മാർച്ച് 31 ഞായറാഴ്ച ബാങ്കുകൾ പ്രവർത്തിക്കുമോ?
Mail This Article
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സർക്കാർ ബിസിനസുമായി ബന്ധപ്പെട്ട എല്ലാ ഏജൻസി ബാങ്കുകളോടും മാർച്ച് 31ന് ശാഖകൾ തുറന്ന് പ്രവർത്തിക്കാൻ അഭ്യർത്ഥിച്ചു. നടപ്പ് സാമ്പത്തിക വർഷത്തിന്റെ (2023-24) അവസാന ദിവസം ഞായറാഴ്ചയാണ്. നികുതി ആസൂത്രണം ലക്ഷ്യമിട്ട് നിക്ഷേപം നടത്താനുള്ള അവസാന ദിവസവും അന്നാണ്.
നികുതിദായകരെ സഹായിക്കാൻ, ആർബിഐ ഓഫീസുകളും സർക്കാർ ബാങ്കിങ് ബിസിനസ് നടത്തുന്ന ഏജൻസി ബാങ്കുകളുടെ എല്ലാ നിയുക്ത ശാഖകളും മാർച്ച് 31നു പ്രവർത്തിക്കും." 2024 മാർച്ച് 30നും 2024 മാർച്ച് 31നും ഈ ബാങ്കുകൾക്ക് സാധാരണ പ്രവൃത്തി സമയം ആയിരിക്കും. രണ്ട് ദിവസങ്ങളിലും നിശ്ചിത സമയം വരെ ഇലക്ട്രോണിക് ഇടപാടുകൾ നടത്താം," വാർത്താക്കുറിപ്പിൽ ആർബിഐ അറിയിച്ചു. എല്ലാ ബാങ്ക് ശാഖകളും ഇടപാടുകൾക്കായി തുറന്നിരിക്കില്ല, തിരഞ്ഞെടുത്ത ഏജൻസി ബാങ്കുകളുടെ ശാഖ മാത്രമേ 2024 മാർച്ച് 31 ഞായറാഴ്ച തുറന്ന് പ്രവർത്തിക്കൂ.
ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കാനറ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക് തുടങ്ങിയവയാണ് ആർബിഐയുടെ ഏജൻസി ബാങ്കുകൾക്ക് കീഴിൽ ലിസ്റ്റ് ചെയ്തിട്ടുള്ള പൊതുമേഖലാ ബാങ്കുകളിൽ ചിലത്. ആക്സിസ് ബാങ്ക്, സിറ്റി യൂണിയൻ ബാങ്ക്, ഡിസിബി ബാങ്ക്, ഫെഡറൽ ബാങ്ക് ലിമിറ്റഡ്, എച്ച്‌ഡിഎഫ്‌സി ബാങ്ക് ലിമിറ്റഡ്, ഐസിഐസിഐ ബാങ്ക് ലിമിറ്റഡ് എന്നിവയും ആർബിഐയുടെ ഏജൻസി ബാങ്കുകൾക്ക് കീഴിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്.