6 ബാങ്കുകളിൽ 9.5 ശതമാനം വീതം ഓഹരി വാങ്ങാൻ എച്ച്ഡിഎഫ്സി ബാങ്ക്
Mail This Article
രാജ്യത്തെ 6 ബാങ്കുകളിൽ 9.5 ശതമാനം വരെ നിക്ഷേപം നടത്താൻ എച്ച്ഡിഎഫ്സി ബാങ്കിന് റിസർവ് ബാങ്ക് അനുമതി നൽകി. എച്ച്ഡിഎഫ്സി ബാങ്ക് ഗ്രൂപ്പിന്റെ പ്രൊമോട്ടർ എന്ന നിലയിൽ നൽകിയ അപേക്ഷയാണ് ആർബിഐ അംഗീകരിച്ചത്. ഇൻഡസ്ഇൻഡ് ബാങ്ക്, യെസ് ബാങ്ക്, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, സൂര്യോദയ് സ്‌മോൾ ഫിനാൻസ് ബാങ്ക്, ബന്ധൻ ബാങ്ക് എന്നിവയിലാണ് ഗ്രൂപ്പ് നിക്ഷേപം നടത്തുക.
എച്ച്ഡിഎഫ്സി എഎംസി, എച്ച്ഡിഎഫ്സി ലൈഫ് ഇൻഷുറൻസ് കമ്പനി, എച്ച്ഡിഎഫ്സി എർഗോ ജനറൽ ഇൻഷുറൻസ് എന്നിവയാണ് എച്ച്ഡിഎഫ്സി ബാങ്ക് ഗ്രൂപ്പിന് കീഴിലുള്ള കമ്പനികൾ. ഈ കമ്പനികളാവും നിക്ഷേപം നടത്തുക. 2025 ഫെബ്രുവരി നാലുവരെയാണ് നിക്ഷേപം നടത്താനുള്ള അനുതി.
അതേസമയം നിക്ഷേപ വാർത്ത എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികളിൽ കാര്യമായ ചലനം ഉണ്ടാക്കിയിട്ടില്ല. രാവിലെ ഇടിഞ്ഞ ഓഹരികൾ നിലവിൽ 0.29 ശതമാനം നേട്ടത്തിലാണ് വ്യാപാരം (2.00 PM). ഇൻഡസ്ഇൻഡ്, ബന്ധൻ ബാങ്ക് ഓഹരികളുടെ വ്യാപാരം നഷ്ടത്തിലാണ്. അതേ സമയം യെസ് ബാങ്ക് 10 ശതമാനത്തിലധികം ഉയർന്നു. കഴിഞ്ഞ 6 മാസത്തിനിടെ 48 ശതമാനത്തോളം നേട്ടമാണ് യെസ് ബാങ്ക് നിക്ഷേപകർക്ക് നൽകിയത്. സൂര്യോദയ് സ്‌മോൾ ഫിനാൻസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി എഎംസി, എച്ച്ഡിഎഫ്സി ലൈഫ് ഇൻഷുറൻസ് എന്നിവയുടെ ഓഹരികളും നേട്ടത്തിലാണ്.