പേയ് ടിഎം ബാങ്കിലെ ശമ്പള അക്കൗണ്ട് മാറ്റണമെന്ന് ആർബിഐ
Mail This Article
മാർച്ച് 15 മുതൽ പ്രവർത്തനം നിലയ്ക്കുന്ന പേയ് ടി എം ബാങ്കിലെ ഇടപാടുകാരുടെ പണവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ആർ ബി ഐ നൽകിയ ഉത്തരങ്ങളിൽ പ്രസക്തമായവ ഇതാ.
1.പേയ്ടിഎം പേയ്‌മെന്റ് ബാങ്കിലുള്ള പണവും ഡെബിറ്റ് കാര്‍ഡും മാര്‍ച്ച് 15 നുശേഷം ഉപയാഗിക്കാമോ?
അതിലുള്ള പണം തീരുന്നതുവരെ യഥേഷ്ടം ഉപയോഗിക്കാം. അക്കൗണ്ടിലുള്ള പണം മുഴുവന്‍ മാര്‍ച്ച് 15 നുശേഷവും ട്രാന്‍സ്ഫര്‍ ചെയ്യാനോ പിന്‍വലിക്കാനോ തടസവും ഉണ്ടാകില്ല. പണം തീരുന്നതുവരെ ഡെബിറ്റ് കാര്‍ഡും ഉപയോഗിക്കാം.
2. മാര്‍ച്ച് 15 നുശേഷം പേയ്ടിഎം പേയ്‌മെന്റ് ബാങ്ക് അക്കൗണ്ടില്‍ പണം നിക്ഷേപക്കാന്‍ കഴിയുമോ?
ഈ അക്കൗണ്ടിലേക്ക് പണം നിക്ഷേപക്കാന്‍ കഴിയില്ല. എന്നുമാത്രമല്ല മറ്റേതെങ്കിലും അക്കൗണ്ടില്‍ നിന്ന് ഈ അക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യാനും കഴിയില്ല.
3. മറ്റ് ബാങ്ക് അക്കൗണ്ടിലെ നിക്ഷേപത്തില്‍ നിന്നുള്ള പലിശ, റീഫണ്ട് തുടങ്ങിയവ ഈ അക്കൗണ്ടിലേക്ക് ക്രഡിറ്റ് ചെയ്യാന്‍ കഴിയുമോ?
പലിശ, കാഷ്ബാക്ക്, പേയ് ടിഎം ബാങ്കിന്റെ മറ്റ് പാര്‍ട്ണര്‍ ബാങ്കുകളില്‍ നിന്നുള്ള സ്വീപ്പ് ഇന്‍ അക്കൗണ്ടിലെ പണം, റീഫണ്ട് തുടങ്ങിയവ അനുവദിക്കും.
4. സാലറി അക്കൗണ്ട് പേയ്ടിഎം പേയ്‌മെന്റ് ബാങ്ക് അക്കൗണ്ടിലാണ്. ശമ്പളം മാര്‍ച്ച് 15 നുശേഷം ക്രഡിറ്റാകാതെ വരുമോ?
മാര്‍ച്ച് 15 നുശേഷം ശമ്പളം പേലുള്ള ഒരു പണവും ഈ അക്കൗണ്ടില്‍ ക്രഡിറ്റാകില്ല. മാര്‍ച്ച് 15 ന് മുമ്പ് ശമ്പള അക്കൗണ്ട് മറ്റേതെങ്കിലും ബാങ്കിലേക്ക് മാറ്റണം.
5. ആധാറുമായി ബന്ധിപ്പിച്ച സബ്‌സിഡികള്‍ ഈ അക്കൗണ്ടിലേക്ക് ക്രഡിറ്റാകുമോ
ഇല്ല. ആധാറുമായി പേയ്ടിഎം ബാങ്ക് അക്കൗണ്ട് ബന്ധിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് മറ്റേതെങ്കിലും ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റണം.
6. പ്രതിമാസ ബില്ലുകള്‍ പേയ്ടിഎം ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഓട്ടോമാറ്റിക്കായി അടച്ചുകൊണ്ടിരിക്കുന്നതിന് തടസം നേരിടുമോ?
പേയ്ടിഎം ബാങ്ക് അക്കൗണ്ടിലെ പണം തീരുന്നതുവരെ ഓട്ടോ ഡബിറ്റ് തുടരും. ബാലന്‍സ് തീര്‍ന്നാല്‍ പുതുതായി പണം നിക്ഷേപിക്കാന്‍ കഴിയില്ല. അതിനാല്‍ പ്രതിമാസ ബില്‍ പേയ്‌മെന്റും ഓട്ടോ ഡബിറ്റും മറ്റേതെങ്കിലും ബാങ്ക് അക്കൗണ്ടിലേക്ക് മാര്‍ച്ച് 15 ന് മുമ്പ് മാറ്റണം.
