റിസർവ് ബാങ്ക് സാമ്പത്തിക സ്ഥാപനങ്ങളുടെ കാര്യത്തിൽ വടിയെടുക്കുന്നു
Mail This Article
മറ്റ് രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളെ അപേക്ഷിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിയമങ്ങളിൽ കൂടുതൽ കർശന സമീപനമാണെടുക്കുന്നത്. അതാണ് അമേരിക്കയിലും, യൂറോപ്പിലും ബാങ്കിങ് പ്രതിസന്ധി ഉണ്ടായപ്പോഴും ഇന്ത്യയിൽ ബാങ്കുകൾ സുരക്ഷിതമായി നിന്നത്. എന്നാൽ മുൻകാലങ്ങളെ അപേക്ഷിച്ച് റിസർവ് ബാങ്കിന് മുൻപിൽ പല പുതിയ വെല്ലുവിളികളുമുണ്ട്. പേ ടി എം പേയ്മെൻറ്സ് ബാങ്കിന്റെ കാര്യം ഒരു ഉദാഹരണം മാത്രം. ബാങ്കുകളുടെ കാര്യം മാത്രമല്ല പൊതുവെ മറ്റ് സാമ്പത്തിക സ്ഥാപനങ്ങളുടെ കാര്യത്തിലും കർക്കശ നിലപാടാണ് റിസർവ് ബാങ്ക് എടുക്കുന്നത്. ക്രെഡിറ്റ് കാർഡുകളുടെ കാര്യത്തിലും, വായ്പകളുടെ കാര്യത്തിലും റിസർവ് ബാങ്ക് നിയമങ്ങൾ കർശനമാക്കിയിട്ടുണ്ട്.
ജെ എം ഫിനാൻഷ്യൽ
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ജെഎം ഫിനാൻഷ്യൽ പ്രൊഡക്‌ട്‌സ് ലിമിറ്റഡി (ജെഎംഎഫ്‌പിഎൽ)ന്റെ ഓഹരികൾക്കും കടപ്പത്രങ്ങൾക്കുമെതിരായ വായ്പകൾ നൽകുന്നതിൽ നിന്നും, ഐപിഒ വായ്പ അനുവദിക്കുന്നതും വിതരണം ചെയ്യുന്നതും ഉൾപ്പെടെ, എല്ലാ കാര്യത്തിൽ നിന്നും വിട്ടുനിൽക്കാൻ റിസർവ് ബാങ്ക് ആവശ്യപ്പെട്ടത് കഴിഞ്ഞ ആഴ്ചയാണ്. ധനകാര്യ സേവന വായ്പാ നടപടികളിലെ ചില ഗുരുതരമായ പോരായ്മകൾ നിരീക്ഷിച്ചതിനെ തുടർന്നാണ് നടപടി. വായ്പയെടുത്ത ഫണ്ടുകൾ ഉപയോഗിച്ച് വിവിധ ഐപിഒ, എൻസിഡി ഓഫറുകൾക്കായി ലേലം വിളിക്കാൻ കമ്പനി ഒരു കൂട്ടം ഉപഭോക്താക്കളെ ആവർത്തിച്ച് സഹായിച്ചതായി കണ്ടെത്തിയിരുന്നു. തുച്ഛമായ മാർജിനുകളിലാണീ ധനസഹായം.
സബ്‌സ്‌ക്രിപ്‌ഷനുള്ള അപേക്ഷ, ഡീമാറ്റ് അക്കൗണ്ടുകൾ, ബാങ്ക് അക്കൗണ്ടുകൾ എന്നിവയെല്ലാം പവർ ഓഫ് അറ്റോർണി (POA) ഉപയോഗിച്ചും തുടർന്നുള്ള പ്രവർത്തനങ്ങളിൽ ഈ ഉപഭോക്താക്കളിൽ നിന്ന് അവരുടെ പങ്കാളിത്തമില്ലാതെ ലഭിച്ച മാസ്റ്റർ എഗ്രിമെൻ്റും ഉപയോഗിച്ചാണ് കമ്പനി പ്രവർത്തിപ്പിച്ചതെന്നും ആർബിഐ പറഞ്ഞു.
ഐപിഒയ്‌ക്കെതിരെയും ബോണ്ടുകളിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷനെതിരെയും വായ്പകൾ നൽകുന്നതിൽ നിന്ന് ജെഎം ഫിനാൻഷ്യലിനെ വിലക്കിയിട്ടുണ്ട്, എന്നാൽ സാധാരണ കലക്ഷൻ, റിക്കവറി പ്രക്രിയയിലൂടെ നിലവിലുള്ള ലോൺ അക്കൗണ്ടുകൾക്ക് സേവനം നൽകുന്നത് തുടരാമെന്ന് ആർബിഐ പറയുന്നു.
