പുതുവർഷത്തിൽ നിങ്ങളുടെ ലോക്കർ ബാങ്ക് പിടിച്ചെടുക്കുമോ?
Mail This Article
എല്ലാ ബാങ്കുകളിലേയും ലോക്കര്‍ കരാറുകള്‍ ഘട്ടംഘട്ടമായി പുതുക്കണമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്.ബി.ഐ) ഉത്തരവിട്ടിട്ടുണ്ട്. ഈ മാസം 31 വരെയാണ് പുതുക്കിയ കരാര്‍ സമര്‍പ്പിക്കാനായി സമയപരിധി നിശ്ചയിച്ചിരിക്കുന്നത്. അതായത്, നിങ്ങള്‍ക്ക് ഒരു ബാങ്ക് ലോക്കറുണ്ടെങ്കില്‍,നിങ്ങളുടെ ബാങ്കിന്റെ ശാഖ സന്ദര്‍ശിച്ച് പുതിയ കരാര്‍ സമര്‍പ്പിക്കേണ്ടതുണ്ട്. കരാര്‍ പുതുക്കിയില്ലെങ്കില്‍ ലോക്കറിലേക്കുള്ള പ്രവേശനം ബാങ്ക് അധികൃതര്‍ നിഷേധിച്ചേക്കാം. അനുബന്ധ ചാര്‍ജുകള്‍ നല്കേണ്ടതായും വന്നേക്കാം. അതിലുമുപരി നിങ്ങളുടെ ലോക്കര്‍ പിടിച്ചെടുക്കാന്‍ ബാങ്കിന് അധികാരമുണ്ടായിരിക്കും. 2022 ഡിസംബര്‍ 31ന് മുമ്പോ അല്ലെങ്കില്‍ അന്നു തന്നെ കരാര്‍ ഒപ്പിട്ട എല്ലാ ബാങ്ക് ലോക്കര്‍ ഉടമകളും കരാര്‍ നിര്‍ബന്ധമായും പുതുക്കേണ്ടതാണ്. പുതിയ കരാര്‍ സമര്‍പ്പിക്കാനുള്ള അവസാന തിയതി ഈ മാസം 31 ആണ്. കരാര്‍ പുതുക്കിയാല്‍ ലോക്കര്‍ പഴയതുപോലെ ആക്ടീവാകുകയും തുടര്‍ന്ന് സാധാരണ രീതിയില്‍ ഉപയോഗിക്കാനുമാകും.
പുതുക്കല്‍ എങ്ങനെ
ബാങ്കിന്റെ ശാഖയില്‍ പോയി പുതിയ ലോക്കര്‍ കരാറിനായി അപേക്ഷിക്കുകയാണ് ആദ്യപടി. ഉപഭോക്തൃ സൗഹൃദപരമായി കാര്യങ്ങള്‍ നടപ്പാക്കാന്‍ ആര്‍ബിഐ ബാങ്കുകളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. സ്റ്റാമ്പ് പേപ്പര്‍, ഇ-സ്റ്റാംപിങ് എന്നിവയെല്ലാം ബാങ്കുകളില്‍ തന്നെ ലഭ്യമാക്കും. പുതുക്കിയ കരാറിന്റെ ഒരു പകര്‍പ്പും ബാങ്ക് തിരികെ നല്‍കും.
നഷ്ടപരിഹാരം ലഭിക്കുമോ
പുതുക്കിയ കരാറിലൂടെ നിങ്ങള്‍ ലോക്കറില്‍ സൂക്ഷിച്ചിരിക്കുന്ന വസ്തുക്കളുടെ സുരക്ഷ ബാങ്കിന്റെ ഉത്തരവാദിത്വത്തിലാകും. വെള്ളപ്പൊക്കം, തീപിടുത്തം, മോഷണം, തട്ടിപ്പ്, ബാങ്കിന്റെ കെട്ടിടം തകരുക തുടങ്ങിയ സാഹചര്യങ്ങളില്‍ ലോക്കറില്‍ സൂക്ഷിച്ചിരിക്കുന്ന വസ്തുക്കള്‍ക്ക് നഷ്ടം സംഭവിക്കില്ലെന്ന് ബാങ്കുകള്‍ ഉറപ്പുനല്‍കുന്നു. ബാങ്കിന്റെ അശ്രദ്ധ മൂലം ലോക്കറില്‍ സൂക്ഷിച്ചിരിക്കുന്ന ഏതെങ്കിലും വസ്തുക്കള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചാല്‍, അതിനും നിങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിക്കും. നഷ്ടപരിഹാര തുക നിശ്ചയിക്കുന്നത് നാശനഷ്ടങ്ങളുടെ തീവ്രതയെ ആശ്രയിച്ചായിരിക്കും. എന്നാല്‍, പ്രകൃതി ദുരന്തങ്ങള്‍ മൂലമുണ്ടാകുന്ന നഷ്ടത്തിന് ബാങ്കുകള്‍ക്ക് ഉത്തരവാദിത്വമുണ്ടായിരിക്കില്ല.