ള പണപ്പെരുപ്പം. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം നവംബര്‍ മാസത്തിലെ റീട്ടെയ്ല്‍ പണപ്പെരുപ്പം 5.6 ശതമാനമാണ്. 2024-25 സാമ്പത്തികവര്‍ഷത്തിലെ ആദ്യ മൂന്ന് പാദങ്ങളില്‍ ഇത് 4.6 ശതമാനമായി കുറയുമെന്നാണ് ആര്‍ബിഐയുടെ പ്രതീക്ഷ.
പണപ്പെരുപ്പം ചൂടുള്ള രാഷ്ട്രീയ, സാമ്പത്തിക ചര്‍ച്ചാവിഷയമായി എപ്പോഴും സജീവമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുമ്പോള്‍ ഇനിയും ചര്‍ച്ച കൊഴുക്കാനാണ് സാധ്യത. ഈ സാഹചര്യത്തില്‍ കഴിഞ്ഞ 10 വര്‍ഷത്തില്‍ പണപ്പെരുപ്പ നിരക്കിലുണ്ടായ മാറ്റങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം?
∙2013 അവസാനത്തില്‍ പണപ്പെരുപ്പം 11 ശതമാനം വരെയെത്തിയിരുന്നു, ആ സാമ്പത്തിക വര്‍ഷം അവസാനിച്ചപ്പോള്‍ അത് 10.02 ശതമാനമായി താഴ്ന്നു.
∙2014 സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ 6.67 ശതമാനമായിരുന്നു രാജ്യത്തെ പണപ്പെരുപ്പ നിരക്ക്.
∙2015ല്‍ ഇത് 4.91 ശതമാനമായി കുറഞ്ഞു.
∙2016ല്‍ 4.95 ശതമാനം 2017ല്‍ 3.33 ശതമാനം 2018ല്‍ 3.94 ശതമാനം 2019ല്‍ 3.73 ശതമാനം 2020ല്‍ 6.62 ശതമാനം, 2021ല്‍ 5.13 ശതമാനം, 2022ല്‍ 6.7 ശതമാനം, 2023ല്‍ 5.51 ശതമാനം എന്നിങ്ങനെയാണ് കഴിഞ്ഞ വര്‍ഷങ്ങളിലെ പണപ്പെരുപ്പ നിരക്ക്.
2014ല്‍ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി അധികാരത്തിലേറുന്ന സമയത്ത് 8.33 ശതമാനമായിരുന്നു ഇന്ത്യയുടെ പണപ്പെരുപ്പം. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഭൂരിഭാഗം കാലവും പണപ്പെരുപ്പം നിയന്ത്രണവിധേയമായിരുന്നു എന്നാണ് കണക്കുകള്‍ പറയുന്നത്. ആറ് ശതമാനമാണ് ആര്‍ബിഐയുടെ പരമാവധി പണപ്പെരുപ്പ സഹന പരിധി. റഷ്യ-യുക്രയ്ന്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ട ശേഷം, 2022ല്‍ പണപ്പെരുപ്പം 7.7 ശതമാനമായി ഉയര്‍ന്നെങ്കിലും പിന്നീട് കുറഞ്ഞു.
2022-23 സാമ്പത്തിക വര്‍ഷം ജൂണ്‍ എത്തിയപ്പോള്‍ പണപ്പെരുപ്പം 4.81 ശതമാനമായി കുറഞ്ഞു. 2023 മേയ് മാസത്തില്‍ പണപ്പെരുപ്പം 4.25 ശതമാനമായിരുന്നു. 2021 ജനുവരിയിലാണ് ഏറ്റവും കുറഞ്ഞ നിരക്ക് കൈവരിച്ചത്, 4.06 ശതമാനം. 2022 ഏപ്രിലില്‍ മാത്രമാണ് 7 ശതമാനത്തിന് മുകളില്‍ പോയത്.
ഇക്കഴിഞ്ഞ ഒക്റ്റോബറില്‍ റീട്ടെയ്ല്‍ പണപ്പെരുപ്പം 4.8 ശതമാനം തന്നെയായിരുന്നു. സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം നവംബറിലെ റീട്ടെയ്ല്‍ പണപ്പെരുപ്പം 5.55 ശതമാനമാണ്. ഇപ്പോഴും ആര്‍ബിഐയുടെ സഹനപരിധിക്ക് ഉള്ളില്‍ തന്നെയാണ് പണപ്പെരുപ്പ നിരക്ക്. എന്നാല്‍ ഭക്ഷ്യോല്‍പ്പന്ന വിലയില്‍ ഇടയ്ക്കിടെയുണ്ടാകുന്ന വര്‍ധന പണപ്പെരുപ്പം കൂടുന്ന പ്രവണതയ്ക്ക് ഇടയാക്കുന്നുണ്ട്. ഇതാണ് ആര്‍ബിഐ ഇപ്പോള്‍ മുന്നറിയിപ്പ് നല്‍കിയതിന് കാരണവും.
ഡിസംബറില്‍ നടന്ന ആര്‍ബിഐയുടെ പണനയ യോഗത്തില്‍ ഈ സാമ്പത്തിക വര്‍ഷത്തെ പ്രതീക്ഷിത പണപ്പെരുപ്പ നിരക്ക് 5.4 ശതമാനമായി നിലനിര്‍ത്താനാണ് തീരുമാനിച്ചത്. ഭക്ഷ്യോല്‍പ്പന്ന വിലയിലെ വര്‍ധന നിയന്ത്രണവിധേയമാകുമെന്ന പ്രതീക്ഷയിലായിരുന്നു അത്.