7. ഒറ്റിറ്റി സബ്‌സ്‌ക്രിപ്ഷന്‍ പോലുള്ള പേയ്‌മെന്റുകള്‍, വായ്പ ഇ എം. ഐ തുടങ്ങിയവ യുപിഐ വഴി പേയ് ടിഎം പേയ്‌മെന്റ് ബാങ്ക് അക്കൗണ്ടില്‍ നിന്നാണ് അടച്ചുകൊണ്ടിരുന്നത്. അതിന് തടസം വരുമോ?
പേയ്ടിഎം ബാങ്ക് അക്കൗണ്ടിലെ പണം തീരുന്നതുവരെ ഇത്തരം പേയ്‌മെന്റുകള്‍ തുടരും. ബാലന്‍സ് തീര്‍ന്നാല്‍ പുതുതായി പണം നിക്ഷേപിക്കാന്‍ കഴിയില്ല. അതിനാല്‍ഇത്തരം പേയ്‌മെന്റുകള്‍ മറ്റേതെങ്കിലും ബാങ്ക് അക്കൗണ്ടിലേക്ക് മാര്‍ച്ച് 15 ന് മുമ്പ് മാറ്റണം.
8. വായ്പ ഇഎംഐ മറ്റൊരു ബാങ്ക് അക്കൗണ്ടില്‍ നിന്ന് പേയ്ടിഎം ആപ് വഴി ആണ് അടച്ചുകൊണ്ടിരുന്നത് . അതിന് തടസം നേരിടുമോ
പേയ് ടിഎം പേയ്‌മെന്റ് ബാങ്ക് അക്കൗണ്ട് വഴിയുള്ള പേയ്‌മെന്റിനു മാത്രമേ ബാലന്‍സ് തുക തീര്‍ന്നതിനുശേഷം തടസമുണ്ടാകൂ. മറ്റൊരു ബാങ്ക് അക്കൗണ്ട് ആണ് ഉപയോഗിച്ചുകൊണ്ടിരിക്കുന്നതെങ്കില്‍ തടസമുണ്ടാകില്ല.
പേയ്ടിഎം വോലറ്റ്
9. പേയ്ടിഎം വോലറ്റിലെ പണം മാര്‍ച്ച് 15 നുശേഷവും ഉപയോഗിക്കാമോ?
വോലറ്റിലെ പണം തീരുന്നതുവരെ പിന്‍വലിക്കാനോ മറ്റൊരു വോലറ്റിലേക്കോ ബാങ്ക് അക്കൗണ്ടിലേക്കോ ട്രാന്‍സ്ഫര്‍ ചെയ്യാനോ കഴിയും. മിനിമം കെവൈസി വോലറ്റ് ആണെങ്കില്‍ അതിലുള്ള പണം മര്‍ച്ചന്റ് പേയ്മെന്റ്‌സിനു മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
10. മാര്‍ച്ച് 15 നുശേഷം പേയ് ടിഎം പേയ്‌മെന്റ് ബാങ്ക് വോലറ്റിലുള്ള പണം ടോപ്പ് അപ്പ് ചെയ്യാനും മറ്റുള്ളവരില്‍ നിന്ന് ഈ വാലറ്റിലേക്ക് പണം സ്വീകരിക്കാനും കഴിയുമോ?
പണം ടോപ് അപ് ചെയ്യാനോ കാഷ് ബാക്ക്, റീ ഫണ്ട് എന്നിവ ഒഴികെ മറ്റൊരു ക്രഡിറ്റും ഈ വാലറ്റിലേക്ക് സ്വീകരിക്കാനോ കഴിയില്ല.
11. പേയ്ടിഎം പേയ്‌മെന്റ് ബാങ്ക് വോലറ്റ് ക്ലോസ് ചെയ്ത് ബാലന്‍സ് തുക മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാന്‍ കഴിയുമോ?
അതിന് തടസമില്ല. പക്ഷേ മിനിമം കെവൈസി വോലറ്റ് ആണെങ്കില്‍ ബാലന്‍സ് ഉപയോഗിച്ചുതീര്‍ക്കുക, അല്ലെങ്കില്‍ ക്ലോസ് ചെയ്തതിനുശേഷം ബാലന്‍സ് തുക റീഫണ്ട് ആവശ്യപ്പെടുക
ഫാസ്ടാഗ്
12. പേയ് ടിഎം പേയ്‌മെന്റ് ബാങ്ക് ഇഷ്യു ചെയ്ത ഫാസ്ടാഗ് ടോള്‍ ബൂത്തുകളില്‍ മാര്‍ച്ച് 15 നുശേഷവും ഉപയോഗിക്കാമോ?