റഗുലേറ്ററി മാർഗനിർദ്ദേശങ്ങളുടെ ലംഘനത്തിന് പുറമെ, കമ്പനിയിലെ ഭരണ പ്രശ്നങ്ങളിൽ ഗുരുതരമായ ആശങ്കകളുണ്ടെന്ന് സെൻട്രൽ ബാങ്ക് പറഞ്ഞു.
ഐ ഐ എഫ് എൽ
സ്വർണ വായ്പകൾ അനുവദിക്കുന്നതിൽ നിന്നും വിതരണം ചെയ്യുന്നതിൽ നിന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഐഐഎഫ്എൽ ഫിനാൻസിനെ വിലക്കിയതിനെ തുടർന്ന് കഴിഞ്ഞ ആഴ്ച കമ്പനിയുടെ ഓഹരികൾ 20 ശതമാനം ലോവർ സർക്യൂട്ടിൽ എത്തി.ഇന്നും ഐ ഐ എഫ് എൽ ഓഹരികൾ ലോവർ സർക്യൂട്ടിലാണ്.സ്വർണ വായ്പകൾ കൊടുക്കുന്നതിൽ ഐ ഐ എഫ് എൽ ഗുരുതര വീഴ്ച വരുത്തിയതായി റിസർവ് ബാങ്ക് നിരീക്ഷിച്ചതിനെ തുടർന്നാണ് സ്വർണ വായ്പകൾ വിതരണം ചെയ്യരുതെന്ന കർശന നടപടി റിസർവ് ബാങ്ക് എടുത്തത്.
ക്രെഡിറ്റ് കാർഡ്
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ക്രെഡിറ്റ് കാർഡുകൾ നൽകുന്നതിനുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയിരുന്നു. കാർഡ് വിതരണക്കാർ മറ്റ് കാർഡ് നെറ്റ്‌വർക്കുകളുടെ സേവനങ്ങൾ നേടുന്നതിൽ നിന്ന് അവരെ തടയുന്ന ഏതെങ്കിലും ക്രമീകരണമോ കരാറോ കാർഡ് നെറ്റ്‌വർക്കുകളുമായി ഉണ്ടാക്കരുത് എന്ന് റിസർവ് ബാങ്ക് പറയുന്നു.
വ്യക്തിഗത വായ്പകളിലും പിടിമുറുക്കുന്നു
സുരക്ഷിതമല്ലാത്ത ചെറുകിട വായ്പകളുടെ റിസ്ക് വെയിറ്റ് ഉയർത്താൻ റിസർവ് ബാങ്ക് തീരുമാനമെടുത്തതോടെ 50,000 രൂപക്ക് താഴെയുള്ള വായ്പകൾ കൊടുക്കുന്നത് കുറയ്ക്കാൻ ഫിൻ ടെക് കമ്പനികൾ ഒരുങ്ങുന്നു. ഇത്തരം വായ്പകൾ കൊടുത്താൽ ഇനി മുതൽ കാര്യമായ ലാഭമുണ്ടാകി ല്ലെന്ന കണക്കുകൂട്ടലിലാണ് ഉപഭോക്താക്കളെ മാറ്റി പിടിക്കാൻ ഫിൻ ടെക് കമ്പനികൾ ഒരുങ്ങുന്നത്. സുരക്ഷിതമായ വായ്പകൾ കൊടുക്കാനാണ് ഇത്തരം കമ്പനികളുടെ തീരുമാനം. ആദ്യമായി വായ്പയെടുക്കുന്നവർക്കായി ഡിജിറ്റൽ ലെൻഡർമാർ അവരുടെ സ്ക്രീനിങ് പാരാമീറ്ററുകൾ കർശനമാക്കുമെന്നും സൂചനയുണ്ട്. പല ബാങ്കുകളും നോൺ-ബാങ്കിങ് ഫിനാൻസ് കമ്പനികളും അവരുടെ ഫിൻടെക് പങ്കാളികളോട് ചെറിയ വ്യക്തിഗത വായ്പകൾ നൽകുന്നത് കുറയ്ക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. വ്യക്തിഗത വായ്പകളുടെ അനിയന്ത്രിതമായ വളർച്ചയിൽ റിസർവ് ബാങ്ക് കടുത്ത ആശങ്ക പ്രകടിപ്പിച്ചതിനെ തുടർന്ന് കഴിഞ്ഞ മാസം മുതൽ വ്യക്തിഗത വായ്പകൾ ലഭിക്കുന്നത് എളുപ്പമാകില്ല എന്ന വാർത്തകൾ വന്നിരുന്നു.