വിജയ് ശേഖർ ശർമ്മ പടിയിറങ്ങിയതോടെ പേയ് ടിഎം ഓഹരി അപ്പർ സർക്യൂട്ടില്
Mail This Article
പേയ്ടിഎം പേയ്മെന്റ്സ് ബാങ്കിനെതിരെയുള്ള റിസർവ് ബാങ്ക് നടപടിക്കു പിന്നാലെ പേയ്ടിഎം ഉടമ വിജയ് ശേഖർ ശർമ ബാങ്കിന്റെ നോൺ–എക്സിക്യൂട്ടീവ് ചെയർമാൻ സ്ഥാനത്തു നിന്ന് രാജിവച്ചു. എന്നാൽ, പേയ്ടിഎമിന്റെ എംഡി സ്ഥാനത്ത് തുടരും.
വിജയ് ശേഖർ ശർമ്മ രാജിവച്ചതിന് ശേഷം പേയ്ടിഎമിന്റെ മാതൃകമ്പനിയായ വൺ 97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡിന്റെ ഓഹരികൾ (പേ ടി എം) ഇന്ന് രാവിലെ വ്യാപാരത്തിൽ 5 ശതമാനം ഉയർന്ന് അപ്പർ സർക്യൂട്ടിൽ എത്തി. ഫെബ്രുവരി 8 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. 438 രൂപയിലാണ് ഇപ്പോൾ വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ 12 മാസത്തിനിടെ ഓഹരി വില 31 ശതമാനമാണ് ഇടിഞ്ഞത്. ആറ് മാസത്തിൽ 50 ശതമാനം ഇടിവാണ് ഓഹരികളിൽ ഉണ്ടായത്. ഒരു മാസത്തിൽ 41 ശതമാനം കുറഞ്ഞു. എന്നാൽ കഴിഞ്ഞ 5 വ്യാപാര ദിനങ്ങളിൽ പേ ടി എം ഓഹരി ഉയരുകയായിരുന്നു. 10 ശതമാനം ഉയർച്ചയാണ് 5 ദിവസത്തിനുള്ളിൽ ഉണ്ടായത്. റിസർവ് ബാങ്കിന്റെ നിയമങ്ങൾ പാലിക്കാത്തതിനെ തുടർന്ന് പേ ടി എം പേയ്മെന്റ് ബാങ്കിനെതിരെ കർശന നടപടി എടുത്തിരുന്നു. ഇതോടെയാണ് പേ ടി എം ഓഹരികൾ തളർച്ചയിലായത്. ഇപ്പോൾ വീണ്ടും പേ ടി എം മറ്റ് ബാങ്കുകളുമായി കൈകോർത്ത് തിരിച്ചു ബിസിനസിലേക്ക് വരാൻ ശ്രമം നടത്തുകയാണ്.
ബാങ്കിന്റെ ബോർഡ് പുനഃസംഘടിപ്പിച്ചതായി കമ്പനി സ്റ്റോക് എക്സ്ചേഞ്ചുകളെ അറിയിച്ചു.
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ മുൻ ചെയർമാൻ ശ്രീനിവാസൻ ശ്രീധർ, മുൻ ഐഎഎസ് ഓഫിസർ ദേവേന്ദ്രനാഥ് സാരംഗി, ബാങ്ക് ഓഫ് ബറോഡ മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ അശോക് കുമാർ ഗാർഗ്, മുൻ ഐഎഎസ് ഉദ്യോഗസ്ഥ രജനി എസ്.സിബൽ തുടങ്ങിയവരെ പുതിയ സ്വതന്ത്ര ഡയറക്ടർമാരായി നിയമിച്ചു. പേയ്ടിഎം ബാങ്ക് പുതിയ ചെയർമാനെ വൈകാതെ നിയമിക്കും.