ഫാസ്ടാഗിലെ ബാലന്‍സ് തുക തീരുന്നതുവരെ മാര്‍ച്ച് 15 നുശേഷവും ഉപയോഗിക്കാം. ബാലന്‍സ് തീര്‍ന്നാല്‍ ടോപ് അപ് ചെയ്യാനോ റീചാര്‍ജ് ചെയ്യാനോ കഴിയില്ല. അതുകൊണ്ട് മറ്റൊരു ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് പുതിയ ഫാസ്ടാഗ് തുടങ്ങുന്നതാണ് അഭികാമ്യം.
13. പഴയ പേയ്ടിഎം ഫാസ്ടാഗിലെ ബാലന്‍സ് മറ്റൊരു ബാങ്കിന്റെ പുതിയ ഫാസ്ടാഗിലേക്ക് മാറ്റാന്‍ കഴിയുമോ?
ഫാസ്ടാഗില്‍ ക്രഡിറ്റ് ബാലന്‍സ് ട്രാന്‍സ്ഫര്‍ ഇല്ലാത്തതിനാല്‍ അതിന് കഴിയില്ല. അതിനാല്‍ പഴയ പേയ് ടിഎം ഫാസ്ടാഗ് ക്ലോസ് ചെയ്ത് ബാലന്‍സ് തുകയ്ക്ക് റീ ഫണ്ട് ആവശ്യപ്പെടാം.
വ്യാപാരികള്‍ക്ക് പേയ്‌മെന്റ് സ്വീകരിക്കാമോ
14. പേയ് ടിഎം പേയ്‌മെന്റ് ബാങ്കുമായി ലിങ്ക് ചെയ്ത പേയ്ടിഎം ക്യൂആര്‍ കോഡ്, സൗണ്ട് ബോക്‌സ്, പിഒഎസ് ടെര്‍മിനല്‍ എന്നിവ മാര്‍ച്ച് 15 നുശേഷവും ആളുകളില്‍ നിന്ന് പേയ്‌മെന്റ് സ്വീകരിക്കാന്‍ ഉപയോഗിക്കാമോ?
പേയ് ടിഎം പേയ്‌മെന്റ് ബാങ്കുമായി ലിങ്ക് ചെയ്ത പേയ്ടിഎം ക്യൂആര്‍ കോഡ്, സൗണ്ട് ബോക്‌സ്, പിഒഎസ് ടെര്‍മിനല്‍ എന്നിവ മാര്‍ച്ച് 15 നുശേഷവും ആളുകളില്‍ നിന്ന് പേയ്‌മെന്റ് സ്വീകരിക്കുന്നതിന് ഉപയോഗിക്കാനാകില്ല. ഈ സംവിധാനങ്ങള്‍ ലിങ്ക് ചെയ്തിരിക്കുന്ന പേയ്ടിഎം ബാങ്ക് അക്കൗണ്ട് മാറ്റി മറ്റൊരു ബാങ്കിന്റെ അക്കൗണ്ട് ലിങ്ക് ചെയ്യുക. അല്ലെങ്കില്‍ മറ്റൊരു ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്ത ക്യൂആര്‍ കോഡ് ഉപയോഗിക്കുക.
15. പേയ്ടിഎമ്മിന്റേത് അല്ലാത്ത മറ്റൊരു ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്ത പേയ്ടിഎം ക്യൂആര്‍ കോഡ്, സൗണ്ട് ബോക്‌സ്, പിഒഎസ് ടെര്‍മിനല്‍ എന്നിവ മാര്‍ച്ച് 15 നുശേഷവും ആളുകളില്‍ നിന്ന് പേയ്‌മെന്റ് സ്വീകരിക്കാന്‍ ഉപയോഗിക്കാമോ?
ഉപയോഗിക്കാം.
യുപിഐ/ ഐഎംപിഎസ് ഉപയോഗിച്ചുള്ള മണി ട്രാന്‍സ്ഫര്‍
16. മാര്‍ച്ച് 15 നുശേഷം യുപിഐ/ ഐഎംപിഎസ് ഉപയോഗിച്ച് പേയ്ടിഎം പേയ്‌മെന്റ് ബാങ്ക് അക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ കഴിയുമോ?
ഇല്ല.
17. മാര്‍ച്ച് 15 നുശേഷം യുപിഐ/ ഐഎംപിഎസ് ഉപയോഗിച്ച് പേയ്ടിഎം പേയ്‌മെന്റ് ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാന്‍ കഴിയുമോ?
കഴിയും.