2000 നോട്ടിന്റെ 9330 കോടി രൂപ ഇപ്പോഴും നാട്ടുകാരുടെ കയ്യിൽ
Mail This Article
2,000 രൂപ നോട്ടുകളിൽ 97.38 ശതമാനവും ബാങ്കിങ് സംവിധാനത്തിലേക്ക് തിരിച്ചെത്തിയെന്നും 9,330 കോടി രൂപയുടെ നോട്ടുകൾ മാത്രമാണ് ഇപ്പോഴും പൊതുജനങ്ങളിലുള്ളതെന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) അറിയിച്ചു.
മെയ് 19നാണ് 2000 രൂപ നോട്ടുകൾ വിനിമയത്തിൽ നിന്ന് പിൻവലിച്ചതായി ആർബിഐ പ്രഖ്യാപിച്ചത്. 2000 രൂപ നോട്ടുകൾ പിൻവലിച്ചതായി പ്രഖ്യാപിച്ച 2023 മെയ് 19 ന് വ്യാപാരം അവസാനിച്ചപ്പോൾ 3.56 ലക്ഷം കോടി രൂപയായിരുന്ന 2000 രൂപ നോട്ടുകളുടെ ആകെ മൂല്യം 9,330 കോടി രൂപയായി കുറഞ്ഞു. അങ്ങനെ, 2023 മെയ് 19 വരെ പ്രചാരത്തിലുണ്ടായിരുന്ന ഉയർന്ന മൂല്യമുള്ള കറൻസിയുടെ 97.38 ശതമാനവും ബാങ്കിങ് സംവിധാനത്തിലേക്ക് തിരികെയെത്തി.
2000 രൂപ നോട്ടുകൾ ഇപ്പോഴും നിയമാനുസൃതമായി തുടരുകയാണ്. രാജ്യത്തുടനീളമുള്ള 19 ആർബിഐ ഓഫീസുകളിൽ ആളുകൾക്ക് 2,000 രൂപ ബാങ്ക് നോട്ടുകൾ നിക്ഷേപിക്കാനും മാറ്റാനും കഴിയും. ബാങ്ക് അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് ചെയ്യുന്നതിനായി ആളുകൾക്ക് 2,000 രൂപ ബാങ്ക് നോട്ടുകൾ ഏത് തപാൽ ഓഫീസിൽ നിന്നും ഏത് ആർബിഐ ഇഷ്യൂ ഓഫീസിലേക്കും പോസ്റ്റ് വഴി അയക്കാം.
ഇത്തരം നോട്ടുകൾ കൈവശം വച്ചിരിക്കുന്ന പൊതുജനങ്ങളോടും സ്ഥാപനങ്ങളോടും സെപ്‌റ്റംബർ 30-നകം അവ മാറ്റിനൽകുകയോ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കുകയോ ചെയ്യണമെന്ന് ആദ്യം ആവശ്യപ്പെട്ടിരുന്നു. സമയപരിധി പിന്നീട് ഒക്ടോബർ 7 വരെ നീട്ടി. ബാങ്ക് ശാഖകളിലെ നിക്ഷേപവും വിനിമയ സേവനങ്ങളും ഒക്ടോബർ 7ന് അവസാനിപ്പിച്ചു. ഒക്‌ടോബർ 8 മുതൽ, ആർബിഐയുടെ 19 ഓഫീസുകളിൽ കറൻസി കൈമാറ്റം ചെയ്യാനോ തത്തുല്യമായ തുക അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യാനോ ഉള്ള സൗകര്യം വ്യക്തികൾക്ക് നൽകിയിട്ടുണ്ട്.